മുട്ടയിൽ വിരിയാൻ പാകത്തിൽ ദിനോസര്‍ ഭ്രൂണം; പഴക്കം 66 ദശലക്ഷം വര്‍ഷം; അതിശയകരമായ കണ്ടെത്തലെന്ന് ഗവേഷകര്‍

മുട്ടയിൽ വിരിയാൻ പാകത്തിൽ ദിനോസര്‍ ഭ്രൂണം; പഴക്കം 66 ദശലക്ഷം വര്‍ഷം; അതിശയകരമായ കണ്ടെത്തലെന്ന് ഗവേഷകര്‍

ബീജിങ്: 66 ദശലക്ഷം വര്‍ഷത്തോളം പഴക്കമുള്ള ദിനോസര്‍ ഭ്രൂണം ചൈനയില്‍നിന്ന് കണ്ടെത്തി. ഒരു കോഴിക്കുഞ്ഞിനെ പോലെ മുട്ടയ്ക്കുള്ളില്‍ നിന്ന് വിരിഞ്ഞിറങ്ങാന്‍ പാകത്തിലുള്ള ഭ്രൂണമാണ് നാശം സംഭവിക്കാത്ത രീതിയില്‍ ഗവേഷകര്‍ക്ക് കണ്ടെത്താന്‍ സാധിച്ചത്.

ചൈനയിലെ ഗാന്‍ഷൂ മേഖലയിലെ ക്രിറ്റേഷ്യസ് പാറകളില്‍ നിന്നാണ് ഭ്രൂണം കണ്ടെത്തിയത്. കുറഞ്ഞത് 66 ദശലക്ഷം വര്‍ഷം പഴക്കമാണ് കണക്കാക്കുന്നത്. ചരിത്രത്തില്‍ ഇതുവരെ ലഭിച്ചതില്‍ വെച്ച് ഏറ്റവും മികച്ച രീതിയില്‍ സംരക്ഷിക്കപ്പെട്ട ഭ്രൂണമാണ് ഇതെന്ന് ഗവേഷണ സംഘത്തിലെ ഡോ. ഫിയോണ്‍ വൈസം മാ പറയുന്നു.

'ബേബി യിങ്‌ലിയാങ്' എന്നാണ് ഭ്രൂണത്തിന് പേരിട്ടിരിക്കുന്നത്. ദിനോസറുകളും ആധുനിക പക്ഷികളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ ഇപ്പോള്‍ കണ്ടെത്തിയ ഭ്രൂണത്തിന് കഴിയുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്.

മുട്ടയ്ക്കുള്ളില്‍ പ്രത്യേക രീതിയില്‍ ചുരുണ്ടുകിടക്കുന്ന നിലയിലാണ് ഭ്രൂണം കണ്ടെത്തിയത്. 'ടക്കിങ്' എന്നാണ് ഈ രീതിയെ വിശേഷിപ്പിക്കുന്നത്. പക്ഷിക്കുഞ്ഞുങ്ങളും വിരിഞ്ഞിറങ്ങുന്നതിന് തൊട്ടുമുമ്പ് ഇതേ രീതിയിലാണ് കാണപ്പെടാറ്. ആധുനിക കാലത്തെ പക്ഷികളുടെ ഇത്തരം സവിശേഷതകള്‍ അവരുടെ ദിനോസര്‍ പൂര്‍വികരില്‍നിന്ന് തന്നെ പരിണമിച്ചിരുന്നുവെന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്ന് ഡോ. വൈസം മാ പറയുന്നു.

ഭ്രൂണം പല്ലില്ലാത്ത തെറോപോഡ് ദിനോസറിന്റേതോ ഓവിറാപ്‌റ്റോറൊസറിന്റെയോ ആണ്. 'മുട്ടക്കള്ളന്‍ പല്ലികള്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒവിറാപ്‌റ്റോറൊസറസ് ദിനോസറുകള്‍ തൂവലുകളുള്ളവയായിരുന്നു. 66 മുതല്‍ 100 ദശലക്ഷം വര്‍ഷം വരെയുള്ള ക്രറ്റേഷ്യസ് കാലഘട്ടത്തിന്റെ അവസാനത്തില്‍ ഇന്നത്തെ ഏഷ്യ, വടക്കേ അമേരിക്ക മേഖലകളില്‍ ഇവ ജീവിച്ചിരുന്നുവെന്നാണ് കണക്കാക്കുന്നത്.

ഏറ്റവും അതിശയകരമായ ദിനോസര്‍ ഫോസിലുകളില്‍ ഒന്ന്' എന്നാണ് ഗവേഷക സംഘത്തിലെ ഫോസില്‍ പഠന ശാസ്ത്രജ്ഞനായ പ്രഫ. സ്റ്റീവ് ബ്രുസാറ്റെ ട്വീറ്റ് ചെയ്തത്.


ഭ്രൂണത്തിന്റെ രൂപം കലാകാരന്റെ ഭാവനയില്‍

തലമുതല്‍ വാലുവരെ 27 സെ.മീ (10.6 ഇഞ്ച്) നീളമുള്ള ദിനോസര്‍ ഭ്രൂണം 17 സെ.മീ നീളമുള്ള മുട്ടയ്ക്കുള്ളിലായിരുന്നു സംരക്ഷിക്കപ്പെട്ടത്. 2000-ല്‍ കണ്ടെത്തിയ ഈ ദിനോസര്‍ മുട്ട യിങ് ലിയാങ് സ്റ്റോണ്‍ നേച്ചര്‍ ഹിസ്റ്ററി മ്യൂസിയത്തിലായിരുന്നു ഉണ്ടായിരുന്നത്. മ്യൂസിയം നവീകരണത്തിന്റെ ഭാഗമായി പഴയ ഫോസിലുകള്‍ വേര്‍തിരിക്കുമ്പോഴാണ് ഈ മുട്ട വീണ്ടും ശ്രദ്ധയില്‍പെടുന്നത്. മുട്ടയ്ക്കുള്ളില്‍ ഭ്രൂണമുണ്ടെന്ന നിഗമനത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.