2026 സീറോ മലബാർ ജൂബിലി കൺവെൻഷന് ചിക്കാ​ഗോയിൽ ഔദ്യോ​ഗിക തുടക്കം; മേജർ ആർച്ച് ബിഷപ്പ് ഉദ്ഘാടനം ചെയ്തു

2026 സീറോ മലബാർ ജൂബിലി കൺവെൻഷന് ചിക്കാ​ഗോയിൽ ഔദ്യോ​ഗിക തുടക്കം; മേജർ ആർച്ച് ബിഷപ്പ് ഉദ്ഘാടനം ചെയ്തു

ചിക്കാഗോ: 2026 സീറോ മലബാർ ജൂബിലി കൺവെൻഷൻ ചടങ്ങുകൾക്ക് ചിക്കാഗോയിലെ സെന്റ് തോമസ് സീറോ-മലബാർ കത്തീഡ്രലിൽ വർണാഭമായ തുടക്കം. വൈദികരെയും വിശ്വാസികളെയും സാക്ഷിയാക്കി മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പരിപാടി ഉദ്ഘാടനം ചെയ്തു.

വികാരി ജനറൽ ഫാ. തോമസ് കടുകപ്പിള്ളിൽ, ഫാ. ജോൺ മേലേപുരം എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന്റെ അധ്യക്ഷതയിൽ നടന്ന വിശുദ്ധ കുർബാനയിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.



'നിങ്ങൾ യേശുവിനെ സ്നേഹിക്കുന്നുവെങ്കിൽ അവന്റെ സഭ പണിയുന്നതിനായി അവനോടൊപ്പം പ്രവർത്തിക്കുക. ഈ സന്ദേശം 2026-ലെ ജൂബിലി കൺവൻഷന്റെ ആത്മാവിനൊപ്പം തികച്ചും ഒത്തുപോകുന്നതാണ്. ഈ സമ്മേളനം ഒരു ആഘോഷം മാത്രമല്ല – യുഎസിലെ സീറോ മലബാർ സഭയെ ഒന്നിപ്പിക്കുന്നതും ബലപ്പെടുത്തുന്നതുമായ ഒരു ആത്മീയ സമ്മേളനമാണ്.' - വിശുദ്ധ കുർബാനക്കിടെ നൽകിയ സന്ദേശത്തിൽ ആർച്ച് ബിഷപ്പ് പറഞ്ഞു.

ചിക്കാഗോ സിറോ മലബാർ രൂപത ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് ഹൃദയംഗമമായ സന്തോഷം പ്രകടിപ്പിക്കുകയും മുന്നോട്ടുള്ള യാത്രയ്ക്ക് ആശംസകൾ അർപ്പിക്കുകയും ചെയ്തു. ബിഷപ്പ് എമറിറ്റസ് മാർ ജേക്കബ് അങ്ങാടിയത്തും സമ്മേളനത്തിൽ പങ്കെടുത്തു.

രജിസ്ട്രേഷന്റെ ഔദ്യോഗിക ഉദ്ഘാടനമായിരുന്നു പരിപാടിയുടെ ഒരു പ്രധാന നാഴികക്കല്ല്. 125-ലധികം കുടുംബങ്ങൾ അവരുടെ രജിസ്ട്രേഷൻ ഫോമുകൾ മേജർ ആർച്ച് ബിഷപ്പിന് സമർപ്പിച്ചു. കൺവീനർ രാജി മാത്യു രജിസ്ട്രേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ജൂബിലി കൺവെൻഷൻ ചെയർമാൻ ജോസ് ചാമക്കാല രൂപതയുടെ 25 വർഷത്തെ വിശ്വാസത്തെയും പാരമ്പര്യത്തെയും പ്രകീർത്തിച്ച് സ്വാഗത പ്രസംഗം നടത്തി. ഈ ജൂബിലി ആഘോഷത്തിന്റെ ആത്മീയ പ്രാധാന്യവും അദേഹം ഊന്നിപ്പറഞ്ഞു.

കൺവെൻഷൻ ചെയർമാൻ ബിജി സി മാണി, ഫിനാൻസ് ചെയർമാൻ ആൻഡ്രൂ പി. തോമസ് സിപിഎ, ഫെസിലിറ്റീസ് ചെയർമാൻ ജോണി വടക്കുംചേരി എന്നിവർ സംഘാടക സമിതിക്ക് ചുക്കാൻപിടിച്ചു.

പങ്കെടുക്കാനെത്തിയ കുടുംബങ്ങളെ യൂത്ത് ലീഡർ ഡേവിഡ് ജോസഫ് വേദിയിലേക്ക് സ്വാഗതം ചെയ്തു. പബ്ലിക് റിലേഷൻസ് ചെയർമാനും മാസ്റ്റർ ഓഫ് സെറിമണിയുമായ സജി വർഗീസ് കാവാലം പരിപാടികൾക്ക് നേത‍ൃത്വം നൽകി.

പരിപാടിയുടെ വിജയത്തിനായി സ്പോൺസർമാരായ ഫെബിൻ & ലിസ് മൂത്തേരിൽ (President & CEO of XeV LLC, Energativ Solutions LLC) എന്നിവർ നൽകിയ സംഭാവനകൾ ചടങ്ങിൽവെച്ച് ബന്ധപ്പെട്ടവർക്ക് കൈമാറി.

നൂറുകണക്കിന് സമൂഹാംഗങ്ങൾ സന്തോഷത്തിലും ഒരുമയിലും ഒത്തുചേർന്ന സ്നേഹവിരുന്നും ഉണ്ടായിരുന്നു. വരാനിരിക്കുന്ന 2026 സീറോ മലബാർ ജൂബിലി കൺവെൻഷൻ ചിക്കാഗോയിലെ മക്കോർമിക് പ്ലേസിൽ നടക്കും. ഇത് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സീറോ മലബാർ സമ്മേളനമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വിശദാംശങ്ങൾക്കും രജിസ്ട്രേഷനും സന്ദർശിക്കുക: www.SyroConvention.org


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.