കൊച്ചി: കമ്പനിയുടെ സാമ്പത്തികാവസ്ഥ മോശമായാലും തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി നിഷേധിക്കാനും വൈകിപ്പിക്കാനുമാകില്ലെന്ന് ഹൈക്കോടതി. തൊഴിലാളി അപേക്ഷിച്ചാലും ഇല്ലെങ്കിലും ഗ്രാറ്റുവിറ്റി നൽകാൻ തൊഴിലുടമയ്ക്കു ബാധ്യതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.
വിരമിക്കുന്നതോ പിരിച്ചു വിടുന്നതോ ആയ ജീവനക്കാരനു ഗ്രാറ്റുവിറ്റി നൽകണമെന്നു ഗ്രാറ്റുവിറ്റി നിയമത്തിലെ ഏഴ് (2) വകുപ്പനുസരിച്ച് വ്യവസ്ഥയുണ്ട്. അപേക്ഷിക്കാനുള്ള സമയപരിധി അതിന് ബാധകമല്ല. അപേക്ഷ ഇല്ലെങ്കിലും ഗ്രാറ്റുവിറ്റി തിട്ടപ്പെടുത്തി നൽകാൻ തൊഴിലുടമയ്ക്കു ബാധ്യതയുണ്ടെന്നുള്ള ‘കേരള സംസ്ഥാന സഹകരണ ബാങ്ക് കേസി’ലെ വിധി കോടതി ചൂണ്ടിക്കാട്ടി.
വൈകി നൽകിയ അപേക്ഷ അനുവദിച്ച് ഗ്രാറ്റുവിറ്റി വിതരണം ചെയ്യാൻ കോട്ടയത്തെ ഡപ്യൂട്ടി ലേബർ കമ്മിഷണർ ഉത്തരവിട്ടതിനെതിരെ നാട്ടകം ട്രാവൻകൂർ സിമന്റ്സ് നൽകിയ ഹർജി തള്ളിക്കൊണ്ടാണു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്. അപേക്ഷ വൈകിയെന്നും മതിയായ കാരണമില്ലാതെ ഗ്രാറ്റുവിറ്റി നിയന്ത്രണ അധികാരി അതു വകവച്ചു നൽകിയെന്നും പറഞ്ഞ് ഇടപെടാനാവില്ലെന്നു കോടതി വ്യക്തമാക്കി.
കമ്പനിയിൽ നിന്ന് 2019 ൽ വിരമിച്ച ഏതാനും ജീവനക്കാരാണ് ഗ്രാറ്റുവിറ്റി നിയന്ത്രണ അധികാരിയായ ഡപ്യൂട്ടി ലേബർ കമ്മിഷണർക്കു പരാതി നൽകിയത്. അപേക്ഷ നൽകാൻ വൈകിയതു വകവച്ചു നൽകിക്കൊണ്ട് ഗ്രാറ്റുവിറ്റി തുക നൽകണമെന്ന് ഉത്തരവിട്ടതു ചോദ്യം ചെയ്താണു ഹർജി.
സാമ്പത്തിക സ്ഥിതി മോശമാണെന്നു കമ്പനി വാദിച്ചു. എന്നാൽ സ്ഥാപനത്തിലെ സാമ്പത്തിക ഞെരുക്കത്തിന്റെ പേരിൽ തൊഴിലാളികൾക്കു പ്രയോജനകരമായ ഒരു നിയമത്തിന്റെ ഘടന മാറ്റിമറിക്കാനാവില്ലെന്നു കോടതി പറഞ്ഞു. റിട്ട് അധികാരത്തിൽ ഇടപെടേണ്ടതില്ല. നിയന്ത്രണ അധികാരിയുടെ ഉത്തരവിൽ പരാതി ഉണ്ടെങ്കിൽ ചട്ടപ്രകാരം അപ്പീൽ അധികാരിയെ സമീപിക്കാമെന്നും വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.