നാല്‍പ്പത്തിനാലുകാരന്‍ തട്ടിക്കൊണ്ടു പോയി മതം മാറ്റി വിവാഹം കഴിച്ച 13 കാരി പാകിസ്ഥാനി ക്രിസ്ത്യന്‍ പെണ്‍കുട്ടി മോചിതയായി വീട്ടിലെത്തി

നാല്‍പ്പത്തിനാലുകാരന്‍ തട്ടിക്കൊണ്ടു പോയി മതം മാറ്റി വിവാഹം കഴിച്ച 13 കാരി പാകിസ്ഥാനി ക്രിസ്ത്യന്‍ പെണ്‍കുട്ടി മോചിതയായി വീട്ടിലെത്തി

കറാച്ചി: നാല്‍പ്പത്തിനാലുകാരന്‍ തട്ടിക്കൊണ്ടുപോയി ബലമായി ഇസ്ലാമിലേക്ക് മതം മാറ്റി വിവാഹം കഴിച്ച ആര്‍സു രാജയെന്ന പതിമൂന്നുകാരി പാകിസ്ഥാനി ക്രിസ്ത്യന്‍ പെണ്‍കുട്ടി ഒടുവില്‍ സ്വന്തം വീട്ടില്‍ തിരിച്ചെത്തി. 2020 ഒക്ടോബറിലാണ് ആര്‍സുവിനെ അസ്ഹര്‍ അലി എന്നയാള്‍ തട്ടിക്കൊണ്ടുപോയി മതം മാറ്റി നിര്‍ബന്ധപൂര്‍വ്വം വിവാഹം കഴിച്ചത്.

ഇപ്പോള്‍ പതിനാലു വയസുള്ള ആര്‍സുവിന്റെ കുടുംബത്തിന്റെ അപ്പീലിന്മേല്‍ സിന്ധ് പ്രവിശ്യാ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് ആര്‍സുവിന് സ്വന്തം വീട്ടിലെത്താനായത്. അന്താരാഷ്ട്ര തലത്തിലും സമൂഹമാധ്യമങ്ങളിലും വളരെയേറെ ചര്‍ച്ചയായ ഒരു സംഭവമായിരുന്നു ഇത്. കോടതി ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി പാനാ ഗായിലെ സര്‍ക്കാര്‍ അഭയ കേന്ദ്രത്തില്‍ താമസിച്ചു വരികയായിരുന്നു ആര്‍സു.

ആര്‍സുവിന്റെ കുടുംബം അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് ഡിസംബര്‍ 22 ന് രാവിലെ നടന്ന വിചാരണക്കിടയില്‍ മാതാപിതാക്കളുടെ കൂടെ പോകുവാന്‍ താല്‍പ്പര്യമുണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് പെണ്‍കുട്ടി ശക്തമായ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു. മതപരിവര്‍ത്തനത്തെ കുറിച്ചുള്ള ചോദ്യത്തിന് തന്റെ ഇഷ്ടപ്രകാരമായിരുന്നില്ല മതപരിവര്‍ത്തനമെന്നും ആര്‍സു കോടതിയെ അറിയിച്ചു. മകളെ തങ്ങളുടെ വീട്ടിലേക്ക് സന്തോഷത്തോടെ സ്വാഗതം ചെയ്യുകയാണെന്ന് ആര്‍സുവിന്റെ മാതാപിതാക്കള്‍ കോടതിയില്‍ ബോധിപ്പിച്ചു.

വിചാരണ വേളയില്‍ കോടതിയില്‍ സന്നിഹിതനായിരുന്ന 'ക്രിസ്റ്റ്യന്‍ പീപ്പിള്‍സ് അലയന്‍സ്' പ്രസിഡന്റ് ദിലാവര്‍ ഭട്ടി കോടതി വിധിയെ സ്വാഗതം ചെയ്തു. പാക്കിസ്ഥാനില്‍ തട്ടിക്കൊണ്ടു പോകലിനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും നിരവധി ക്രിസ്ത്യന്‍ പെണ്‍കുട്ടികളാണ് ഓരോ വര്‍ഷവും ഇരകളാകുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.