റിച്ച്മണ്ടിലെ ലീ പ്രതിമയുടെ പീഠത്തിനടിയിലെ പേടകത്തില്‍ കണ്ടെത്തിയത് 1865-ലെ പത്രങ്ങള്‍, ബൈബിള്‍ ...

 റിച്ച്മണ്ടിലെ ലീ പ്രതിമയുടെ പീഠത്തിനടിയിലെ പേടകത്തില്‍  കണ്ടെത്തിയത് 1865-ലെ പത്രങ്ങള്‍, ബൈബിള്‍ ...

റിച്ച്മണ്ട്: വിര്‍ജീനിയ സംസ്ഥാനത്തിന്റെ തലസ്ഥാന നഗരമായ റിച്ച്മണ്ടില്‍ നീക്കം ചെയ്യപ്പെട്ട റോബര്‍ട്ട് ഇ ലീ പ്രതിമയുടെ പീഠത്തിനടിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ രണ്ടാമത്തെ പേടകത്തിലുള്ളത് 1865-ലെ പത്രങ്ങള്‍, പുസ്തകങ്ങള്‍, നാണയങ്ങള്‍, വെടിയുണ്ട, ബൈബിള്‍,കത്തുകള്‍ തുടങ്ങിയവ. ഈര്‍പ്പം മൂലം വികസിച്ച് ജീര്‍ണ്ണാവസ്ഥയിലായ ഇവ കേടുപറ്റാതെ പുറത്തെടുക്കാനുള്ള ക്ലേശകരമായ യത്‌നത്തിലാണ് പുരാവസ്തു വിദഗ്ധര്‍.

എബ്രഹാം ലിങ്കന്റെ ശവകുടീരത്തിന് മുകളില്‍ കരയുന്ന ഒരാളുടെ ചിത്രമുള്ള 1865-ലെ ഹാര്‍പേഴ്സ് വീക്ക്ലിയുടെ പതിപ്പ് വലിയ കേടുപാടില്ലാത്ത നിലയിലാണ്. ഒരു നാണയം ഒട്ടിച്ച ബൈബിള്‍,റിച്ച്മണ്ട് ഡയറക്ടറി എന്നിവയും കണ്ടെത്തി. അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തില്‍ സാധാരണയായി ഉപയോഗിച്ചിരുന്ന 'മിനി ബോള്‍ ' എന്നു പേരുള്ള ബുള്ളറ്റാണ് മറ്റൊന്ന്.

വിര്‍ജീനിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹിസ്റ്റോറിക് റിസോഴ്സസ് (ഡിഎച്ച്ആര്‍) കണ്‍സര്‍വേറ്റര്‍മാര്‍ അതീവ ജാഗ്രതയോടെയാണ് ചെമ്പ് പെട്ടി തുറന്നത്. പെട്ടിക്കുള്ളില്‍ വെള്ളം കയറിയിരുന്നു.'ഞങ്ങള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ഈര്‍പ്പമുണ്ട്.'-ഡിഎച്ച്ആറിന്റെ കണ്‍സര്‍വേഷന്‍ ലാബില്‍ പെട്ടി തുറക്കുന്നതിന് നേതൃത്വം നല്‍കിയ വിര്‍ജീനിയയിലെ പുരാവസ്തു കണ്‍സര്‍വേറ്റര്‍ കേറ്റ് റിഡ്ജ്വേ പറഞ്ഞു.

നേരത്തെ ഇതേ സ്ഥാനത്തുനിന്ന് ആദ്യത്തെ പെട്ടി ലഭിച്ചിരുന്നു. കറുത്തീയം കൊണ്ടു നിര്‍മ്മിച്ച ആ പെട്ടിയില്‍ ഉണ്ടായിരുന്നത് 1875-ലെ ഒരു പഞ്ചാംഗം, ഏതാനും ജീര്‍ണ്ണിച്ച പുസ്തകങ്ങള്‍, ഒരു നാണയം, ഒരു തുണി സഞ്ചി എന്നിവയായിരുന്നു. ലീ പ്രതിമ നിലനിന്നിരുന്ന സ്ഥലത്താണ് രണ്ട പെട്ടികളും കണ്ടെത്തിയതെന്ന് വിര്‍ജീനിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹിസ്റ്റോറിക് റിസോഴ്സ് വക്താവ് പറഞ്ഞു.


36 പൗണ്ട് ഭാരമുള്ളതാണ് ചെമ്പ് പെട്ടിയെന്ന് ഡിഎച്ച്ആര്‍ ഡയറക്ടര്‍ ജൂലി ലംഗന്‍ പറഞ്ഞു. 13.5 ഇഞ്ച് സമചതുരത്തില്‍ 7.5 ഇഞ്ച് ഉയരം.വീണ്ടെടുക്കല്‍ പ്രക്രിയയോടെ പെട്ടി 'സൂപ്പ്' ആകുമെന്ന് ഞങ്ങള്‍ കരുതി, പക്ഷേ വലിയ കുഴപ്പമുണ്ടായില്ല- കേറ്റ് റിഡ്ജ്വേ അറിയിച്ചു.റിച്ച്മണ്ടിലെ ബോംബ് സ്‌ക്വാഡ് ആദ്യമേ എത്തി സുരക്ഷിത്വം ഉറപ്പുവരുത്തിയിരുന്നു.

വിര്‍ജീനിയ ഗവര്‍ണര്‍ റാല്‍ഫ് നോര്‍ത്താമിന്റെ ഓഫീസില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പ് പ്രകാരം ഡിസംബര്‍ 17 ന് തൊഴിലാളികള്‍ റിച്ച്മണ്ടിലെ പ്രതിമയുടെ 40 അടി പീഠം പൊളിക്കുന്നതിനിടെയാണ് ആദ്യത്തെ പെട്ടി കണ്ടെത്തിയത്. സെപ്തംബറില്‍ നീക്കം ചെയ്ത കുതിരപ്പുറത്തുള്ള ലീയുടെ 12 ടണ്‍ ഭാരമുള്ള പ്രതിമ കോണ്‍ഫെഡറസിയുടെ മുന്‍ തലസ്ഥാനമായ റിച്ച്മണ്ടിലെ വംശീയ നീതിക്കെതിരായ പ്രതിഷേധങ്ങളുടെ കേന്ദ്രബിന്ദുവായിരുന്നു.

1887 ഒക്ടോബര്‍ 27 നാണ് പ്രതിമാ പീഠത്തില്‍ പെട്ടികള്‍ സ്ഥാപിച്ചതെന്ന് ചരിത്രകാരന്മാര്‍ കണ്ടെത്തിയിരുന്നു. 37 റിച്ച്മണ്ട് നിവാസികള്‍ സംഭാവന ചെയ്ത 60 ഓളം ഇനങ്ങള്‍ ആണ് പെട്ടകളില്‍ ഉള്‍ക്കൊള്ളിച്ചത്. അവയില്‍ പലതും കോണ്‍ഫെഡറസിയുമായി ബന്ധപ്പെട്ടതാണെന്ന് ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. പ്രതിമ നീക്കം ചെയ്യപ്പെട്ട സ്മാരകം എന്തുചെയ്യണമെന്ന് അധികൃതര്‍ തീരുമാനിക്കുന്നത് വരെ പീഠം സൂക്ഷിക്കാനാണ് സംസ്ഥാനം ഉഗദ്ദേശിക്കുന്നത്.


റോബര്‍ട്ട് ഇ ലീ പ്രതിമ നീക്കാനുള്ള തീരുമാനത്തിനെതിരെ അഞ്ചു വര്‍ഷം മുമ്പ് പ്രചണ്ഡമായ പ്രക്ഷോഭം അരങ്ങേറിയിരുന്നു. രാജ്യത്തെ ജനങ്ങളില്‍ ഒരുവിഭാഗം മറക്കാനാഗ്രഹിക്കുന്ന ചരിത്രത്തെ ഓര്‍മയില്‍ നിലനിര്‍ത്താനുള്ള ഒരുസംഘമാളുകളുടെ മനഃപൂര്‍വമുള്ള ശ്രമമാണ് പ്രതിഷേധത്തിനു പിന്നിലെന്ന ആരോപണവും തീവ്രമായിരുന്നു. നിറത്തിന്റെ പേരില്‍ മാത്രം, ചന്തയില്‍ വില്‍ക്കാനും കഠിനജോലികള്‍ ചെയ്യിക്കാനുമുള്ള ചരക്കായി കണക്കാക്കപ്പെട്ടവരുടെ ചരിത്രത്തെ അവര്‍ ആദരിക്കാത്തതിനെതിരെയും വിമര്‍ശനമുയര്‍ന്നു.

അടിമവില്‍പ്പനയ്ക്കുള്ള അവകാശത്തിന്റെ പേരില്‍ സ്വയമൊരു ഭരണക്രമം സൃഷ്ടിച്ചു പിരിഞ്ഞുപോയ 11 സംസ്ഥാനങ്ങളുടെ ചരിത്രം കൂടിയാണു കോണ്‍ഫെഡറസി. ആ കോണ്‍ഫെഡറേറ്റ് സംസ്ഥാനങ്ങളുടെ രൂപവത്കരണത്തിനും നിലനില്‍പ്പിനും യത്‌നിച്ചവരുടെ പ്രതിമകള്‍ നീക്കുന്നതിനെച്ചൊല്ലിയായിരുന്നു വംശവെറിയുടെ നിറമാര്‍ന്ന സംഘര്‍ഷങ്ങള്‍. വെര്‍ജീനിയയിലെ ഷാര്‍ലറ്റ്‌സിവിലില്‍ നടന്ന റാലികളും അക്രമവും രക്തച്ചൊരിച്ചിലില്‍ കലാശിച്ചു.

'വെളുത്ത ജീവനുമുണ്ട് വില'


വലത് ഐക്യറാലി (യുണൈറ്റ് ദ റൈറ്റ്) എന്നായിരുന്നു ഷാര്‍ലറ്റസ്‌വിലിലെ റാലിയുടെ പേര്. തൊലി വെളുത്തവന്റെ പ്രാമാണ്യതയില്‍ വിശ്വസിക്കുന്നവരും നവനാസികളും വെള്ളക്കാരായ ദേശീയവാദികളും പുത്തന്‍ കോണ്‍ഫെഡറേറ്റിനായി വാദിക്കുന്നവരും തുടങ്ങി തീവ്രവലതുപക്ഷക്കാരുടെ വലിയൊരു സംഘമാണ് റാലി നടത്തിയത്. ആയുധങ്ങള്‍ക്കും മുസലിം - ജൂതവിരുദ്ധ ബാനറുകള്‍ക്കുമൊപ്പം നാസിചിഹ്നമായ സ്വസ്തികയും കോണ്‍ഫെഡറേറ്റിന്റെ പതാകകളും ഇവര്‍ ഏന്തിയിരുന്നു.

'ട്രംപ്/പെന്‍സ് അമേരിക്കയെ വീണ്ടും മഹത്തരമാക്കൂ' എന്നെഴുതിയ ഫലകങ്ങളും അവരുടെ കൈയിലുണ്ടായിരുന്നു. അമേരിക്കയെ വീണ്ടും മഹത്തരമാക്കും എന്നത് പ്രസിഡന്റ് ആകും മുമ്പേ ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തിയ മുദ്രാവാക്യമായിരുന്നു. സ്വതന്ത്ര പത്രപ്രവര്‍ത്തകനും ഹൗ പ്രൗഡ് ബോയ്‌സ് എന്ന തീവ്രദേശീയ സംഘത്തിലെ അംഗവുമായ ജെയ്‌സണ്‍ കെസ്ഷലറായിരുന്നു റാലിയുടെ സംഘാടകന്‍. 'കറുത്തജീവനും വിലയുണ്ട് 'എന്ന ആഫ്രിക്കന്‍-അമേരിക്കന്‍ അവകാശസംരക്ഷണ മുദ്രാവാക്യത്തിനു ബദലായി 'വെളുത്ത ജീവനും വിലയുണ്ട് 'എന്ന മുദ്രാവാക്യം റാലിയില്‍ ഉയര്‍ന്നു.


കോണ്‍ഫെഡറേറ്റ് ജനറലായിരുന്ന റോബര്‍ട്ട് എഡ്വേഡ് ലീയുടെ പ്രതിമ ഷാര്‍ലറ്റ്‌സ്‌വിലിലെ പാര്‍ക്കില്‍നിന്ന് നീക്കംചെയ്യാന്‍ അധികൃതര്‍ തീരുമാനിച്ചതുമുതല്‍ തുടങ്ങിയതായിരുന്നു പ്രതിഷേധം. ഒന്നര നൂറ്റാണ്ടുമുമ്പ് അവസാനിച്ച ആഭ്യന്തരയുദ്ധത്തിന്റെ അവശേഷിപ്പുകളിലൊന്നായിരുന്നു ഈ പ്രതിമ. അടിമകളുടെ മോചനം ലക്ഷ്യമായി പ്രഖ്യാപിച്ച് എബ്രഹാം ലിങ്കണ്‍ അധികാരത്തിലേറിയശേഷം 1861-ലാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയില്‍നിന്നു പിരിഞ്ഞ് 11 സംസ്ഥാനങ്ങള്‍ ചേര്‍ന്ന് കോണ്‍ഫെഡറസിയുണ്ടാക്കിയത്. 1865 വരെ നീണ്ടുനിന്ന ആഭ്യന്തരയുദ്ധം ഇതിന്റെ ഫലമായിരുന്നു. പോരടങ്ങിയപ്പോള്‍ കോണ്‍ഫെഡറസിയുടെ പ്രസിഡന്റ് ജെഫേഴസണ്‍ ഡേവിസ് പിടിയിലായി. ജനറല്‍ റോബര്‍ട്ട് ലീ കീഴടങ്ങി.

2015-നുശേഷം അറുപതോളം കോണ്‍ഫെഡറസി ചിഹ്നങ്ങള്‍ നീക്കംചെയ്യുകയോ പേരുമാറ്റുകയോ ചെയ്തു.
വിഭജിതകാലത്തിന്റെ അടയാളങ്ങളെല്ലാം ആഫ്രിക്കന്‍-അമേരിക്കക്കാരുടെ അടിച്ചമര്‍ത്തലിന്റെ ചരിത്രത്തെ ഓമനിക്കലാണെന്ന വാദത്തിന്റെ അനന്തര ഫലമായിരുന്നു ലീയുടെ പ്രതിമ നീക്കണമെന്ന ആവശ്യം. എന്നാല്‍, ലീയുടേതടക്കമുള്ള പ്രതിമകളൊന്നും കോണ്‍ഫെഡറസിയുടെ കാലത്ത് ഉണ്ടാക്കിയതായിരുന്നില്ല. 1924-ലാണ് ലീയുടെ പ്രതിമ ഷാര്‍ലറ്റ്‌സ്‌വിലില്‍ സ്ഥാപിച്ചത്. 109 പബ്ലിക് സ്‌കൂളുകള്‍ക്കും 80 പട്ടണങ്ങള്‍ക്കും 10 യു.എസ്. സേനാതാവളങ്ങള്‍ക്കുംവരെ അക്കാലത്തെ പ്രമുഖരുടെ പേരുകളിട്ടു. അടിമക്കച്ചവടം നടത്തിയിരുന്ന സമ്പന്നരുടെ പിന്മുറക്കാര്‍ പില്‍ക്കാലം നിര്‍മിച്ചതാണ് ഇവയില്‍ ചിലത്. ഇവര്‍ നല്‍കിയ കനത്ത സംഭാവനകള്‍ക്കുള്ള ആദരമായി അധികൃതര്‍ നല്‍കിയതാണ് സര്‍വകലാശാലാ കെട്ടിടങ്ങള്‍ക്കും മറ്റുമുള്ള പേര്. ഇത്തരം 1053 സ്മാരകങ്ങളുണ്ടെന്നാണ് പൗരാവകാശ നിരീക്ഷണ സ്ഥാപനമായ സതേണ്‍ പോവര്‍ട്ടി ലോ സെന്റര്‍ കണ്ടെത്തിയത്.

മുങ്ങിപ്പൊങ്ങി വംശീയത

സൗത്ത് കരോലിനയിലെ ചാള്‍സ്റ്റണില്‍ പള്ളിയില്‍ ആക്രമണം നടത്തിയ വംശീയ വാദി ഒമ്പത് ആഫ്രിക്കന്‍-അമേരിക്കക്കാരെ വധിച്ചത് 2015 ജൂണിലാണ്. ഡിലന്‍ റൂഫ് എന്ന അക്രമി കോണ്‍ഫെഡറേറ്റ് പതാകയുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. ഇതോടെയാണ് കോണ്‍ഫെഡറസിയുമായി ബന്ധമുള്ള സകലതും നീക്കംചെയ്യണമെന്ന ആവശ്യമുയര്‍ന്നത്. അപ്പോഴേക്കും ബരാക് ഒബാമ എന്ന കറുത്ത പ്രസിഡന്റിനെ അംഗീകരിക്കാനാവാതെ വെള്ളക്കാരുടെ സംഘങ്ങള്‍ ദേശീയവാദമുയര്‍ത്തി വളര്‍ന്നുപെരുകിയിരുന്നു. 2008-ല്‍ ഒബാമ ആദ്യം അധികാരമേല്‍ക്കുമ്പോള്‍ ഇവയുടെ എണ്ണം 149 ആയിരുന്നു. 2015 ആയപ്പോഴേയ്ക്കും 998 ആയി വളര്‍ന്നു.

ചാള്‍സ്റ്റണില്‍ മാത്രമല്ല, ഫെര്‍ഗൂസണ്‍, ഡാലസ്, ബാള്‍ട്ടിമോര്‍, ബാറ്റണ്‍ റൂഷ്, സെയന്റ് പോള്‍, അലക്‌സാന്‍ഡ്രിയ തുടങ്ങിയിടത്തെല്ലാം നടന്നത് വംശീയതയിലൂന്നിയ ആക്രമണങ്ങളായിരുന്നു. വീണ്ടും തഴയ്ക്കുന്ന വംശവെറി അമേരിക്കയെ എത്രമാത്രം വിഭജിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് ഷാര്‍ലറ്റ്‌വില്‍ എന്ന ആശങ്ക അതോടെ തീവ്രമായി. ഡൊണാള്‍ഡ് ട്രംപിന്റെ പ്രസിഡന്റ് പദവി അതിന് വളവുമായി. ഷാര്‍ലറ്റ്‌സ്‌വില്‍സംഭവത്തെ ശക്തമായ ഭാഷയില്‍ അപലപിക്കാതിരുന്ന അദ്ദേഹം, ഇരുഭാഗത്തിന്റെ പക്കലും തെറ്റുണ്ടെന്നാണ് പ്രഖ്യാപിച്ചത്. വ്യാപകവിമര്‍ശനത്തിന് വഴിവെച്ച ഈ പ്രസ്താവനയെ കു ക്ലക്‌സ് ക്ലാന്റെ മുന്‍ നേതാവ് ഡേവിഡ് ഡ്യൂക്ക് നന്ദിപൂര്‍വമാണ് സ്വാഗതം ചെയ്തത്. യാഥാര്‍ഥ്യം തുറന്നുപറയാനുള്ള സത്യസന്ധതയും ധൈര്യവും കാട്ടിയതിനായിരുന്നു നന്ദി.

മറ്റൊരു ചര്‍ച്ചയ്ക്കുകൂടി ട്രംപ് മൂര്‍ച്ചകൂട്ടി. കോണ്‍ഫെഡറേറ്റ് സ്മാരകങ്ങളുടെ ചരിത്രപരമായ പ്രസക്തിയെക്കുറിച്ച് വര്‍ഷങ്ങളായി നിലനിന്നിരുന്ന ചര്‍ച്ചയാണത്. 'ജോര്‍ജ് വാഷിങ്ടണ്‍ ഒരു അടിമയുടമയായിരുന്നു. ജോര്‍ജ് വാഷിങ്ടണിന്റെ പ്രതിമകള്‍ നമ്മള്‍ നീക്കംചെയ്യാന്‍ പോവുകയാണോ? ... നിങ്ങള്‍ ചരിത്രത്തെ മാറ്റാന്‍ നോക്കുകയാണ്. സംസ്‌കാരത്തെയും.'എന്നാണ് അദ്ദേഹം പറഞ്ഞത്.

തീവ്രവലതുപക്ഷക്കാരും ഇതു തന്നെ പറഞ്ഞു. കോണ്‍ഫെഡറേറ്റ് സംസ്ഥാനങ്ങളുടെ യുദ്ധപതാകയും സ്മാരകങ്ങളും നിലനിര്‍ത്തുന്നത് ചരിത്രവും സംസ്‌കാരവും സംരക്ഷിക്കാനാണെന്ന് ഇവര്‍ വാദിക്കുന്നു. ചരിത്രത്തിന്റെ ഓര്‍മ നിലനിര്‍ത്തുക എന്ന സദുദ്ദേശ്യമല്ല സ്മാരകങ്ങള്‍ക്കു പിന്നില്‍ എന്നാണ് മറുവിഭാഗം പറയുന്നത്. വെള്ളക്കാരന്റെ മേല്‍ക്കൈ ഉറപ്പിക്കുക മാത്രമാണ് ഇവയുടെ ലക്ഷ്യമെന്നറിഞ്ഞുകൊണ്ട് അജ്ഞതനടിക്കുകയാണ് മറുഭാഗം എന്നാണ് ഇവരുടെ വാദം.

മാരിസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പബ്ലിക് ഒപ്പീനിയന്‍ എന്ന സ്ഥാപനം നടത്തിയ സര്‍വേ ഇതിനിടെ ചൂണ്ടുപലകയായി. ആഭ്യന്തരയുദ്ധകാലത്തെ സ്മാരകങ്ങള്‍ നിലനിര്‍ത്തണമോ എന്നതായിരുന്നു ചോദ്യം. ചരിത്രപ്രതീകങ്ങളെന്ന നിലയില്‍ ഇവയെ നിലനിര്‍ത്തണമെന്നാണ് 62 ശതമാനം അമേരിക്കക്കാരും പറഞ്ഞത്. സര്‍വേയില്‍ പങ്കെടുത്ത ആഫ്രിക്കന്‍-അമേരിക്കക്കാരില്‍ 44 ശതമാനം പേര്‍ പറഞ്ഞതും ഇതേ അഭിപ്രായമായിരുന്നു. എന്നിട്ടും ലീയുടെ അശ്വാരൂഢ പ്രതിമ നീക്കം ചെയ്യപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.