കൊച്ചി: കേരളത്തിലെ ആരോഗ്യ മേഖലയില്‍ അടിസ്ഥാനപരമായ മാറ്റമുണ്ടാക്കുക എന്നതാണ് ലക്ഷ്യമെന്നും അതിന്റെ ഭാഗമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ വിദഗ്ദ ചികിത്സ കേന്ദ്രങ്ങളില്‍ വരെ സമഗ്രമായി ഇടപെട്ടു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് നടപ്പാക്കുന്നതെന്നും ആരോഗ്യ മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍. സംസ്ഥാനത്തെ 38 പ്രഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്ന ചടങ്ങ് ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യ മേഖലയില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് പ്രത്യേക പരിഗണനയാണ് നല്‍കുന്നതെന്നും അവിടെ എല്ലാ ആളുകളെയും തന്നെ ശ്രദ്ധിക്കാനായാല്‍ ആരോഗ്യ മേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് ഏറ്റവും അപകടകരമായ സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. ജീവിതശൈലീ രോഗങ്ങളും ഉയര്‍ന്ന ജനസാന്ദ്രതയും പ്രായമായ ആളുകളുടെ എണ്ണത്തിലുള്ള വര്‍ധനയുമാണ് അതിനു കാരണം. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഇപ്പോള്‍ മാതൃകാപരമായ സേവനമാണ് കാഴ്ച വെക്കുന്നതെന്നും മന്ത്രി പറഞ്ഞു. മൂന്ന് ഡോക്ടര്‍മാരുടെ സേവനം, മികച്ച സൗകര്യങ്ങളോടു കൂടിയ ലാബ്, ഇമ്മ്യൂണൈസേഷന്‍ മുറികള്‍, കാത്തിരുപ്പു സ്ഥലങ്ങള്‍, മുലയൂട്ടല്‍ കേന്ദ്രം എന്നിവയും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v