ഒമിക്രോണില്‍ റെക്കോര്‍ഡ് വര്‍ധന; കഴിഞ്ഞയാഴ്ചയെ അപേക്ഷിച്ച് പ്രതിവാര നിരക്കില്‍ 11 % കൂടുതലെന്ന് ലോകാരോഗ്യ സംഘടന

ഒമിക്രോണില്‍ റെക്കോര്‍ഡ് വര്‍ധന; കഴിഞ്ഞയാഴ്ചയെ അപേക്ഷിച്ച് പ്രതിവാര നിരക്കില്‍ 11 % കൂടുതലെന്ന് ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി: ആഗോള തലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒമിക്രോണ്‍ കേസുകളുടെ എണ്ണം കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 11 ശതമാനം വര്‍ധിച്ചതായി ലോകാരോഗ്യ സംഘടന. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കേസുകളുള്ളത്.

ഡിസംബര്‍ 20 മുതല്‍ 26 വരെ ലോകമെമ്പാടും ഏകദേശം 4.99 ദശ ലക്ഷം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം യു.എന്‍ ഹെല്‍ത്ത് ഏജന്‍സി അവസാനം പുറത്തിറക്കിയ പ്രതിവാര റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

യൂറോപ്പില്‍ ആകെ 2.84 ദശലക്ഷം കോവിഡ് ബാധിതരുണ്ട്. മുന്‍ ആഴ്ചയെ അപേക്ഷിച്ച് ഇത് മൂന്ന് ശതമാനം വര്‍ധനവ്. എന്നാല്‍, 100,000 പേര്‍ക്ക് 304.6 പുതിയ കേസുകള്‍ ഉള്ളതിനാല്‍ ഏറ്റവും ഉയര്‍ന്ന അണുബാധ നിരക്ക് ഇവിടെയുണ്ടെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.

അമേരിക്കയിലെ പുതിയ കേസുകള്‍ 39 ശതമാനം വര്‍ധിച്ച് ഏകദേശം 1.48 ദശലക്ഷത്തില്‍ എത്തി. 1,00,000 പേര്‍ക്ക് 144.4 പുതിയ കേസുകള്‍ ഉള്ള രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന രാജ്യം അമേരിക്ക ആണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.

എന്നാല്‍, ആഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ കേസുകള്‍ ഏഴ് ശതമാനം ഉയര്‍ന്ന് 2,75,000 ആയി. പുതിയ വകഭേദമായ ഒമൈക്രോണുമായി ബന്ധപ്പെട്ട് മൊത്തത്തില്‍ ഉള്ള അപകട സാധ്യത വളരെ ഉയര്‍ന്നതാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആധിപത്യം പുലര്‍ത്തുന്ന ഡെല്‍റ്റ വകഭേദത്തെക്കാള്‍ വ്യാപക ശേഷി ഇതിന് ഉണ്ടെന്നുള്ള തെളിവുകള്‍ ഉദ്ധരിച്ചാണ് ലോകാരോഗ്യ സംഘടന ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം ഇന്ത്യയില്‍ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 781 ആയി. 21 സംസ്ഥാനങ്ങളില്‍ വൈറസ് വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 238 എണ്ണം. മഹാരാഷ്ട്രയില്‍ വൈറസ് വകഭേദത്തിന്റെ 167 കേസുകളും സ്ഥിരീകരിച്ചു.

ഇതിനിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ആകെ 9,195 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 44 ശതമാനം വര്‍ധന. ചൊവ്വാഴ്ച 6,358 കോവിഡ് കേസുകളാണുണ്ടായിരുന്നത്. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതു വര്‍ധിച്ചതോടെ വാക്‌സിനേഷന്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി.

രാജ്യത്ത് ഇതുവരെ 143 കോടി വാക്‌സിന്‍ ഡോസുകളാണ് നല്‍കിയത്. കോവിഡ് രോഗമുക്തി നിരക്ക് 98.40 ശതമാനം. 2020 മാര്‍ച്ച് മുതലുള്ളതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,347 പേര്‍ കോവിഡ് മുക്തരായി. ഇതുവരെ ആകെ 3,42,51,292 പേര്‍ രോഗമുക്തി നേടി.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദ്യത്തെ ഒമിക്രോണ്‍ കേസ് മണിപ്പൂരില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഗോവയിലും ആദ്യത്തെ ഒമിക്രോണ്‍ ബാധ റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പത്ത് സംസ്ഥാനങ്ങളാണ് രാത്രികാല കര്‍ഫ്യു പ്രഖ്യാപിച്ചത്. രോഗ വ്യാപനം തീവ്രമായ ഇടങ്ങളില്‍ നിരോധനാജ്ഞ ഉള്‍പ്പടെയുള്ള നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.