വാഷിംഗ്ടണ്‍: അതിവേഗ വ്യാപന ശേഷി മൂലം ജനുവരി അവസാനത്തോടെ ഒമിക്രോണ്‍ കേസുകള്‍ അമേരിക്കയില്‍ ഉയര്‍ന്നേക്കാമെന്ന മുന്നറിയിപ്പുമായി പ്രസിഡന്റിന്റെ മെഡിക്കല്‍ ഉപദേശകനും വൈറോളജി വിദഗ്ദ്ധനുമായ ഡോ. ആന്തണി ഫൗസി. വാക്‌സിനേഷന്റെ പ്രസക്തിയും ബൂസ്റ്റര്‍ ഡോസിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, കൊറോണ വൈറസിന്റെ ഏറ്റവും മാരക വകഭേമായ ഡെല്‍റ്റയുടെയത്ര പ്രഹര ശേഷിയുള്ളതല്ല ഒമിക്രോണ്‍ എന്നാണ് ഇതുവരെയുള്ള നിഗമനമെന്ന് ഡോ. ഫൗസി വ്യക്തമാക്കി.
'നമ്മുടെ രാജ്യത്തിന്റെ വലുപ്പവും വാക്സിനേഷന്റെ വൈവിധ്യവും വാക്സിനേഷനു വിധേയരാകാത്തവരുടെ കണക്കുകളും താരതമ്യം ചെയ്യുമ്പോള്‍, രണ്ടാഴ്ച കൂടി കഴിഞ്ഞ് ഒമിക്രോണിന്റെ അതിവ്യാപനം ആരംഭിച്ചേക്കാം. ഒരുപക്ഷേ ജനുവരി അവസാനത്തോടെ തീവ്രമായേക്കുമെന്നാണ് ഞാന്‍ കരുതുന്നത്,' അമേരിക്കയില്‍ കൊറോണ വൈറസ് കേസുകള്‍ എപ്പോള്‍ ഉയരുമെന്ന ചോദ്യത്തിന് മറുപടിയായി ഡോ.ഫൗസി സിഎന്‍ബിസിയോട് പറഞ്ഞു.
ഡിസംബര്‍ 25-ന് അവസാനിച്ച ആഴ്ചയില്‍ യുണൈറ്റഡ് സ്റ്റേറ്റ്സിലെ പുതിയ കോവിഡ് അണുബാധകളില്‍ 58.6 ശതമാനം ഒമിക്രോണ്‍ വകഭേദമാണെന്ന് കാണിക്കുന്ന ഡാറ്റ സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ക്രോഡീകരിച്ചിരുന്നു.രാജ്യത്തെ നിലവിലെ ഏഴ് ദിവസത്തെ പ്രതിദിന ശരാശരി കേസുകള്‍ പ്രതിദിനം 240,400 ആണ്. ഇത് മുന്‍ ആഴ്ചയെ അപേക്ഷിച്ച് 60 ശതമാനം കൂടുതലാണെന്ന് സിഡിസി ഡയറക്ടര്‍ റോഷെല്‍ വാലെന്‍സ്‌കി പറഞ്ഞു. നവംബറില്‍ ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയ ഒമിക്രോണ്‍ കൂടുതല്‍ പകരാന്‍ സാധ്യതയുള്ളതാണെന്നും എന്നാല്‍ ലക്ഷണങ്ങള്‍ നേരിയതായിരിക്കുമെന്നും സിഡിസി ചൂണ്ടിക്കാട്ടിയിരുന്നു.
'ഇതുവരെയുള്ള ഡാറ്റകള്‍ പ്രോത്സാഹജനകം തന്നെ. പക്ഷേ ഇപ്പോഴും പല കാര്യങ്ങളിലും നിഗമനങ്ങള്‍ പ്രാഥമികമാണ്,'-ഡോ. ഫൗസി പറഞ്ഞു. പുതിയ വകഭേദം മൂലമുള്ള ആശുപത്രി പ്രവേശം ശരാശരി കുറവാണെങ്കിലും ഉദാസീനത പാടില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാരണം ഒമിക്രോണ്‍ കേസുകളുടെ എണ്ണം കൂടുന്ന പക്ഷം ആരോഗ്യ-സംരക്ഷണ സംവിധാനങ്ങള്‍ താളം തെറ്റും.'ഒമിക്റോണ്‍ ഉള്‍പ്പെടെയുള്ള വകഭേദങ്ങളില്‍ നിന്ന് ഗുരുതരമായ രോഗത്തിനുള്ള സാധ്യത വാക്‌സിനേഷന്‍ ചെയ്യാത്തവര്‍ക്ക് വളരെ കൂടുതലാണ്,'- ഫൗസി കൂട്ടിച്ചേര്‍ത്തു.ബൂസ്റ്റര്‍ ഡോസിന്റെ പ്രാധാന്യം കുറച്ചുകാണരുത്.
ഒമിക്രോണിന്റെ ദ്രുതഗതിയിലുള്ള വ്യാപനത്താല്‍ യു.എസ് ഉള്‍പ്പെടെ പല രാജ്യങ്ങളിലും ആശുപത്രിവാസം ആവശ്യമായി വരുന്ന കോവിഡ് കേസുകള്‍ റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയ സാഹചര്യത്തിലാണ് ഡോ. ഫൗസിയുടെ വിശകലനം വന്നത്.എങ്കിലും കോവിഡ് കേസുകളുടെ എണ്ണവും ആശുപത്രിവാസവും തമ്മിലുള്ള അനുപാതം പഴയതിനേക്കാള്‍ കുറവായിരിക്കുമെന്ന സൂചന ബലപ്പെടുന്നുണ്ടെന്ന്് അദ്ദേഹം പറഞ്ഞു.
'കൂടുതല്‍ കുട്ടികള്‍ ആശുപത്രിയിലെത്തുന്നു'
കൂടുതല്‍ കുട്ടികള്‍ ഒമിക്രോണ്‍ ബാധിച്ച് ആശുപത്രിയിലെത്തുന്നതായി ഡോ. ഫൗസി അറിയിച്ചു. അതേസമയം, പൊതുവായി കുട്ടികളിലെ രോഗ തീവ്രതയെക്കുറിച്ച് അന്തിമ നിഗമനങ്ങളില്‍ എത്താനായിട്ടില്ല. നിലവിലെ വാക്‌സിനുകളില്‍ നിന്നുള്‍പ്പെടെയുള്ള ആന്റിബോഡികളാല്‍ നേരിയ പരിധി വരെ രോഗപ്രതിരോധ ക്ഷമതയേ ഓമിക്‌റോണ്‍ വേരിയന്റിന് എതിരായുള്ളൂ. എന്നാല്‍ ബൂസ്റ്റര്‍ ഷോട്ടുകള്‍ സംരക്ഷണ ശേഷി മുമ്പത്തേതിന്റെ ഏകദേശ തലത്തിലേക്ക് തിരികെ കൊണ്ടുവരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.'അതിനാല്‍ ഒമിക്രോണിനെ പ്രതിരോധിക്കുന്നതിനുള്ള സമീപനം മെച്ചപ്പെടുത്താന്‍ ബൂസ്റ്ററുകള്‍ നിര്‍ണായകമാണ്'
ദക്ഷിണാഫ്രിക്ക, യു.കെ, യു.എസ് എന്നിവിടങ്ങളില്‍ നിന്ന് അടുത്തിടെ ശേഖരിച്ച ഡാറ്റകള്‍ ഡോ. ഫൗസി വിശകലനം ചെയ്തു.ഇവയെല്ലാം സൂചിപ്പിക്കുന്നത്, കോവിഡിന്റെ മറ്റ് തരംഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഓമിക്‌റോണ്‍ മൂലമുള്ള ആശുപത്രി വാസവും മരണ നിരക്കും കുറവാണെന്നാണ്. തീവ്രപരിചരണ വിഭാഗങ്ങളിലേക്കുള്ള പ്രവേശനം കുറവാണെന്നു ദക്ഷിണാഫ്രിക്കന്‍ ഡാറ്റയില്‍ വ്യക്തമാണ്. സപ്ലിമെന്റല്‍ ഓക്സിജന്‍ ആവശ്യമുള്ള രോഗികളുടെ എണ്ണവും താരതമ്യേന കുറഞ്ഞിട്ടുണ്ട്. ഹ്രസ്വ ആശുപത്രി വാസമേ വേണ്ടിവരുന്നുള്ളൂ.
ഡെല്‍റ്റ മൂലം ഉണ്ടാകുന്ന അപകടസാധ്യതയുടെ 40 ശതമാനമേ ഒമിക്രോണ്‍ മൂലമുണ്ടാകുന്നുള്ളൂ എന്നാണ് ആശുപത്രികളുമായി ബന്ധപ്പെട്ട് യു.കെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി നടത്തിയ പഠനം കാണിക്കുന്നതെന്നും ഡോ. ഫൗസി അഭിപ്രായപ്പെട്ടു.ഡെല്‍റ്റയെ അപേക്ഷിച്ച് ഒമിക്രോണിന്റെ കാര്യത്തിലുള്ള ആശുപത്രി പ്രവേശനം മൊത്തത്തില്‍ ഗണ്യമായി കുറവാണെന്ന് ലണ്ടനിലെ ഇംപീരിയല്‍ കോളേജ് നടത്തിയ മറ്റൊരു പഠനത്തില്‍ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.