പെട്രോള്‍ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങള്‍ക്കല്ല; ഉപയോക്താക്കള്‍ക്കുള്ളതാണ്: ഹൈക്കോടതി

പെട്രോള്‍ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങള്‍ക്കല്ല; ഉപയോക്താക്കള്‍ക്കുള്ളതാണ്:  ഹൈക്കോടതി

കൊച്ചി: പെട്രോള്‍ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനാകില്ലെന്ന് ഹൈക്കോടതി. പമ്പുകളിലെത്തുന്ന ഉപയോക്താക്കള്‍ക്ക് മാത്രമേ ശുചിമുറി ഉപയോഗിക്കാനാകൂവെന്ന് ഇടക്കാല ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കി.

പെട്രോള്‍ പമ്പുകളിലെ ടോയ്‌ലറ്റുകള്‍ പൊതു ശൗചാലയങ്ങളാക്കാനുള്ള സര്‍ക്കാര്‍ നടപടിയാണ് ഉത്തരവിലൂടെ കോടതി തടഞ്ഞത്. പെട്രോളിയം ട്രേഡേഴ്‌സ് വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസ് സൊസൈറ്റിയും മറ്റ് അഞ്ച് പെട്രോളിയം റീട്ടെയിലര്‍മാരും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ ഇടക്കാല ഉത്തരവ്.

സ്വകാര്യ പെട്രോള്‍ പമ്പുകളുടെ ശുചിമുറി പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നു. തിരുവനന്തപുരം കോര്‍പറേഷന്‍, തൊടുപുഴ മുന്‍സിപ്പാലിറ്റി എന്നിവടങ്ങളില്‍ പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ക്ക് മുന്നില്‍ ക്യൂആര്‍ കോഡ് വെക്കുകയും സ്‌കാന്‍ ചെയ്ത് ശുചിത്വമുള്‍പ്പടെ റേറ്റിങ് നല്‍കാനുമുള്ള നീക്കം നടന്നിരുന്നു.

എന്നാല്‍ ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പമ്പുടമകള്‍ വാദിച്ചു. പമ്പുകളില്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ഫോടനാത്മകമായ വസ്തുക്കളുടെ സുരക്ഷ വെല്ലുവിളിയാണെന്നും അവര്‍ വാദിച്ചു. വാദി ഭാഗത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.