ന്യൂഡല്‍ഹി: ചെരിപ്പുകള്‍, വസ്ത്രങ്ങള്‍ എന്നിവയ്ക്ക് നികുതി വര്‍ധിപ്പിക്കാനുള്ള തീരുമാനം ജിഎസ്ടി കൗണ്‍സില്‍ യോഗം മാറ്റിവച്ചു. വ്യാപാര സംഘടനകളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം. നികുതി അഞ്ചു ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കി വര്‍ധിപ്പിച്ച തീരുമാനമാണ് മാറ്റിവെച്ചത്.
കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അടിയന്തരമായി വിളിച്ച് ചേര്‍ത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് സുപ്രധാന തീരുമാനം ഉണ്ടായത്. 46-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് ഡല്‍ഹിയില്‍ ചേര്‍ന്നത്.
ചെരിപ്പുകള്‍ക്കും വസ്ത്രങ്ങള്‍ക്കും വര്‍ധിപ്പിച്ച 12 ശതമാനം നികുതി പുതുവര്‍ഷമായ നാളെ മുതല്‍ നിലവില്‍ വരാനിരിക്കെയാണ് മാറ്റിവെച്ചത്. നികുതി 12 ശതമാനമായി വര്‍ധിപ്പിച്ച തീരുമാനത്തിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. വര്‍ധിപ്പിച്ച നികുതി ചുമത്തുന്നത് നീട്ടി വയ്ക്കണമെന്ന് വ്യാപാര സംഘടനകളും ആവശ്യപ്പെട്ടിരുന്നു.
നേരത്തെ ആയിരത്തിന് മീതെയുള്ള തുണിത്തരങ്ങള്‍ക്കായിരുന്നു അഞ്ച് ശതമാനം ജിഎസ്ടി ചുമത്തിയിരുന്നത്. ലുങ്കി, തോര്‍ത്ത്, സാരി, മുണ്ടുകള്‍ തുടങ്ങി എല്ലാ തുണിത്തരങ്ങള്‍ക്ക് വില കൂടുമെന്നതിനാല്‍ പുതിയ നിരക്ക് ഈ മേഖലയുടെ നട്ടെല്ലൊടിക്കുമെന്നാണ് വ്യാപാരികളുടെ വാദം.
തുണിത്തരങ്ങള്‍ക്കും ചെരിപ്പുകള്‍ക്കും ജിഎസ്ടി വര്‍ധിപ്പിക്കാനുള്ള തീരുമാനം ധനമന്ത്രിമാരുടെ യോഗത്തില്‍ ഗുജറാത്ത് ഉള്‍പ്പെടെയുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും എതിര്‍ത്തിരുന്നു. കേരളം, ബംഗാള്‍, ഡല്‍ഹി, രാജസ്ഥാന്‍, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളും എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.