പത്തനംതിട്ട: ലൈറ്റ് ഇന്‍ ലൈഫിന്റെ സഹായത്തോടെ പത്തനംതിട്ട ഇലന്തൂരില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഭവനം കുടുംബത്തിന് കൈമാറി. ജനുവരി രണ്ടിന് നടന്ന ലളിതമായ ചടങ്ങില്‍ പത്തനംതിട്ട രൂപതാധ്യക്ഷന്‍ ബിഷപ്പ് ഡോ. സാമുവല്‍ മാര്‍ ഐറേനിയോസാണ് കൂദാശ നിര്‍വഹിച്ചത്. ഇടവകാംഗത്തില്‍ നിന്ന് സംഭാവനയായി ലഭിച്ച അഞ്ച് സെന്റ് ഭൂമിയിലായിരുന്നു വീട് നിര്‍മ്മിച്ചത്.
ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇന്‍ ലൈഫ് നല്‍കിയ സാമ്പത്തിക സഹായത്തിന് കുടുംബാംഗങ്ങളും, ഈ പ്രോജക്ട് പ്രാവര്‍ത്തികമാക്കാന്‍ മുന്‍കൈയെടുത്ത ഫാ.പോള്‍ നിലക്കലും നന്ദി അറിയിച്ചു. കഴിഞ്ഞ മാസം ആദ്യവാരത്തില്‍ പാലക്കാട് ജില്ലയില്‍പെട്ട അട്ടപ്പാടിയിലെ മുക്കാലിയില്‍ ഒരു നിര്‍ദ്ധന കുടുംബത്തിന് പുതിയ വീട് നിര്‍മ്മിച്ച് നല്‍കിയിരുന്നു.
750 ചതുരശ്ര അടിയില്‍ രണ്ടു കിടപ്പു മുറികളും അടുക്കളയുമുള്ള അടച്ചുറപ്പുള്ള ഒരു വീട് പുതുവര്‍ഷത്തില്‍ സമ്മാനമായി ലഭിച്ചതിന്റെ സന്തോഷത്തിലാണ് അപ്പനും അമ്മയും രണ്ടുകുട്ടികളുമുള്ള നാലംഗകുടുംബം.
കൂടാതെ 2021 ഡിസംബറില്‍ സ്വിറ്റ്സര്‍ലന്റിലെ ആല്‍പ്സ് താഴ്‌വരയിലുള്ള ഒരു അഭയാര്‍ത്ഥി ക്യാമ്പിലെ അന്തേവാസികള്‍ക്ക് ശീതകാലത്ത് ആവശ്യമായ മുഴുവന്‍ വസ്ത്രങ്ങളും സംഘടനാ പ്രവര്‍ത്തകര്‍ സമാഹരിച്ചു നല്‍കിയിരുന്നു. സാമൂഹ്യ പ്രതിബദ്ധതയോടെ, ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലായി മുന്നൂറോളം കുട്ടികള്‍ക്ക് ഉപരിപഠനത്തിന് സഹായങ്ങള്‍ എത്തിക്കുവാന്‍ സാധിച്ചതും, മിസോറാമില്‍ പുരോഗമിക്കുന്ന നാലാമത്തെ സ്‌കൂളിന്റെ നിര്‍മ്മാണവും കൂടാതെ, ആഫ്രിക്കയിലെ ദ്വീപ് രാജ്യമായ മഡഗാസ്‌ക്കറില്‍ സംഘടനയുടെ ജീവകാരുണ്യ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞതും ഈവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ തിളക്കമുള്ളതാക്കി.
കൂടാതെ ഡിസംബര്‍ 19ന് നടത്തപ്പെട്ട വാര്‍ഷിക പൊതു യോഗത്തില്‍ നിലവിലുള്ള കമ്മറ്റിയെ തന്നെ അടുത്ത പ്രവര്‍ത്തന കാലത്തേക്ക് തുടരുവാനായി ഐക്യകണ്‌ഠേന തിരഞ്ഞെടുത്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.