ന്യൂയോര്‍ക്ക് /ജെനീവ:രോഗവ്യാപനശേഷി കൂടുതലാണെങ്കിലും, കൊറോണ വകഭേദമായ ഒമിക്രോണ്‍ ശ്വാസകോശത്തിന് കാര്യമായ ആഘാതമേല്‍പ്പിക്കാതെ കടന്നുപോകുമെന്ന നിരീക്ഷണവുമായി വിദഗ്ധര്‍. ശ്വാസനാളിയില്‍ ഡെല്‍റ്റയെ അപേക്ഷിച്ച് 70 മടങ്ങ് വേഗത്തിലാണ് ഒമിക്രോണ്‍ വൈറസ് പെരുകുന്നത്. അതേസമയം, ശ്വാസകോശത്തിന് ഇത് കാര്യമായ ആഘാതം ഉണ്ടാക്കുന്നില്ലെന്നും അതുകൊണ്ട് തന്നെയാണ് രോഗതീവ്രത രൂക്ഷമല്ലാത്തത് എന്നുമാണ് പഠനങ്ങള്‍ പറയുന്നത്.
'ഒമിക്രോണിനെ കുറിച്ചുള്ള മഹത്തായ വാര്‍ത്ത അത് ശ്വാസനാളത്തിന്റെ മുകള്‍ ഭാഗത്ത് കേന്ദ്രീകരിക്കുന്നു എന്നതാണ്'- കാലിഫോര്‍ണിയയിലെ പ്രഗത്ഭ കാര്‍ഡിയോളജിസ്റ്റായ ഡോ.അഫ്‌ഷൈന്‍ ഇമ്രാനി ട്വിറ്ററില്‍ രേഖപ്പെടുത്തി.സാധാരണ കേസില്‍ ഒരു ചെറിയ ജലദോഷം പോലെ വന്നുപോകും ഈ ബാധയെന്ന പക്ഷക്കാരനാണദ്ദേഹം.
ഒമിക്രോണ്‍ ശ്വാസകോശത്തെയല്ല ബാധിക്കുന്നത്; ന്യുമോണിയ ഉണ്ടാകാനിടയാക്കുന്നുമില്ല. കോശങ്ങളുടെ ശോഷണത്തിനും ആന്തരാവയവ നാശത്തിനും വഴി തെളിക്കുന്ന സെപ്സിസ് , സൈറ്റോകൈന്‍ സ്‌റ്റോം തുടങ്ങിയ അവസ്ഥകളും ഒമിക്രോണ്‍ മൂലം വന്നുചേരില്ല. രക്തത്തെ കട്ടപിടിപ്പിക്കുന്നുമില്ല ഒമിക്രോണ്‍.അതേസമയം, കൂടുതല്‍ വഷളാകാന്‍ സാധ്യതകളുണ്ടായിരുന്ന ജനിതക ഭേദകമാണിതെന്ന അഭിപ്രായവുമുണ്ട് ഡോ. അഫ്‌ഷൈന്‍ ഇമ്രാനിക്ക്.' എന്തായാലും നമ്മള്‍ അക്കാര്യത്തില്‍ ഭാഗ്യമുള്ളവരാണ്! ഇത് താരതമ്യേന ചെറിയ അണുബാധയ്‌ക്കേ കാരണമാകുന്നുള്ളൂ'-അദ്ദേഹത്തിന്റെ വാക്കുകള്‍.
അമേരിക്കയിലെയും ജപ്പാനിലെയും ഒരു സംഘം ശാസ്ത്രജ്ഞര്‍ എലികളില്‍ നടത്തിയ ഗവേഷണമാണ് ഇത് സംബന്ധിച്ച തെളിവുകള്‍ നിരത്തുന്നത്. ശ്വാസകോശത്തിന് കുറഞ്ഞ തോതിലുള്ള നാശം മാത്രം വരുത്തുന്ന ഒമിക്രോണ്‍ മൂലം കാര്യമായ ഭാരക്കുറവും എലികളില്‍ ഉണ്ടായില്ല. ഇവ ബാധിച്ച എലികള്‍ക്കു ജീവഹാനി സംഭവിക്കാനുള്ള സാധ്യതയും കുറവാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി.
ചുമ, ക്ഷീണം, മൂക്കൊലിപ്പ് എന്നിവയാണ് ഏറ്റവും വ്യാപകമായി കണ്ടുവരുന്ന ഒമിക്രോണ്‍ ലക്ഷണങ്ങളെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അനാലിസിസില്‍ പറയുന്നു. ഓക്കാനം, വിശപ്പില്ലായ്മ എന്നിവയെയും ഒമിക്രോണ്‍ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് യു.കെ ആസ്ഥാനമായുള്ള സോയ് കോവിഡ് ആപ്പ്.
വാക്‌സിനുകളെ മറികടക്കുന്നു
ശ്വാസകോശത്തിലെ കോശസംയുക്തങ്ങള്‍ക്കുള്ളില്‍ ഡെല്‍റ്റയെയും മറ്റ് വകഭേദങ്ങളെയും അപേക്ഷിച്ച് കാര്യമായ അണുബാധയും ഒമിക്രോണ്‍ ഉണ്ടാക്കുന്നില്ല. ശ്വാസകോശ നാളിയില്‍ ഒമിക്രോണ്‍ മൂലമുണ്ടാകുന്ന വൈറല്‍ ലോഡിനെ പറ്റിയും ഗവേഷണങ്ങള്‍ പുരോഗമിക്കുകയാണ്. അതേ സമയം മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, ഫൈസര്‍ തുടങ്ങിയവയുടെ വാക്‌സിനുകള്‍ നല്‍കുന്ന പ്രതിരോധത്തെ വെട്ടിച്ചു രക്ഷപ്പെടാന്‍ ഒമിക്രോണിന് സാധിക്കുന്നതായി ഇതിനോടകം പുറത്ത് വന്ന ഗവേഷണ റിപ്പോര്‍ട്ടുകളില്‍ സൂചനയുണ്ട്.
ശ്വാസനാളിയില്‍ ഡെല്‍റ്റയെ അപേക്ഷിച്ച് 70 മടങ്ങ് വേഗത്തില്‍ ഒമിക്രോണ്‍ വൈറസ് പെരുകുന്നതായി ഹോങ്കോങ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. കോശങ്ങളില്‍ പെരുകി ഉയര്‍ന്ന തോതിലെത്താന്‍ അണുബാധയ്ക്ക് ശേഷം 48 മണിക്കൂറാണ് ഒമിക്രോണിന് വേണ്ടത്. ഒമിക്രോണിലെ അന്‍പതോളം വരുന്ന ജനിതക വ്യതിയാനങ്ങള്‍ മനുഷ്യ കോശങ്ങളില്‍ വേഗത്തില്‍ പ്രവേശിക്കാനും പെരുകാനും വൈറസിനെ സഹായിക്കുന്നു. എന്നാല്‍ മുന്‍വകഭേദങ്ങളെ അപേക്ഷിച്ച് രോഗതീവ്രത രൂക്ഷമല്ലാത്തതിന് കാരണം ഒമിക്രോണ്‍ ശ്വാസകോശത്തിന് കാര്യമായ ആഘാതം ഉണ്ടാക്കാത്തതാണെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു.
വൈറസ് ബാധയോടനുബന്ധിച്ച് ചര്‍മ്മവും ചുണ്ടുകളും നഖങ്ങളും വിളറിയ ചാരനിറത്തിലോ നീല നിറത്തിലോ ആകുന്നത് കണ്ടാല്‍ ഉടന്‍ അടിയന്തര വൈദ്യസഹായം തേടണം. ഒമിക്രോണ്‍ ബാധിച്ച രോഗികളില്‍ കടുത്ത ക്ഷീണം പ്രകടമാകുന്നുണ്ട്. തുടര്‍ച്ചയായ ചുമ, രുചിയോ മണമോ നഷ്ടപ്പെടല്‍ എന്നതെല്ലാം കൊറോണ വൈറസിന്റെ പ്രധാന ലക്ഷണങ്ങളാണ്. എന്നാല്‍ ഈ ലക്ഷണങ്ങള്‍ ഒമിക്രോണ്‍ ബാധിച്ച ആളുകളില്‍ അത്ര തീവ്രമല്ലെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ഇതിനിടെ, ഒമിക്രോണ്‍ വെറും ജലദോഷമല്ലെന്നും നിസ്സാരമായി കണക്കാക്കരുതെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഒമിക്രോണിന് ജലദോഷത്തിന് സമാനമായ ലക്ഷണങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്.
'ഒമിക്രോണ്‍ ജലദോഷമല്ല,'- ലോകാരോഗ്യ സംഘടനയുടെ എപ്പിഡെമിയോളജിസ്റ്റ് ഡോ.മരിയ വാന്‍ കെര്‍ഖോവ് ട്വീറ്റ് ചെയ്തു. ഡെല്‍റ്റയുമായി താരതമ്യം ചെയ്യുമ്പോാള്‍ ഒമിക്രോണ്‍ ബാധിതരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള സാധ്യത കുറവാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നുണ്ടെങ്കിലും ഒമിക്രോണ്‍ ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നവരും ജീവന്‍ നഷ്ടപ്പെടുന്നവരും ഏറെയാണെന്നും അവര്‍ കുറിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.