നീറ്റ് പി.ജി കൗണ്‍സലിംഗിന് സുപ്രീം കോടതിയുടെ അനുമതി; മുന്നാക്ക സംവരണ പരിധി എട്ടു ലക്ഷം തന്നെ

നീറ്റ് പി.ജി കൗണ്‍സലിംഗിന് സുപ്രീം കോടതിയുടെ അനുമതി; മുന്നാക്ക സംവരണ പരിധി എട്ടു ലക്ഷം തന്നെ

ന്യൂഡല്‍ഹി: നീറ്റ് പി.ജി കൗണ്‍സലിംഗിന് സുപ്രീംകോടതി അനുമതി നല്‍കി. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണത്തിനുള്ള മാനദണ്ഡങ്ങള്‍ ഈ വര്‍ഷത്തേക്ക് അംഗീകരിക്കുന്നതായി വ്യക്തമാക്കിയ കോടതി മുന്നാക്ക സംവരണത്തില്‍ വിശദമായ വാദം പിന്നീടു കേള്‍ക്കുമെന്ന് പറഞ്ഞു.

മുന്നാക്ക സംവരണത്തിനുള്ള വാര്‍ഷിക വരുമാന പരിധി എട്ട് ലക്ഷം രൂപയായി തുടരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. അഖിലേന്ത്യാ മെഡിക്കല്‍ ക്വാട്ട പ്രവേശനത്തിനുള്ള 10 ശതമാനം മുന്നാക്ക സംവരണം, 27 ശതമാനം ഒബിസി സംവരണം എന്നിവ സംബന്ധിച്ച കേസാണ് കോടതി പരിഗണിച്ചത്.

സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും മുന്നാക്ക സംവരണത്തിനുള്ള വാര്‍ഷിക വരുമാന പരിധി എട്ട് ലക്ഷം രൂപയായി തുടരുമെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.

മെഡിക്കല്‍ കോഴ്സുകള്‍ക്ക് പ്രവേശനം ലഭിക്കുന്നതിനും നിലവിലെ നിബന്ധനകള്‍ തന്നെയായിരിക്കും രാജ്യം മുഴുവനും ബാധകമെന്നും കേന്ദ്രം അറിയിച്ചു. മുന്‍ ധന സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെ അധ്യക്ഷനായ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമാണിത്.

അപേക്ഷ നല്‍കുന്നതിന്റെ തൊട്ടു മുന്‍പത്തെ സാമ്പത്തിക വര്‍ഷത്തെ വരുമാനമാണ് മുന്നാക്ക വിഭാഗത്തിന് കണക്കാക്കുന്നത്. മുന്നാക്ക സംവരണത്തിനുള്ള എട്ട് ലക്ഷം പരിധി ഒബിസി വിഭാഗത്തിലെ മേല്‍ത്തട്ട് പരിധിയായ എട്ട് ലക്ഷത്തെക്കാള്‍ കര്‍ശനമാണെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു.

മുന്നാക്ക സംവരണത്തിനുള്ള വരുമാനപരിധി എട്ട് ലക്ഷമായി നിശ്ചയിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന്കോടതി ചോദിച്ചിരുന്നു. എട്ട് ലക്ഷം രൂപയെന്നതു ന്യായമാണെന്ന് സത്യവാങ്മൂലത്തില്‍ സാമൂഹികനീതി വകുപ്പു സെക്രട്ടറി ആര്‍ സുബ്രഹ്മണ്യന്‍ കോടതിയെ അറിയിച്ചു. നിബന്ധനകള്‍ മാറ്റുന്നത് അടുത്ത വര്‍ഷം പരിഗണിക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.