യുപിയില്‍ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ശിശുഭവന്‍ ഒഴിപ്പിച്ചു; കാരുണ്യത്തിന്റെ വിലയറിയാത്ത ഭരണകൂട ഭീകരത വീണ്ടും

യുപിയില്‍ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ശിശുഭവന്‍ ഒഴിപ്പിച്ചു; കാരുണ്യത്തിന്റെ വിലയറിയാത്ത ഭരണകൂട ഭീകരത വീണ്ടും

കാണ്‍പൂര്‍: അനാഥരുടെ ആശ്വാസ തീരമായ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലുള്ള ശിശുഭവന്‍ ഒഴിപ്പിച്ച് ഡിഫന്‍സ് എസ്റ്റേറ്റ് ഓഫീസ്. 1968 ല്‍ സ്ഥാപിതമായ ശിശുഭവന്‍ ഇതുവരെ 1500 ലധികം അനാഥ കുഞ്ഞുങ്ങളെ ഏറ്റെടുത്ത് അര്‍ഹതപ്പെട്ടവര്‍ക്ക് ദത്ത് നല്‍കിയിരുന്നു. ഇപ്പോള്‍ 11 കുട്ടികളാണ് ശിശുഭവനിലുണ്ടായിരുന്നത്

ശിശുഭവന്‍ സ്ഥിതി ചെയ്യുന്ന സ്ഥലം 90 വര്‍ഷത്തെ പാട്ടത്തിനു നല്‍കിയതാണെന്നും 2019 ല്‍ പാട്ടക്കാലാവധി അവസാനിച്ചെന്നുമാണ് ഡിഫന്‍സ് എസ്റ്റേറ്റ് ഓഫീസിന്റെ (ഡിഇഒ) വിചിത്രമായ അവകാശ വാദം. അനധികൃതമായി സ്ഥലം കൈവശം വച്ചതിന് വര്‍ഷം ഒരുകോടി രൂപ വീതം മിഷണറീസ് ഓഫ് ചാരിറ്റി പിഴ നല്‍കണമെന്നും ഡിഫന്‍സ് എസ്റ്റേറ്റ് ഓഫീസ് പറയുന്നു.


സ്വകാര്യ വ്യക്തികളുടെ കൈയില്‍ നിന്നു മിഷണറീസ് ഓഫ് ചാരിറ്റി പണം മുടക്കി വാങ്ങി അഞ്ച് പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന ശിശുഭവന്റെ സ്ഥലം തങ്ങള്‍ 90 വര്‍ഷത്തെ പാട്ടത്തിനു നല്‍കിയതായിരുന്നെന്നും 2019 ല്‍ അതിന്റെ കാലാവധി അവസാനിച്ചെന്നും അതിനാല്‍ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്നും ചൂണ്ടിക്കാണിച്ചാണ് ഡിഫന്‍സ് എസ്റ്റേറ്റ് ഓഫീസ് ഇവരോട് ഒഴിയാന്‍ ആവശ്യപ്പെട്ടത്.

ഒഴിപ്പിക്കല്‍ നടപടി തുടങ്ങിയതിനു പിന്നാലെ മിഷ്ണറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്സ് ഡല്‍ഹിയില്‍ എത്തി ഡിഇഒ അധികൃതരെയും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെയും കാണാന്‍ സമയം തേടിയെങ്കിലും ലഭിച്ചില്ല. നിയമപരമായി ആയിരത്തഞ്ഞൂറോളം കുട്ടികളെ ദത്തെടുത്ത് വളരെ കൃത്യതയോടെ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമാണ് സന്യാസിനികള്‍ക്ക് ഒഴിഞ്ഞു കൊടുക്കേണ്ടി വന്നത്.

നിരവധി അനാഥ പെണ്‍കുട്ടികളെ ഇവിടെ നിന്നു വിവാഹം ചെയ്തയച്ചിരുന്നു. ഒഴിപ്പിക്കലിനെതിരേ കാണ്‍പുരില്‍ ജനങ്ങള്‍ക്കിടയില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നെങ്കിലും മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനികള്‍ ഭവനം ഒഴിഞ്ഞുകൊടുത്തു.


ഇവിടെ ഉണ്ടായിരുന്ന അനാഥശിശുക്കളെയും അഗതികളെയും വാരാണസി, അലഹാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ സ്ഥാപനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ വിദേശ സഹായം സ്വീകരിക്കാനുള്ള എഫ്സിആര്‍എ രജിസ്ട്രേഷന്‍ അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചതിനു പിന്നാലെയാണ് അര നൂറ്റാണ്ടിലേറെയായി പ്രവര്‍ത്തിച്ചു വന്നിരുന്ന ശിശുഭവന്‍ ഇപ്പോള്‍ അധികൃതര്‍ ഒഴിപ്പിച്ചിരിക്കുന്നത്.

തീവ്ര ഹിന്ദുത്വ നിലപാടുകളെ പിന്തുണയ്ക്കുന്ന വിവിധ ബിജെപി സര്‍ക്കാരുകളുടെ കണ്ണില്‍ച്ചോരയില്ലാത്ത ഇത്തരം നടപടികള്‍ പാവങ്ങളുടെയും നിരാലംബരുടെയും കണ്ണീരൊപ്പുന്ന വിശുദ്ധ മദര്‍ തെരേസയുടെ സന്യാസ സമൂഹത്തിനു പോലും ഭീഷണിയായിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.