'സായുധ ഡോള്‍ഫിനു'കളെ അയച്ച് ഇസ്രയേല്‍ ഹമാസിനെ ആക്രമിക്കുന്നതായി ആരോപണം

   'സായുധ ഡോള്‍ഫിനു'കളെ അയച്ച് ഇസ്രയേല്‍   ഹമാസിനെ ആക്രമിക്കുന്നതായി ആരോപണം

ഗാസ :അത്യാധുനിക ആയുധങ്ങള്‍ ശരീരത്തില്‍ ഘടിപ്പിച്ച ഡോള്‍ഫിനുകളെ ഉപയോഗിച്ച് തങ്ങളുടെ നാവിക സേനാംഗങ്ങളെ ഇസ്രയേല്‍ ആക്രമിക്കുന്നതായി ഹമാസ്. സൈനിക ലക്ഷ്യങ്ങള്‍ക്കായി ഇസ്രയേല്‍ മൃഗങ്ങളെ വ്യാപകമായി ഉപയോഗിക്കുന്നതായുള്ള ആരോപണം മുമ്പു തന്നെ ഉണ്ടായിരുന്നു.'കില്ലര്‍ സയണിസ്റ്റ് ഡോള്‍ഫിനുകള്‍' നിലവിലുണ്ടെന്ന് ഫൗണ്ടേഷന്‍ ഫോര്‍ ഡിഫന്‍സ് ഓഫ് ഡെമോക്രസീസിന്റെ ലോംഗ് വാര്‍ ജേണലിലെ റിസേര്‍ച്ച് അനലിസ്റ്റായ ജോ ട്രൂസ്മാന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലും പറയുന്നു.

കൊലയാളി ഡോള്‍ഫിന്‍ ധരിച്ചിരുന്നതായി പറയപ്പെടുന്ന ആയുധവും ലോംഗ് വാര്‍ ജേണല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആയുധങ്ങള്‍ ഘടിപ്പിച്ച ഡോള്‍ഫിനുകളെ ഇസ്രയേല്‍ പല തവണ ഉപയോഗിച്ചിട്ടുള്ളതായി ഹമാസിന്റെ കീഴിലുള്ള അല്‍ഖസ്സാം ബ്രിഗേഡ് നേവല്‍ കമാന്‍ഡോയുടെ വക്താവ് വീഡിയോയില്‍ വെളിപ്പെടുത്തി.

മുന്‍പ് ഈജിപ്ഷ്യന്‍ വിനോദസഞ്ചാരത്തെ തകര്‍ക്കാനുള്ള മൊസാദ് ഓപ്പറേഷന്റെ ഭാഗമായി സ്രാവുകളെ ഉപയോഗിക്കുന്നതായി 2010ലെ ഷാം എല്‍ഷൈഖിലെ സ്രാവ് ആക്രമണം ചൂണ്ടിക്കാട്ടി ഈജിപ്തിലെ സൗത്ത് സിനായ് ഗവര്‍ണര്‍ മുഹമ്മദ് അബ്ദുല്‍ ഫാദില്‍ ഷൗഷ ആരോപണം ഉയര്‍ത്തിയിരുന്നു. 2011 ല്‍ ഒരു കഴുകനെ ഇസ്രയേല്‍ ചാരവൃത്തി ആരോപിച്ച് സൗദി അറേബ്യ പിടികൂടിയിരുന്നു.

2013 ല്‍, തുര്‍ക്കി ഉദ്യോഗസ്ഥര്‍ ഇസ്രയേലി 'ചാരപ്പക്ഷി'യെ പിടികൂടി എക്സ് റേ പരിശോധനയ്ക്കു വിധേയമാക്കി. നിരീക്ഷണ ഉപകരണങ്ങളോ മറ്റ് തെളിവുകളോ കിട്ടാതായതോടെ പിന്നീട് മോചിപ്പിച്ചു. എന്നാല്‍ ജലജീവികളെ ഇസ്രയേല്‍ സൈനികാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്ന ഹമാസിന്റെ ആരോപണം ഇപ്പോഴാണ് പുറത്ത് വരുന്നത്. കടല്‍ സസ്തനിയെ ഇസ്രയേല്‍ 'മസ്തിഷ്‌ക പ്രക്ഷാളനത്തി' നു ശേഷം ആയുധമണിയിച്ച് കൊലയാളി ആക്കുന്നതായാണ് പരാതി.

പ്രത്യേക കോംബാറ്റ് ഗിയര്‍ ധരിച്ച ഒരു ഡോള്‍ഫിനെ ഉപയോഗിച്ച്് ഇസ്രയേല്‍ സൈന്യം ഗാസ മുനമ്പിനടുത്ത് തങ്ങളുടെ 'ഫ്രോഗ് മാന്‍' നാവിക കമാന്‍ഡോകളെ കഴിഞ്ഞ ദിവസവും ആക്രമിച്ചെന്ന് ഹമാസ് ചൂണ്ടിക്കാട്ടി. മെയ് മാസമുണ്ടായ സംഘര്‍ഷത്തിനിടെ ഇസ്രയേല്‍ കൊലപ്പെടുത്തിയ ഹമാസിന്റെ ഫ്രോഗ് മാന്‍ യൂണിറ്റിലെ അംഗം കൊലയാളി ഡോള്‍ഫിനെ നേരത്തെ തന്നെ കണ്ടെത്തിയിരുന്നെന്ന് അല്‍ഖസ്സാം ബ്രിഗേഡ് അറിയിച്ചു. 2015-ല്‍ ഹമാസ് ഒരു ഇസ്രായേലി ഡോള്‍ഫിന്‍ പോരാളിയെ പിടികൂടിയതായും ബ്രിഗേഡ് വൃത്തങ്ങള്‍ പറഞ്ഞു.ആ ഡോള്‍ഫിന് എന്ത് സംഭവിച്ചുവെന്ന് വെളിപ്പെടുത്തിയിട്ടില്ല.

അന്ന് ഡോള്‍ഫിനില്‍ ക്യാമറയും റിമോട്ട് കണ്‍ട്രോള്‍ കൊണ്ട് നിയന്ത്രിക്കാവുന്ന ചാട്ടുളി പോലത്തെ സ്ഫോടകവസ്തുക്കള്‍ പുറന്തള്ളുന്ന ആയുധവും ഉണ്ടായിരുന്നതായി അല്‍ഖസ്സാം ബ്രിഗേഡ്് പറയുന്നു.  ഈ ഡോള്‍ഫിന്റെ ആക്രമണം അന്നു വിജയകരമായി ചെറുത്തെന്നും ഹമാസ് അവകാശപ്പെടുന്നു.പുതിയ വെളിപ്പെടുത്തലിന്റെ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ ശ്രദ്ധ നേടി. ഡോള്‍ഫിനുകളെ ഇറാന്‍ സേനയും ദൗത്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ടെന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ജലജീവികളെ വിവിധ സൈന്യങ്ങള്‍ യുദ്ധാവശ്യങ്ങള്‍ക്കായി നേരത്തേയും ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ ആക്രണത്തിനല്ല, മറിച്ച് നിരീക്ഷണത്തിനായിരുന്നു കൂടുതലും. റഷ്യ ബെലുഗ എന്നറിയപ്പെടുന്ന തിമിംഗലങ്ങളെ നിരീക്ഷണത്തിനായി ഉപയോഗിച്ചെന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. യുഎസ് നേവി അറുപതുകള്‍ മുതല്‍ മറൈന്‍ ആനിമല്‍സ് പ്രോഗ്രാം നടപ്പിലാക്കിയിട്ടുണ്ട്. 

ബോട്ടില്‍ നിന്ന് അയക്കുന്ന നോസ് ഡോള്‍ഫിനുകള്‍ എന്ന ജീവികളെ നിയന്ത്രിച്ച് കടല്‍ ബോംബുകള്‍ കണ്ടെത്തുന്നു. ശത്രുപക്ഷത്തെ നീന്തല്‍ക്കാരെ തിരയുന്നതും പ്രധാന ദൗത്യമാണ്. കലിഫോര്‍ണിയയിലെ കടല്‍സിംഹങ്ങളെ ഉപയോഗിച്ച് ബോംബ് നിര്‍വീര്യമാക്കാനും യുഎസ് നേവി ശ്രമിച്ചിരുന്നു. വിയറ്റ്നാം യുദ്ധ സമയത്ത് നീന്തിയെത്തുന്ന എതിരാളികളെ ആക്രമിക്കാന്‍ ഡോള്‍ഫിനുകളെ ഉപയോഗിച്ചെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും യുഎസ് നേവി ഇതു നിഷേധിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.