കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് വിചാരണക്കോടതിയില്‍ സമര്‍പ്പിക്കും. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കേസില്‍ തുടരന്വേഷണം നടക്കുന്നത്. അന്വേഷണം കഴിയും വരെ വിചാരണ നിര്‍ത്തിവയ്ക്കണം എന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.
അഞ്ചു പുതിയ സാക്ഷികളെ വിസ്തരിക്കുന്നതിന്റെ തീയതിയും ഇന്ന് തീരുമാനിക്കും. വിചാരണക്കോടതി ഈ ആവശ്യം തള്ളിയതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചാണ് അന്വേഷണ സംഘം അനുകൂല വിധി നേടിയത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന്‌റെ കൈവശമുള്ള നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപും ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതും ഇന്ന് പരിഗണിക്കും.
തുടരന്വേഷണത്തിന്റെ ഭാഗമായി പള്‍സര്‍ സുനിയെ ജയിലില്‍ ചോദ്യം ചെയ്യുന്നതിന് അനുമതി തേടി വിചാരണകോടതിയില്‍ അന്വേഷണ സംഘം ഹര്‍ജി നല്‍കി. തന്നെ ചോദ്യം ചെയ്യുന്നത് അഭിഭാഷകന്റെ സാന്നിദ്ധ്യത്തില്‍ വേണം എന്നാണ് സുനില്‍ കോടതിയോട് അഭ്യര്‍ഥിച്ചിട്ടുള്ളത്. രണ്ട് ഹര്‍ജികളും ഇന്ന് പരിഗണിക്കും.
സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജി നല്‍കിയതിനാല്‍ അഭിഭാഷക ടീമിലുള്ള കെ ബി സുനില്‍ കുമാറാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരാകുക. ഇതിനിടെ പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി ഇന്ന് ആലുവ കോടതിയില്‍ രേഖപ്പെടുത്തിയേക്കും. കഴിഞ്ഞ ദിവസം മൊഴിയെടുക്കല്‍ നിശ്ചയിച്ചതാണെങ്കിലും മജിസ്‌ട്രേറ്റിന് കോവിഡ് ബാധിച്ചതിനാല്‍ മാറ്റിവെക്കുകയായിരുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ ആറ് പ്രതികളെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞിരുന്നു. ആലുവയിലെ വ്യവസായി ശരത് ആണ് ആറാം പ്രതിയെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.