തരാവ(കിരിബാത്തി ദ്വീപ്): കൊറോണ മഹാവ്യാധി ലോകത്തെയാകമാനം ഉലച്ചിട്ടും ഇതുവരെ കോവിഡ് രഹിത മേഖലയെന്ന പേരെടുത്തുനില്‍ക്കാന്‍ കഴിഞ്ഞ കിരിബാത്തി ദ്വീപിന് ആ ഖ്യാതിയും സമാധാനാവസ്ഥയും നഷ്ടമായി. 10 മാസം നീണ്ടുനിന്ന ലോക്ഡൗണിനു വിരാമം കുറിച്ചതിനു പിന്നാലെ വന്നിറങ്ങിയ യാത്രാവിമാനത്തിലുണ്ടായിരുന്ന മൂന്നില്‍ രണ്ട് പേരും 'കൊറോണ പോസിറ്റീവ്'.
119,000 ജനസംഖ്യയുള്ള പസഫിക് സമുദ്രത്തിലെ സ്വതന്ത്ര ദ്വീപ് രാഷ്ട്രം ജനുവരി 10 നാണ് അതിര്‍ത്തികള്‍ വീണ്ടും തുറന്നത്. കഴിഞ്ഞ ദിവസം ഫിജിയില്‍ നിന്ന് സൗത്ത് തരാവയിലെ കിരിബാത്തിയുടെ തലസ്ഥാനത്തേക്കെത്തിയ ഫിജി എയര്‍വേയ്സ് വിമാനമായിരുന്നു വ്യോമയാന സൗകര്യം പുനരാരംഭിച്ച ശേഷം ലാന്‍ഡ് ചെയ്ത ആദ്യ വിമാനം. വിമാനത്തിലുണ്ടായിരുന്ന 54 പേരില്‍ 46 പേര്‍ക്ക് കോവിഡ്-19 ബാധിച്ചതായി ഓണ്‍-അറൈവല്‍ പരിശോധനയില്‍ തെളിഞ്ഞു.
യാത്രക്കാരെ ക്വാറന്റീനിലേക്കു മാറ്റിയെന്നും അവരെല്ലാവരും സുഖമായിരിക്കുന്നുവെന്നും അധികൃതര്‍ അറിയിച്ചു.ടൂറിസ്റ്റുകളാണ് മിക്കവരും. പക്ഷേ, ക്വാറന്റൈന്‍ കേന്ദ്രത്തിലെ ഒരു സെക്യൂരിറ്റി ഗാര്‍ഡ് ഉള്‍പ്പെടെ മൂന്ന് തദ്ദേശീയര്‍ ഇതിനിടെ പോസിറ്റീവ് ആയി. ഇതോടെ ദ്വീപില്‍ തിങ്കളാഴ്ച മുതല്‍ നാല് ദിവസത്തെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു; രണ്ടാഴ്ചത്തെ കര്‍ഫ്യൂവും.
പസഫിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന പല ചെറിയ ദ്വീപ് രാജ്യങ്ങളിലും മാസങ്ങളായി പുതിയ വൈറസ് കേസുകളൊന്നും ഉണ്ടായിട്ടില്ല. കൂടാതെ ആ രാജ്യങ്ങളില്‍ ചിലത് ഫലത്തില്‍ കൊവിഡ് രഹിതമായി തുടരുന്നു.ഔവര്‍ വേള്‍ഡ് ഇന്‍ ഡാറ്റയുടെ കണക്കുകള്‍ പ്രകാരം കിരിബാത്തിക്കു പുറമേ ടോംഗ, സമോവ, വാലിസ് ആന്‍ഡ് ഫുടൂന, മാര്‍ഷല്‍ ദ്വീപുകള്‍, മൈക്രോനേഷ്യ, വാനുവാട്ടു, കുക്ക് ദ്വീപുകള്‍ എന്നിവിടങ്ങളിലും വൈറസിന്റെ സജീവ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല.
അനിവാര്യമല്ലാത്ത എല്ലാ അന്താരാഷ്ട്ര യാത്രകളും ദ്വീപുകള്‍ പ്രതിരോധിച്ചിരുന്നു.ചില ദ്വീപുകളില്‍ ഇറക്കുമതി ചെയ്ത കുറച്ച് കേസുകളുടെ വ്യാപനം നിയന്ത്രിക്കുന്നതിന് കര്‍ശനമായ ക്വാറന്റൈന്‍ നടപടികള്‍ നടപ്പിലാക്കുകയും ചെയ്തു.ഇക്കാരണങ്ങളാലാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ കോവിഡ് അണുബാധയില്ലാത്ത അവസ്ഥ നിലനിര്‍ത്താന്‍ പസഫിക് സമുദ്രത്തിലെ ചെറിയ ദ്വീപുകള്‍ക്കു സാധിച്ചത്.അതേസമയം, വിനോദസഞ്ചാരത്തെ ആശ്രയിക്കുന്ന സമ്പദ്വ്യവസ്ഥയുടെ വീണ്ടെടുപ്പിന് ഈ നില തുടരാനാവില്ലെന്ന ചിന്തയും ശക്തമാണ്.
സീറോ-കോവിഡ് തന്ത്രങ്ങള്‍ പല ദ്വീപുകളെയും കനത്ത സാമ്പത്തിക കുരുക്കിലാക്കി. പ്രതിരോധ കുത്തിവയ്പ്പ് കാര്യക്ഷമമാക്കിക്കൊണ്ട് അതിര്‍ത്തികള്‍ സുരക്ഷിതമായി വീണ്ടും തുറക്കുന്നതിനുള്ള സമ്മര്‍ദ്ദം നേരിടുകയാണ് സര്‍ക്കാരുകള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.