കാലിഫോര്‍ണിയന്‍ തീരദേശ ഹൈവേ അടപ്പിച്ച കാട്ടുതീ നിയന്ത്രണ വിധേയം; തീവ്ര യത്‌നം മുന്നോട്ടെന്ന് 'കാല്‍ ഫയര്‍'

കാലിഫോര്‍ണിയന്‍ തീരദേശ ഹൈവേ അടപ്പിച്ച കാട്ടുതീ  നിയന്ത്രണ വിധേയം; തീവ്ര യത്‌നം മുന്നോട്ടെന്ന് 'കാല്‍ ഫയര്‍'

സാക്രമെന്റോ:വടക്കന്‍ കാലിഫോര്‍ണിയയിലെ മനോഹരമായ തീരദേശ ഹൈവേ അടയ്ക്കിനിടയാക്കുകയും പ്രശസ്തമായ പാലത്തിന് ഭീഷണിയാകുകയും ചെയ്ത കാട്ടുതീ നിയന്ത്രണാധീനമായതായി അഗ്‌നിശമന അറിയിച്ചു. എങ്കിലും താമസ സ്ഥലം വിടാന്‍ 500 ഓളം പേര്‍ക്ക് നല്‍കിയ ഉത്തരവുകള്‍ പിന്‍ വലിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഹൈവേയിലൂടെ ഗതാഗതം പുനരാരംഭിച്ചു.

കൊളറാഡോ ഫയര്‍ എന്ന് വിളിക്കപ്പെട്ട കാട്ടു തീ പസഫിക് സമുദ്രത്തിനരികെ 260 അടി ഉയരമുള്ള മലയിടുക്കില്‍ നിലകൊള്ളുന്ന അതിമനോഹരമായ കോണ്‍ക്രീറ്റ് ആര്‍ച്ച് സപ്പോര്‍ട്ടിന് പേരുകേട്ട ബിക്‌സ്ബി ക്രീക്ക് പാലത്തെ വലയം ചെയ്‌തെങ്കിലും കേടുപാടുകള്‍ വരുത്തിയില്ല. മോണ്ടെറിയില്‍ നിന്ന് ഏകദേശം 15 മൈല്‍ തെക്ക്, ബിഗ് സുര്‍ പ്രദേശത്തിന്റെ വടക്ക് വെള്ളിയാഴ്ച രാത്രി പൊട്ടിപ്പുറപ്പെട്ട തീ പസഫിക് കോസ്റ്റ് ഹൈവേ മുറിച്ചുകടന്ന് സമുദ്ര തീരത്തേക്കു വ്യാപിച്ചു.

ഞായറാഴ്ച രാത്രിയോടെ തീ 35 ശതമാനം നിയന്ത്രണവിധേയമായി, രാവിലെ ആയപ്പോഴേക്കും മറ്റൊരു 25 ശതമാനവും- കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫോറസ്ട്രി ആന്‍ഡ് ഫയര്‍ പ്രൊട്ടക്ഷന്‍ (കാല്‍ ഫയര്‍) അറിയിച്ചു. രാവിലെ 1,050 ഏക്കറില്‍ ഉണ്ടായിരുന്ന തീപിടുത്തം വൈകാതെ തന്നെ 700 ഏക്കറിലേക്കു പരിമിതപ്പെടുത്താനായത് 'കൃത്യമായ മാപ്പിംഗി'ന്റെ പിന്‍ബലത്തോടെയാണെന്നും തീവ്ര യത്‌നം മുന്നേറുകയാണെന്നും കാല്‍ ഫയര്‍ വക്താവ് സെസിലി ജൂലിയറ്റ് പറഞ്ഞു. ഒരു കെട്ടിടവും, താല്‍ക്കാലികാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച മറ്റൊരു പാര്‍പ്പിട സഞ്ചയവും നശിച്ചു. ഒഴിപ്പിക്കല്‍ ഉത്തരവു ലഭിച്ചവരില്‍ ഭൂരിഭാഗവും പ്രദേശം വിട്ടുപോയി.വളര്‍ത്തു മൃഗങ്ങളേയും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിരുന്നു.


'കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വടക്കന്‍ കാലിഫോര്‍ണിയയില്‍ ഉടനീളം നിരവധി തീപിടുത്തങ്ങള്‍ ഉണ്ടായിട്ടുണ്ട്, അത് 10 - 15 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള തീപിടുത്തത്തില്‍ നിന്ന് വ്യത്യസ്തമാണ്,' ജൂലിയറ്റ് പറഞ്ഞു. 'തീപിടുത്തം വളരെ വേഗം തീവ്രവും വ്യാപകവുമാകുന്നു ഇപ്പോള്‍. അത്യുഷ്ണം മൂലം അടുക്കാനാകാത്ത സ്ഥിതിയും വരുന്നു.' അമേരിക്കയില്‍ തുടര്‍ക്കഥയായിട്ടുണ്ട് പ്രകൃതി ദുരന്തങ്ങള്‍. ഹിമപ്പേമാരിക്കും കൊടുങ്കാറ്റിനും വെള്ളപ്പൊക്കത്തിനും പിന്നാലെ കാട്ടുതീയും ആവര്‍ത്തിച്ചു.ഇപ്പോഴുണ്ടായിരിക്കുന്നത് ഈ വര്‍ഷത്തെ ആദ്യത്തെ കാട്ടുതീയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.