ഇന്ത്യ-അഴകുകള്‍ അഴുകുന്നുവോ?

ഇന്ത്യ-അഴകുകള്‍ അഴുകുന്നുവോ?

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ശിരസില്‍ പൊന്‍തൂവല്‍ ചാര്‍ത്തിക്കൊണ്ടാണ് 1950 ജനുവരി 26 ഇന്ത്യ റിപ്പബ്ലിക്കായി ഉയര്‍ത്തപ്പെട്ടത്. ജനാധിപത്യം വിഭാവനം ചെയ്യുന്ന ഭരണസ്വാതന്ത്ര്യ ത്തിന്റെ ആകാശങ്ങളില്‍ ഇന്ത്യന്‍ ഭരണഘടനയുടെ അക്ഷരമാലകള്‍ അതിരുകള്‍ അലങ്കരിച്ചു.

1935ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട് എന്ന താല്‍ക്കാലിക ഭരണഘടനയെ മാറ്റി ദേശ സ്‌നേഹികളായ ഡോ. ബി.ആര്‍. അംബേദ്കറിനെപ്പോലുള്ള രാഷ്ട്ര മനീഷികളുടെ സൃഷ്ടിയായി രൂപപ്പെട്ട ഇന്ത്യന്‍ ഭരണഘടന പ്രാബല്യത്തില്‍ വന്ന ദിനമായി, 1950 ജനുവരി 26 തുടര്‍ന്നിങ്ങോട്ട് ലോകത്തെ വിസ്മയിപ്പിക്കുന്ന യാത്രയാണ് ഇന്ത്യാ മഹാരാജ്യം നടത്തുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി വളരുകയാണ് നമ്മുടെ രാജ്യം.

ശാസ്ത്ര സാങ്കേതിക മേഖലകളിലും ഭക്ഷ്യ സുരക്ഷാ മേഖലയിലും വിദേശ ബന്ധങ്ങളിലുമെല്ലാം വളര്‍ച്ചയുടെ പടവുകള്‍ കയറുമ്പോള്‍ തന്നെ ഇന്ത്യയെ ഇന്ത്യയാക്കുന്ന നമ്മുടെ അടിസ്ഥാന മൂല്യങ്ങള്‍ ഇന്നു സുരക്ഷിതമാണോ എന്ന ചിന്തകൂടി ഈ റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമാകണം.

ഇന്ത്യന്‍ സംസ്‌കാരം ലോകത്തിന്റെ അഴകായിരുന്നു. അഞ്ചു സഹസ്രാബ്ദങ്ങള്‍ നിറയുന്ന ആത്മീയ ഗരിമയുടെ അഴകുള്ള, ഋഷിപ്രോക്തമായ പ്രാക്തന ഭാരത സംസ്‌കാരം, കാലം കൈകൂപ്പി നമിക്കുന്ന കാര്യമായ ആ ഈടുവയ്പുകള്‍ക്കു മുകളില്‍ ഇന്നത്തെ ഇന്ത്യ അഴുക്കുപുരട്ടുന്നുണ്ടോ? നാനാദിക്കുകളില്‍ നിന്നെത്തിയ ഭിന്ന സ്വഭാവമുള്ള സംസ്‌കാരങ്ങളെ ഭാരതീയത എന്ന വിരുന്നുമേശയിലെ വിഭവങ്ങളാക്കിയ സമാശ്ലേഷണത്തിന്റെ ആ സമ്പന്നതയുണ്ടല്ലോ, അതെവിടെപ്പോയി എന്ന അന്വേഷണത്തില്‍ നിന്നു തുടങ്ങണം.

2022 ലെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍...

ഭാരതം എന്ന വാക്കിന്റെ പൊരുളില്‍ ഇരുളല പടരുന്നുണ്ടോ? ഭരതമുനി മനനം ചെയ്ത ഭാവരാഗ താളങ്ങളുടെ സമ്മേളനമായിരുന്നു ആര്‍ഷഭാരത സംസ്‌കാരത്തിന്റെ അടിത്തറ. പഞ്ചഭൂഖണ്ഡങ്ങളേയും വിസ്മയിപ്പിച്ച് ഭാരതത്തിന്റെ ഭാവവും രാഗവും താളവും ഇന്നെവിടെയാണ്?

ഭാരതത്തിന്റെ ഭാവം, മുഖഭാവം മാറുന്നുണ്ടോ? സൗമ്യതയുടേയും ആഢ്യത്വത്തിന്റെയും മാന്യമായ മതേതരത്വത്തിന്റെയും മുഖഭാവം മാറുന്നുണ്ടോ? പകരം വന്യമായ വര്‍ഗീയതയുടെ വിഷധൂളികള്‍ തുപ്പുന്ന വ്യാളികള്‍ വാപിളര്‍ന്നു നില്‍കുന്ന ബോര്‍ഡുകള്‍ കൊണ്ട് ഇന്ത്യയുടെ അതിരുകള്‍ അലങ്കരിക്കുമ്പോള്‍, അത് ഈ രാജ്യത്തിന്റെ മോടി കൂട്ടുമോ?

ഭാരതത്തിന്റെ രാഗം, നമുക്കു നഷ്ടമായോ? സ്‌നേഹം കൊണ്ട്, സൗഹാര്‍ദ്ദം കൊണ്ട്, അതിഥി ദേവോ ഭവ' എന്ന സംസ്‌കാരം കൊണ്ട്. ചരിത്രത്തെ തന്നെ പാടിയുണര്‍ത്തിയ ആര്‍ഷ പൈതൃകത്തിന്റെ ഭൂപാളരാഗം.. ഇന്നെവിടെ? ഇന്നിവിടെ, മറുനാട്ടില്‍ നിന്നും വിരുന്നിനെത്തുന്ന വിദേശിക ളുടെ പോലും മാനത്തിനു ഭംഗം വരുത്താനും സഹോദങ്ങളെപ്പോലും ഭോജനത്തിനുള്ള മാംസം മാത്രമായിക്കാണാനും പ്രലോഭിപ്പിക്കുന്ന ആസക്തിയുടെ അനുരാഗവിസ്താരം ഭാരതത്തിന്റെ ആത്മ രാഗങ്ങളെ വിഴുങ്ങുന്നില്ലേ? അയല്‍ക്കാരെ തിരിച്ചറിയാത്ത മതവിദ്വേഷത്തിന്റെ വൈരാഗം ഇവിടെ മുഴങ്ങുന്നില്ലേ?

ഭരതനാട്യവും, മോഹിനിയാട്ടവും, കുച്ചുപ്പുടിയും, കഥക്കും. തിരുവാതിരയും, ഒപ്പനയും മാര്‍ഗം കളിയുമെല്ലാം ഭാരത മനസില്‍ വിന്യസിച്ച ഹൃദയ ഐക്യത്തിന്റെ താളബോധം ഇന്നെവിടെ? ഇന്ത്യ എന്ന ഒരേയൊരു ലക്ഷ്യത്തിലേക്ക് ഒരേ താളത്തില്‍ ചുവടുവച്ചു നീങ്ങുന്ന ജനകോടികളുടെ ചേതനയില്‍, വംശീയതയുടെ, കക്ഷി രാഷ്ട്രീയത്തിന്റെ തീവ്രവാദത്തിന്റെ കലാപ മനസുകള്‍ നടത്തുന്ന കബന്ധ നൃത്തങ്ങള്‍ അരങ്ങു തകര്‍ത്താടുന്നില്ലേ? അഖണ്ഡഭാരത സ്വപ്നങ്ങള്‍ക്കു വിഘാതമായി, ഇവിടെ മുഴങ്ങുന്നില്ലേ, പ്രാദേശിക ഭാഷാദ്വോഷഘോഷങ്ങള്‍?

ഒരു ജനതയുടെ ഒന്നിച്ചുള്ള മുന്നേറ്റത്തില്‍ താളപ്പിഴ വരുത്താന്‍ പരിശീലനം നല്‍കുന്നവര്‍, ഈ രാജ്യത്തെ ഛിന്നഭിന്നമാക്കുകയുള്ളൂ എന്ന് നമുക്ക് തിരിച്ചറിയാം. ഭാരതം എന്ന പദത്തിന്റെ പൊരുള്‍ ലോകത്തിന്റെ ഇരുള്‍ നീക്കുന്നതാകണം. കാലം കണ്ടു വിസ്മരിക്കുന്ന നമ്മുടെ രാജ്യത്തിന്റെ അഴകുകള്‍ അഴുകിത്തീരാതിരിക്കാന്‍, ജാഗ്രതയോടെ കാവലിരിക്കണം, പുതിയ ഭാരതത്തിന്റെ അഴകും ആരോഗ്യവുമായ ഇന്നത്തെ വിദ്യാര്‍ഥികള്‍ പുരോഗതിയുടെ സമസ്ത സാധ്യതകളേയും സ്വന്തമാക്കി ഇന്ത്യ ജ്വലിക്കട്ടെ, ലോകദീപമായി. ജയ്ഹിന്ദ്

ഫാ. റോയി കണ്ണന്‍ചിറ സിഎംഐ എഴുതിയ പ്രപഞ്ചമാനസം എന്ന ഗ്രന്ഥത്തില്‍ നിന്ന് എടുത്ത ഭാഗമാണിത്.

ഫാ. റോയി കണ്ണന്‍ചിറയുടെ കൂടുതല്‍ രചനകള്‍ വായിക്കുന്നതിന്: cnewslive.com 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.