അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന: ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് കോടതിയില്‍

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന: ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപടക്കം ആറു പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ ക്രൈംബ്രാഞ്ച് മുദ്രവെച്ച കവറില്‍ ഹൈക്കോടതിയില്‍ ഹാജരാക്കും.

കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും അറസ്റ്റ് ഇന്ന് വരെ തടഞ്ഞ കോടതി മൂന്ന് ദിവസം ദിലീപ്, സഹോദരന്‍ അനുപ് അടക്കമുള്ളവരെ ചോദ്യം ചെയ്യാന്‍ അനുവദിച്ചിരുന്നു. അതേസമയം പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടും.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപ് ഉള്‍പ്പെടെ ആറു പ്രതികളാണുള്ളത്. ഇതില്‍ ദിലീപും സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സുരാജും ബന്ധു അപ്പുവും സുഹ്യത്ത് ബൈജുവിനെയുമാണ് ഹൈക്കോടതിയുടെ അനുമതിയോടെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. മൂന്നു ദിവസം ചോദ്യം ചെയ്തതിന് ശേഷം അതിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയാമെന്നാണ് ജസ്റ്റിസ്. പി ഗോപിനാഥ് തീരുമാനമെടുത്തത്. ഇതുപ്രകാരം പ്രോസിക്യൂഷന്‍ ചോദ്യം ചെയ്യലില്‍ പ്രതികളില്‍നിന്നു ലഭിച്ച മുഴുവന്‍ വിവരങ്ങളും ഹൈക്കോടതിക്ക് കൈമാറും. ചോദ്യം ചെയ്യലില്‍ പ്രതികള്‍ക്കെതിരെ ഗുരുതരമായ ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.

2017ലാണ് ഗൂഡാലോചന നടന്നത്. പ്രതികള്‍ അന്ന് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ ഒളിപ്പിച്ചെന്നും ഇത് കണ്ടെത്താന്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു. ഗൂഢാലോചനക്കേസ് എടുത്തതിനു പിന്നാലെയാണ് ദിലീപ്, സഹോദരന്‍ അനൂപ്, സഹായി അപ്പു എന്നിവര്‍ ഫോണ്‍ മാറ്റിയെന്നും ഇത് തെളിവ് നശിപ്പിക്കാനാണെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ ആരോപണം. അതേസമയം, കേസ് കെട്ടിച്ചമച്ചതാണെന്നും ബാലചന്ദ്രകുമാര്‍ തന്നെ പല തവണ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നുമാണ് ദിലീപ് പറയുന്നത്. പോലീസിന് ഫോണ്‍ നല്‍കിയാല്‍ കള്ളക്കഥകള്‍ ചമയ്ക്കുമെന്ന് ദിലീപ് പറഞ്ഞു. പോലീസിന് ഫോണ്‍ നല്‍കാനാകില്ലെന്നും ആവശ്യമെങ്കില്‍ കോടതിയില്‍ ഹാജരാക്കാമെന്നും ദിലീപിന്റെ അഭിഭാഷകന്‍ അറിയിച്ചു. ഫോണ്‍ വിദഗ്ധ പരിശോധനക്ക് ഹാജരാക്കിയിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു.

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ആരോപണമുന്നയിക്കുന്ന കാലയളവിലുള്ള ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ കൈവശമുണ്ട്. റെയ്ഡില്‍ മറ്റ് ഫോണ്‍ ഉള്‍പ്പെടെ പോലിസ് പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ കബളിപ്പിച്ചെന്ന പ്രചാരണം ഞെട്ടിച്ചു. ചോദ്യം ചെയ്യാന്‍ മൂന്ന് ദിവസവും സഹകരിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്റെ ഫോണ്‍ പരിശോധിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു.

അതേസമയം ദിലീപ് അഭിഭാഷകനായ ബി രാമന്‍പിള്ളയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ ഉച്ചയോടെ രാമന്‍പിള്ളയുടെ ഓഫീസിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. മണിക്കൂറുകളോളം കൂടിക്കാഴ്ച നീണ്ടു. ഇതിന് ശേഷമാണ് ഫോണ്‍ കൈമാറുന്നത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തിയത് ഈ കൂടിക്കാഴ്ചക്ക് ശേഷമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.