ദിലീപിനെ എന്തുകൊണ്ട് വെറുതേ വിട്ടു ? വിധിപ്പകര്‍പ്പില്‍ പറയുന്നത് ഇങ്ങനെ

 ദിലീപിനെ എന്തുകൊണ്ട് വെറുതേ വിട്ടു ? വിധിപ്പകര്‍പ്പില്‍ പറയുന്നത് ഇങ്ങനെ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയുണ്ടായി എന്നതിന് തെളിവുകളില്ലെന്ന് 1711 പേജുള്ള വിധിപ്പകര്‍പ്പില്‍ പറയുന്നു. ആകാശം ഇടിഞ്ഞുവീണാലും നീതി നടപ്പാകട്ടെ എന്നാണ് വിധി ന്യായത്തിലെ ഒരു വരിയില്‍ പറയുന്നത്. ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നാണ് വിധിന്യായത്തില്‍ പറയുന്നത്.

ഉത്തരവിന്റെ 1110 മുതലുള്ള ഭാഗത്താണ് എട്ടാം പ്രതിയായ ദിലീപിനെ എന്തുകൊണ്ട് വെറുതേ വിട്ടു എന്നത് സംബന്ധിച്ച് വ്യക്തത നല്‍കുന്നത്. ദിലീപ് ട്രയല്‍ കോടതിയില്‍ അടക്കം ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന തരത്തില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ചില രേഖകള്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്നാണ് വിധിന്യായത്തില്‍ പറയുന്നത്.

ദിലീപിനെ ഈ കേസിൽ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഗൂഢാലോചനാ സിദ്ധാന്തം കോടതി പൂർണമായും തള്ളി. ദിലീപ് പൾസർ സുനിക്ക് പണം നൽകി, ഒരു ക്വട്ടേഷൻ ആയി ഈ കൃത്യം നിർവഹിച്ചു തുടങ്ങിയ പ്രോസിക്യൂഷൻ വാദങ്ങളെല്ലാം കോടതി പൂർണമായും നിരാകരിച്ചു.

ദിലീപിനെതിരെ ചുമത്തിയ ക്രിമിനല്‍ ഗൂഢാലോചന കുറ്റത്തിന് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ദിലീപിനെ കുടുക്കാന്‍ വ്യാജ വാട്‌സാപ്പ് സന്ദേശങ്ങള്‍ ഉണ്ടാക്കിയെന്നതുള്‍പ്പെടെയുള്ള വാദങ്ങള്‍ കോടതി പരിഗണിച്ചില്ല. ആറ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചപ്പോള്‍ ദിലീപ് ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളെ വെറുതെ വിട്ടു.

പ്രധാന കാരണങ്ങള്‍ ചുരുക്കത്തില്‍

ഗൂഢാലോചന തെളിയിക്കുന്നതില്‍ പരാജയം:

ദിലീപ് തന്നെയാണ് ഗൂഢാലോചന നടത്തിയതെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് മതിയായ തെളിവുകള്‍ സമര്‍പ്പിക്കാനായില്ല. പള്‍സര്‍ സുനി ദിലീപില്‍ നിന്ന് പണം വാങ്ങിയെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷനുസാധിച്ചിട്ടില്ലെന്നും ദിലീപ് പണം നല്‍കിയതിന് തെളിവില്ലെന്നും ഉത്തരവില്‍ പറയുന്നു. ജയിലില്‍വച്ച് നടന്ന ഫോണ്‍ സംഭാഷണങ്ങള്‍, ജയിലില്‍ നിന്ന് കത്ത് വന്ന കാര്യങ്ങള്‍ എന്നിവയെല്ലാം ഗൂഢാലോചനയുടെ ഭാഗമായി പ്രോസിക്യൂഷന്‍ ഉന്നയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. നിയമപരമായി പോരായ്മകള്‍ ഉള്ളതിനാല്‍ ഇതൊന്നും തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.

ബാലചന്ദ്രകുമാറിന്റെ മൊഴി തള്ളി:

ദിലീപിന്റെ വീട്ടിലിരുന്ന് പീഡന ദൃശ്യം കണ്ടെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി കോടതി സ്വീകരിച്ചില്ല. മെമ്മറി കാര്‍ഡിന്റെ ഹാഷ്ടാഗ് മാറിയത് എങ്ങനെ എന്നതില്‍ വ്യക്തത വരുത്താനായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

വ്യാജ സന്ദേശങ്ങള്‍:

ദിലീപിനെ കുടുക്കാനായി വ്യാജ വാട്‌സാപ്പ് സന്ദേശങ്ങള്‍ ഉണ്ടാക്കിയെന്ന പ്രോസിക്യൂഷന്റെ വാദം കോടതി മുഖവിലയ്‌ക്കെടുത്തില്ല.

അപ്പീല്‍ സാധ്യത:

ദിലീപിനെ വെറുതെ വിട്ട ഈ വിധിയില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. വിധിപ്പകര്‍പ്പ് ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കും.

കൂടാതെ ഒന്‍പതാം പ്രതി മേസ്തിരി സനല്‍ ജയിലില്‍ പള്‍സര്‍ സുനിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നതിനും തെളിവില്ലെന്ന് വിധിന്യായത്തിലെ 1547-ാം പേജില്‍ പറയുന്നു.

പ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെ ആറ് പേര്‍ക്കും 20 വര്‍ഷം കഠിന തടവ് വിധിച്ചു. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് ശിക്ഷ വിധിച്ചത്. പള്‍സര്‍ സുനിയെ കൂടാതെ മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി വിജീഷ്, എച്ച്. സലിം (വടിവാള്‍ സലിം), പ്രദീപ് എന്നിവര്‍ കുറ്റക്കാരാണെന്ന് തിങ്കളാഴ്ച കോടതി കണ്ടെത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.