പട്ടിണി മൂലം കുട്ടികളെ വില്‍ക്കേണ്ട അവസ്ഥ; അഫ്ഗാന്‍ ജനതയെ കൈവിടരുതെന്ന് യു.എന്‍

പട്ടിണി മൂലം കുട്ടികളെ വില്‍ക്കേണ്ട അവസ്ഥ; അഫ്ഗാന്‍ ജനതയെ കൈവിടരുതെന്ന് യു.എന്‍

ജനീവ: അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെയും കുട്ടികളുടെയും അടിസ്ഥാന മൗലികാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് താലിബാനോട് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ്. നിലവില്‍ അഫ്ഗാനിസ്ഥാനില്‍ പട്ടിണി മൂലം കുട്ടികളെ വില്‍ക്കേണ്ട അവസ്ഥയാണ്. അതിനാല്‍, അഫ്ഗാനുള്ള മരവിപ്പിച്ച സാമ്പത്തിക സഹായം പുനസ്ഥാപിച്ചു നല്‍കാന്‍ അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. ദരിദ്രരായ ദശലക്ഷക്കണക്കിന് അഫ്ഗാന്‍ പൗരന്മാര്‍ മോശമായ മാനുഷിക സാഹചര്യങ്ങള്‍ക്കിടയില്‍ അതിജീവിക്കാന്‍ പാടുപെടുകയായെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ അഫ്ഗാനില്‍ ഉണ്ടായ വനിതാ ആക്ടിവിസ്റ്റുകളുടെ അറസ്റ്റിലും തട്ടിക്കൊണ്ടുപോകലുകളിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. 'അവരെ എത്രയും വേഗം മോചിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു. അഫ്ഗാനിലെ ജനങ്ങളെ പിന്തുണയ്ക്കുന്നതിനുവേണ്ടി അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ഥിക്കുകയാണ്. ലോകബാങ്കും യു.എസ് സര്‍ക്കാരും മരവിപ്പിച്ച സഹായധനം പുനസ്ഥാപിച്ചു നല്‍കണം-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'അതിഭീകരമായ പട്ടിണിയാണ് പകുതിയോളം അഫ്ഗാനികളും അനുഭവിക്കുന്നത്. ഭക്ഷണം വാങ്ങുന്നതിന് ചില കുടുംബങ്ങള്‍ കുട്ടികളെ വില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്'-ഗുട്ടെറെസ് പറഞ്ഞു. കുടുംബത്തിലേക്ക് ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്നതിന് അഫ്ഗാനിലെ ഒരു സ്ത്രീ തന്റെ രണ്ട് പെണ്‍കുട്ടികളെയും വൃക്കയും വിറ്റതായി ചൈനയുടെ യു.എന്‍. അംബാസഡര്‍ ഷാങ് ജുന്‍ പറഞ്ഞു. ഇതൊരു മാനഷികദുരന്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് അറുതി വരുത്താനും സ്ത്രീകളെ ജോലി ചെയ്യാന്‍ അനുവദിക്കാനും പെണ്‍കുട്ടികള്‍ക്കു വേണ്ടി സ്‌കൂളുകളുടെയും യൂണിവേഴ്സിറ്റികളുടെയും വാതിലുകള്‍ തുറന്നിടാനും അഫ്ഗാന്‍ ദൗത്യത്തിന്റെ ചുമതല വഹിക്കുന്ന നസീര്‍ അഹമദ് ഫെയ്ഖ് താലിബാനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് അഫ്ഗാന്‍ സര്‍ക്കാരിനെ അട്ടിമറിച്ച് താലിബാന്‍ അഫ്ഗാന്റെ ഭരണം ഏറ്റെടുത്തത്. തുടക്കത്തില്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും അവരെ ജോലി ചെയ്യുന്നതില്‍നിന്നു തടയില്ലെന്നും വിദ്യാഭ്യാസം നിഷേധിക്കില്ലെന്നും താലിബാന്‍ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും പലപ്പോഴായി അവ ലംഘിക്കപ്പെടുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.