കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടികളുടെ മൊഴി മജിസ്ട്രേറ്റ് നേരിട്ട് രേഖപ്പെടുത്തും. ബംഗളൂരുവില്‍ പെണ്‍കുട്ടികള്‍ക്കൊപ്പം പിടിയിലായ യുവാക്കള്‍ക്കെതിരെ പെണ്‍കുട്ടികള്‍ പൊലീസിന് മൊഴി നല്കി. യുവാക്കള്‍ മദ്യം നല്കി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കുട്ടികള്‍ പറഞ്ഞത്.
യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ജുവനൈല്‍ ജസ്റ്റിസ് ആക്ട്, പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തും. പെണ്‍കുട്ടികള്‍ക്ക് സാമ്പത്തിക സഹായം നല്കിയ യുവാവിനെയും തിരിച്ചറിഞ്ഞിട്ടുണ്ട്. മലപ്പുറം എടക്കരയിലെ സുഹൃത്താണ് പണം നല്‍കിയത്. കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറുടെ അക്കൗണ്ടിലേക്കും ഒരു ഇതര സംസ്ഥാനക്കാരന്റെ അക്കൗണ്ടിലേക്കും പണം നല്‍കാനാണ് പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടത്.
ഇതുപ്രകാരം യുവാവ് ഗൂഗിള്‍ പേ വഴി പണം കൈമാറുകയും ചെയ്തു. ഈ തുക ഉപയോഗിച്ചാണ് പെണ്‍കുട്ടികള്‍ യാത്ര ചെയ്തത്. ചിക്കന്‍പോക്സ് പിടിപെട്ട് ചികിത്സയിലാണ് ഈ യുവാവ്. പെണ്‍കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കടന്നുകളയുന്നതില്‍ യുവാവിന്റെ സഹായം ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. പുറത്തു കടന്ന ശേഷമാണ് പെണ്‍കുട്ടികള്‍ യുവാവിനെ വിളിച്ച് പണം ആവശ്യപ്പെട്ടതെന്നാണ് സൂചന.
ബംഗളൂരുവില്‍ എത്തിയശേഷം പെണ്‍കുട്ടികള്‍ മുറിയെടുത്തു നല്‍കാനായി സഹായം തേടിയ യുവാക്കളാണ് പൊലീസിന്റെ പിടിയിലായത്. സഹായം ചെയ്തുതരാമെന്ന് വാഗ്ദാനം നല്കിയ യുവാക്കള്‍ പെണ്‍കുട്ടികള്‍ക്ക് മദ്യം നല്‍കിയശേഷം ലൈംഗിക അതിക്രമത്തിനും മുതിര്‍ന്നുവെന്നും മൊഴി നല്കി. ചില്‍ഡ്രന്‍സ് ഹോമിലെ അവസ്ഥ മോശമായതിനാലാണ് അവിടെ നിന്നും രക്ഷപ്പെട്ടതെന്നും പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റു കുട്ടികളെയും വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കും. അതിനുശേഷം കുട്ടികളെ മജിസ്ട്രേറ്റിന്റെ മുമ്പില്‍ ഹാജരാക്കും. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടി കൈക്കൊള്ളാനാണ് പൊലീസിന്റെ തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.