തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരും. പുതിയ നിയന്ത്രണങ്ങളോ നിലവിലെ നിയന്ത്രണങ്ങളില്‍ ഇളവുകളോ ഇല്ല. ഞായറാഴ്ചകളിലെ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ മാറ്റമില്ലാതെ തുടരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന അവലോകനയോഗത്തിലാണ് തീരുമാനം.
സംസ്ഥാനത്തെ കോവിഡ് വ്യാപനത്തില്‍ വലിയ മാറ്റമില്ലാത്ത സാഹചര്യത്തിലാണ് കൂടുതല്‍ ഇളവുകളിലേക്ക് കടക്കേണ്ടെന്ന് തീരുമാനിച്ചത്. അതേസമയം അതിരൂക്ഷ രോഗ വ്യാപനമുണ്ടായിരുന്ന തിരുവനന്തപുരത്ത് കേസുകള്‍ കുറഞ്ഞെന്ന് യോഗം വിലയിരുത്തി.
എങ്കിലും തല്കാലം തിരുവനന്തപുരം സി കാറ്റഗറിയില്‍ തന്നെ തുടരും. രാത്രിക്കാല കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങളൊന്നും വേണ്ടെന്നാണ് നിലവിലെ ധാരണ. സി കാറ്റഗറിയില്‍പ്പെടുന്ന ജില്ലകളില്‍ തിയേറ്ററുകളും ജിമ്മുകളും അടച്ച തീരുമാനം വലിയ വിമര്‍ശനങ്ങളുണ്ടായെങ്കിലും ആ നിയന്ത്രണങ്ങളും അതേപ്പടി തുടരാനാണ് തീരുമാനം.
അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള റാന്‍ഡം പരിശോധന ഇരുപത് ശതമാനമായിരുന്നത് രണ്ട് ശതമാനമാക്കി ചുരുക്കും. സംസ്ഥാനത്ത് ഒമിക്രോണ്‍ വ്യാപനം വ്യക്തമായ സാഹചര്യത്തില്‍ ഇനി വൈറസ് വകഭേദം കണ്ടെത്താനുള്ള പരിശോധന വേണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്.
ഒമിക്രോണും ഡെല്‍റ്റയുമല്ലാതെ മറ്റേതെങ്കിലും വകഭേദം പുതുതായി രൂപപ്പെട്ടോ എന്ന നിരീക്ഷണം തുടരാനാണ് രണ്ട് ശതമാനം പേര്‍ക്ക് റാന്‍ഡം പരിശോധന നടത്താന്‍ തീരുമാനിച്ചത്. കോവിഡ് വ്യാപനം അതിരൂക്ഷമായിട്ടും ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞില്ല എന്നതും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം കുറവാണ് എന്നതും ശുഭസൂചനയായി അവലോകന യോഗം വിലയിരുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.