നാല്പത്തിയെട്ടാം മാർപാപ്പ വി. ഫെലിക്‌സ് മൂന്നാമന്‍ മാര്‍പ്പാപ്പ (കേപ്പാമാരിലൂടെ ഭാഗം-49)

നാല്പത്തിയെട്ടാം  മാർപാപ്പ വി. ഫെലിക്‌സ് മൂന്നാമന്‍ മാര്‍പ്പാപ്പ (കേപ്പാമാരിലൂടെ ഭാഗം-49)

തിരുസഭയുടെ നാല്പത്തിയെട്ടാമത്തെ മാര്‍പ്പാപ്പയായി ഫെലിക്‌സ് മൂന്നാമന്‍ മാര്‍പ്പാപ്പ ഏ.ഡി. 483 മാര്‍ച്ച് 13-ാം തീയതി തിരഞ്ഞെടുക്കപ്പെട്ടു. വൈദികന്റെ മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട സമയത്ത് അദ്ദേഹം വിഭാര്യനും രണ്ടു മക്കളുടെ പിതാവുമായിരുന്നു. പില്‍ക്കാലത്ത് വി. പത്രോസിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ട മഹാനായ ഗ്രിഗറി മാര്‍പ്പാപ്പയുടെ പുര്‍വ്വികനായിരുന്നു ഫെലിക്‌സ് മൂന്നാമന്‍ മാര്‍പ്പാപ്പ. സഭയുടെ ആദ്യ ശതകങ്ങളില്‍ ചെറുപട്ടങ്ങള്‍ സ്വീകരിച്ചവര്‍ക്ക് വലിയ പട്ടങ്ങള്‍ സ്വീകരിക്കുന്നതിനുമുമ്പ് വിവാഹം കഴിക്കാമെന്നുള്ള കീഴ്‌വഴക്കം സഭയിലുണ്ടായിരുന്നു.

തന്റെ തിരഞ്ഞെടുപ്പിനുശേഷം ഉടനെ തന്നെ ഫെലിക്‌സ് മാര്‍പ്പാപ്പ മോണൊഫിസിറ്റിസം പാഷണ്ഡതയുടെ പക്ഷക്കാരനായിരുന്ന അലക്‌സാണ്ട്രിയായുടെ മെത്രാനെ തല്‍സ്ഥാനത്തുനിന്ന് നിഷ്‌കാസനം ചെയ്യുവാനും ക്രിസ്തുവിന്റെ മനുഷ്യസ്വഭാവവും ദൈവീക സ്വഭാവവും സംബന്ധിച്ച ചാല്‍സിഡണ്‍ സൂനഹദോസിന്റെ പഠനങ്ങള്‍ അംഗീകരിക്കുവാനും അനുഷ്ഠിക്കുവാനും ആവശ്യപ്പെട്ടു. കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പാത്രിയാര്‍ക്കീസായ അക്കാസിയസിനെ അലക്‌സാണ്ട്രിയായുടെ മെത്രാനെ പിന്തുണച്ചതിനാല്‍ മാര്‍പ്പാപ്പ അദ്ദേഹത്തെ ശക്തമായി ഖണ്ഡിച്ചു. മാത്രമല്ല ചാല്‍സിഡണ്‍ സൂനഹദോസിന്റെ പഠനങ്ങളെയും മോണോഫിസിറ്റിക്ക് പഠനങ്ങളെയും അനുരജ്ഞപ്പിക്കുവാന്‍ പരിശ്രമിച്ചുകൊണ്ട് ഏ.ഡി. 482-ല്‍ സെനോ ചക്രവര്‍ത്തിയും അക്കാസിയസ് പാത്രിയാര്‍ക്കീസും സംയുക്തമായി പുറത്തിറക്കിയ ഹെനോറ്റിക്കോണ്‍ എന്ന രാജകീയ പ്രസ്താവനയെ തിരസ്‌കരിക്കുകയും ചെയ്തു. മോണോഫിസിറ്റിക്ക് പക്ഷക്കാരാല്‍ നിഷ്‌കാസിതനായ അലക്‌സാണ്ട്രിയായുടെ മെത്രാന്റെ അരോപണങ്ങളില്‍ തന്റെ ഭാഗം വിശദീകരിക്കുവാന്‍ അക്കാസിയസിനെ റോമിലേക്ക് വിളിപ്പിച്ചു. എന്നാല്‍ മാര്‍പ്പാപ്പയുടെ പ്രതിനിധികളായി കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് അയക്കപ്പെട്ടവര്‍ തങ്ങളുടെ ദൗത്യം ഫലപ്രദമായി നിര്‍വ്വഹിക്കുവാന്‍ പരാജയപ്പെട്ടു. മോണോഫിസിറ്റിസം പാഷണ്ഡതയുടെ പക്ഷക്കാരനായ മെത്രാനെ വി. കുര്‍ബാനയുടെ കൂദാശക്രമത്തില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ അതിനെ അവര്‍ എതിര്‍ത്തില്ല. ഇത് ഹെനോറ്റിക്കോണ്‍ എന്ന പ്രസ്താവന റോം അംഗീകരിച്ചുവെന്ന പ്രതീതി പൗരസ്ത്യസഭയില്‍ ഉണ്ടാകുവാന്‍ കാരണമായി.

മാര്‍പ്പാപ്പയുടെ പ്രതിനിധികള്‍ റോമില്‍ തിരിച്ചെത്തിയപ്പോള്‍ അവരെയും അക്കാസിയസിനെയും ഹെനോറ്റിക്കോണ്‍ എ.ഡി. 484-ലെ സിനഡുവഴി ഫെലിക്‌സ് മാര്‍പ്പാപ്പ സഭാഭ്രഷ്ടരാക്കി. അക്കിസയസ് പാത്രിയാര്‍ക്കിസ് സഭഭ്രഷ്ടനാക്കപ്പെട്ട വിവരം തന്റെ പ്രത്യേക ദൂതന്‍വഴിയായി മാര്‍പ്പാപ്പ അദ്ദേഹത്തെ ധരിപ്പിച്ചു. മാത്രമല്ല യാഥാസ്ഥികരായ ചില സന്യാസികള്‍ മാര്‍പ്പാപ്പയുടെ ഉത്തരവ് അക്കാസിയസ് പാത്രിയാര്‍ക്കീസ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന വേളയില്‍ അദ്ദേഹത്തിന്റെ തിരുവസ്ത്ത്രിന്റെ പിന്നില്‍ തുന്നിവെച്ചു. അക്കിസയസ് പാത്രിയര്‍ക്കീസിനെ സ്ഥാനഭ്രഷ്ടനാക്കിയ നടപടി സഭയില്‍ പുതിയ വിഭാഗിയതയ്ക്ക് കാരണമായി. മാര്‍പ്പാപ്പയുടെ നടപടിയുടെ ഫലമായി അദ്ദേഹത്തിന്റെ നാമം കോണ്‍സ്റ്റാന്റിനോപ്പിളില്‍ നിലവിലുണ്ടായിരുന്ന വി. കുര്‍ബാനയിലെ പ്രാര്‍ത്ഥനകളില്‍ നിന്നെല്ലാം നീക്കം ചെയ്തു. അതിലുപരിയായി ഫെലിക്‌സ് മാര്‍പ്പാപ്പയുടെ ശിക്ഷാനടപടി തിരുസഭയില്‍ വിദൂര ഫലങ്ങള്‍ക്കും കാരണമായി. ഏ.ഡി. 519-വരെ അതായത് ഇരുപത്തിയഞ്ച് വര്‍ഷത്തോളം നീണ്ടുനിന്ന അക്കാസിയന്‍ സിസത്തിന് തുടക്കമായിരുന്നു ഇത്.

ഏ.ഡി. 489-ല്‍ അക്കാസിയസ് പാത്രിയാര്‍ക്കീസ് മരണമടയുകയും കോണ്‍സ്റ്റാന്റിനോപ്പിളില്‍ പുതിയ ചക്രവര്‍ത്തി സ്ഥാനാരോഹണം നടത്തുകയും ചെയ്തപ്പോള്‍ സഭയില്‍ ഉടലെടുത്ത വിഭാഗിയത പരിഹരിക്കുവാനും സമാധാനം കൈവരിക്കുവാനുമുള്ള ശ്രമങ്ങളുണ്ടായപ്പോള്‍ ഫെലിക്‌സ് മാര്‍പ്പാപ്പ അത്തരം ശ്രമങ്ങള്‍ക്കെതിരെ മുഖം തിരിക്കുകയാണുണ്ടായത്. അലക്‌സാണ്ട്രിയായില്‍ മോണൊഫിസിറ്റിക്ക് മെത്രാന്‍ അധികാരത്തിലിരിക്കുന്ന കാലത്തോളവും അദ്ദേഹത്തിന്റെയും അക്കാസിയസിന്റെയും നാമങ്ങള്‍ വിശുദ്ധ കുര്‍ബാനയില്‍ അനുസ്മരിക്കുന്ന പതിവ് അവസാക്കാത്ത കാലത്തോളവും അനുരജ്ഞനം സാധ്യമാകില്ലെന്ന് മാര്‍പ്പാപ്പ ശക്തമായ നിലപാടെടുത്തു. അലക്‌സാണ്ട്രയായിലെ മെത്രാന്‍ മരണമടഞ്ഞതിനുശേഷം യാഥാസ്ഥികനും തിരുസഭാ പഠനങ്ങളെ അംഗീകരിക്കുന്നവനുമായ മെത്രാന്‍ അഭിഷിക്തനാവുകയും ചെയ്തതിനുശേഷവും ഫെലിക്‌സ് മൂന്നാമന്‍ മാര്‍പ്പാപ്പ അക്കാസിയാസിന്റെ നാമം വി. കുര്‍ബാനയിലെ പ്രാര്‍ത്ഥനകളില്‍നിന്ന് നീക്കം ചെയ്യുന്നതുവരെ കോണ്‍സ്റ്റാന്റിനോപ്പിളുമായി അനുരജ്ഞനപ്പെടുവാനും പുനഃരൈക്യപ്പെടുവാനും തയ്യാറായില്ല. ചക്രവര്‍ത്തിക്കുള്ള തന്റെ ഒരു കത്തില്‍ മാര്‍പ്പാപ്പ ദൈവിക കാര്യങ്ങള്‍ അവ ഭരമേല്‍പ്പിക്കപ്പെട്ടിരിക്കുന്നവരില്‍ നിന്നും പഠിക്കുവാനും അവ പഠിപ്പിക്കുവാന്‍ ഒരിക്കലും താല്പര്യപ്പെടരുതെന്നും വ്യക്തമായി താക്കീതു നല്‍കി.

പാശ്ചാത്യസഭയിലെ അജപാലന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കര്‍ക്കശവും അചഞ്ചലവുമായ നടപടികളാണ് സ്വീകരിച്ചത്. ആര്യന്‍ പാഷണ്ഡതയുടെ സ്വാധീന വലയത്തില്‍പ്പെട്ടും സമ്മര്‍ദ്ദം മൂലവും വിണ്ടും ആര്യന്‍ മാമ്മോദീസ സ്വീകരിച്ച വടക്കെ ആഫ്രിക്കയിലെ കത്തോലിക്ക വിശ്വാസികളുടെ കാര്യത്തില്‍ തിരുപ്പട്ടം സ്വീകരിച്ചവരെ അവരുടെ മരണസമയത്തുമാത്രമേ സഭയുമായി അനുരജ്ഞനപ്പെടുവാന്‍ അനുവദിക്കാവൂ എന്നും മറ്റു വിശ്വാസിളേ അനേക വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന കര്‍ക്കശമായ പ്രായ്ശ്ചത്യപ്രവര്‍ത്തകള്‍ക്കുശേഷം മാത്രമേ സഭയില്‍ വീണ്ടും സ്വീകരിക്കാവൂവെന്നും മാര്‍പ്പാപ്പ ഏ.ഡി. 487-ലെ കല്പന വഴി നിഷ്‌കര്‍ഷിച്ചു.

ഏ.ഡി. 492 മാര്‍ച്ച് 1-ാം തീയതി കാലം ചെയ്ത ഫെലിക്‌സ് മൂന്നാമന്‍ മാര്‍പ്പാപ്പയുടെ ഭൗതീകശരീരം റോമിലെ വി. പൗലോസിന്റെ ബസിലിക്കയിലെ അദ്ദേഹത്തിന്റെ കുടുംബകല്ലറയില്‍ തന്റെ പിതാവിന്റെയും ഭാര്യയുടെയും മക്കളുടെയും അരികിലായി സംസ്​കരിച്ചു.

St. Felix III succeeded Simplicius on March 13, 483. The son of a priest and a widower with at least two children, he was also the great-greatgrandfather of Pope Gregory the Great (590–604). He rejected the Henoticon, a statement developed by emperor Zeno and Acacius, the patriarch of Constantinople, designed to reconcile differences in Chalcedonian Christology with Monophysitism. He also excommunicated Acacius. Felix cut ties with Acacius and the East so long as the Monophysite bishop’s name was mentioned in the Mass. The Acacian Schism, which lasted until 519, is considered the first serious breach of unity between the East and West. Felix died on March 1, 492.

എല്ലാ മാർപാപ്പാമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.