'സൂര്യകളങ്കം' വീണ്ടും: പതിനൊന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം; 'ഭൂകാന്തിക കൊടുങ്കാറ്റ്' ഉണ്ടാകാമെന്ന് വിദഗ്ധര്‍

 'സൂര്യകളങ്കം' വീണ്ടും: പതിനൊന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം; 'ഭൂകാന്തിക കൊടുങ്കാറ്റ്' ഉണ്ടാകാമെന്ന് വിദഗ്ധര്‍


ന്യൂയോര്‍ക്ക്: പതിനൊന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും സൂര്യകളങ്കം ദൃശ്യമായിത്തുടങ്ങി. സൗരോപരിതലത്തിലെ തൊട്ടടുത്ത സ്ഥലങ്ങളെ അപേക്ഷിച്ച് ചൂടും പ്രകാശവും കുറഞ്ഞ ഭാഗങ്ങളാണ് സൂര്യകളങ്കമായി കാണപ്പെടുന്നത്. സൂര്യ പ്രഭാമണ്ഡലത്തില്‍ സംഭവിക്കുന്ന താത്കാലിക പ്രതിഭാസമായ 'സണ്‍ സ്‌പോട്ട്' 2011 ലാണ് ഇതിനു മുമ്പു പ്രത്യക്ഷപ്പെട്ടത്.

സൗരകാന്ത മണ്ഡലവുമായി ബന്ധപ്പെട്ടു രൂപം പ്രാപിക്കുന്ന 'സണ്‍ സ്‌പോട്ട്' ദിവസങ്ങളോ ആഴ്ചകളോ നീണ്ടു നില്‍ക്കും. ക്രമേണ ക്ഷയിച്ച് ഇല്ലാതാകും.അംഗീകൃത സോളാര്‍ ഫില്‍ട്ടറുകള്‍ ഘടിപ്പിച്ച ടെലിസ്‌കോപ്പ് ഉപയോഗിച്ചല്ലാതെ നിരീക്ഷിച്ചാല്‍ കണ്ണിനു കേടുണ്ടാക്കും ഇതെന്ന് വിദഗ്ധര്‍ പറയുന്നു. മുന്‍കരുതലില്ലാതെ ക്യാമറ സൂര്യനു നേരെ പിടിച്ച് ഫോക്കസ് ചെയ്യുന്നത് കണ്ണിനും ക്യാമറയ്ക്കും അപകടമുണ്ടാക്കും.

പതിനൊന്നുവര്‍ഷമാണ് ഇതിന്റെ സാധാരണ ചാക്രിക കാലമെങ്കിലും അതിനിടയിലും ചിലപ്പോഴൊക്കെ കാണാറുണ്ട്. ഇപ്പോഴുള്ള സൂര്യകളങ്കം രൂപം പ്രാപിച്ചിട്ടുള്ളത് സൗരോപരിതലത്തിലെ എ.ആര്‍.2936 എന്ന ഭാഗത്താണ്. വലിയ സണ്‍സ്പോട്ട് മേഖലയായ ഇതിന്റെ വലിപ്പം കഴിഞ്ഞ വാരാന്ത്യത്തില്‍ നാലിരട്ടി വര്‍ധിച്ച ശേഷം ജനുവരി 30 നാണ് 'എര്‍ത്ത് ഡയറക്ടഡ് കൊറോണല്‍ മാസ് ഇജക്ഷന്‍ (CME)' ഉണ്ടായതെന്ന് നാസയിലെ വിദഗ്ധര്‍ കണ്ടെത്തി. സൂര്യനില്‍ നിന്ന് ഈ കണങ്ങള്‍ ഭൂമിയിലേക്കെത്തുന്നത്് ദിവസങ്ങളെടുത്താണ്.എര്‍ത്ത് ഡയറക്ടഡ് കൊറോണല്‍ മാസ് ഇജക്ഷന്‍ ഭൂമിയുമായി കൂട്ടിയിടിച്ച് 'ഭൂകാന്തിക കൊടുങ്കാറ്റ്', അതിദീപ്ത കിരണ വിന്യാസമായ 'അറോറ' എന്നീ സൗര പ്രതിഭാസങ്ങളും തുടര്‍ന്നുള്ള ദിവസങ്ങളില്‍ അരങ്ങേറാമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

യുഎസ് ആസ്ഥാനമായുള്ള നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്‌ഫെറിക് അഡ്മിനിസ്ട്രേഷന്റെ കീഴിലുള്ള ബഹിരാകാശ കാലാവസ്ഥാ പ്രവചന കേന്ദ്രം (NOAA) മിതമായ ഭൂകാന്തിക കൊടുങ്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സൂര്യനില്‍ നിന്നുള്ള പലതരം വികിരണങ്ങള്‍ ഭൂമിയുടെ അന്തരീക്ഷ വായുമണ്ഡലമായ അയണോസ്പിയറില്‍ പ്രതിപ്രവര്‍ത്തിക്കുന്നത് വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുടെയും ജി.പി.എസ്. ഉപകരണങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.