മകളുടെ വിവാഹത്തിന് വായ്പ: ഭൂരേഖകള്‍ക്കായി മത്സ്യത്തൊഴിലാളി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയത് ഒരു വര്‍ഷം; അവസാനം ആത്മഹത്യ

 മകളുടെ വിവാഹത്തിന് വായ്പ: ഭൂരേഖകള്‍ക്കായി മത്സ്യത്തൊഴിലാളി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയത് ഒരു വര്‍ഷം; അവസാനം ആത്മഹത്യ

പറവൂര്‍: ഭൂമി തരംമാറ്റി കിട്ടാത്തതില്‍ മനംനൊന്ത് മത്സ്യത്തൊഴിലാളി മരക്കൊമ്പില്‍ ജീവനൊടുക്കി. വടക്കേക്കര പഞ്ചായത്ത് മാല്യങ്കര കോയിക്കല്‍ സജീവ (57) നെയാണ് വ്യാഴാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ആകെയുള്ള നാല് സെന്റ് ഭൂമി തരംമാറ്റി കിട്ടുന്നതിനായി വില്ലേജ് ഓഫീസ് മുതല്‍ ആര്‍.ഡി.ഒ. ഓഫീസ് വരെ ഒന്നര വര്‍ഷം കയറി ഇറങ്ങിയിട്ടും തരംമാറ്റി കിട്ടാത്തതില്‍ മനംനൊന്താണ് ആത്മഹത്യ.

മൃതദേഹത്തിന്റെ വസ്ത്രത്തിലുണ്ടായിരുന്ന കത്തില്‍ പിണറായി സര്‍ക്കാരിനെ കുറ്റപ്പെടുത്തിയുള്ള പരാമര്‍ശം ഉണ്ടായിരുന്നതായി ബന്ധു പ്രശോഭ്, ഷിനില്‍, പഞ്ചായത്ത് അംഗം പി.എം ആന്റണി എന്നിവര്‍ പറഞ്ഞു. നാല് സെന്റിലുള്ള വീട്ടിലാണ് സജീവനും കുടുംബവും താമസം. സ്വകാര്യ ചിട്ടി കമ്പനിയില്‍ വീടിന്റെ ആധാരം പണയപ്പെടുത്തി പണം എടുത്തിരുന്നു. അവിടത്തെ കാലാവധി കഴിയാറായപ്പോള്‍ വായ്പയ്ക്ക് മറ്റൊരു ബാങ്കില്‍ അപേക്ഷിക്കാന്‍ തീരുമാനിച്ചു.

കടം വാങ്ങി ചിട്ടി കമ്പനിയില്‍ അടച്ച് ആധാരം തിരികെ വാങ്ങി. ഈ ആധാരം ബാങ്കില്‍ പണയത്തിനായി നല്‍കിയപ്പോഴാണ് ഡേറ്റാ ബാങ്കില്‍ നാല് സെന്റ് നിലമായാണ് കിടക്കുന്നതെന്നു കണ്ടത്. നിലം പുരയിടമാക്കി കിട്ടാന്‍ മൂത്തകുന്നം വില്ലേജ് ഓഫീസ് മുതല്‍ പറവൂര്‍ താലൂക്ക് ഓഫീസും ഫോര്‍ട്ട്കൊച്ചി ആര്‍.ഡി.ഒ ഓഫീസും പലകുറി കയറിയിറങ്ങി. ഒടുവില്‍ ആര്‍.ഡി.ഒ ഓഫീസില്‍ പോയി മടങ്ങിവന്ന ശേഷമാണ് ജീവനൊടുക്കിയത്.

പുലര്‍ച്ചെ ഭാര്യയാണ് മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഇന്‍ക്വസ്റ്റ് നടത്തിയപ്പോഴാണ് വസ്ത്രത്തിനടിയില്‍ നിന്ന് മരണക്കുറിപ്പായ കത്ത് കണ്ടെത്തിയത്. കത്തിലെ എഴുത്തില്‍ അവ്യക്തത ഉള്ളതിനാല്‍ പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. വീഴ്ചയുണ്ടായ ഉദ്യോഗസ്ഥര്‍ക്കെതിരേ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ബന്ധുക്കള്‍. ഭാര്യ: സതി. മക്കള്‍: നിഥിന്‍ദേവ്, അഷിതാദേവി. മരുമക്കള്‍: വര്‍ഷ, രാഹുല്‍. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.