2019 നവംബറിൽ തന്റെ സാന്നിധ്യം അറിയിച്ച കോവിഡ് 19, ഇതിനോടകം പല വകഭേദങ്ങളിലായി മനുഷ്യരെ അമ്പരിപ്പിച്ചുകിണ്ടിരിക്കുകയാണ്. ഒമിക്രോണിൽ എത്തി നിൽക്കുന്ന ഈ യാത്ര ഇനി എത്ര നീളും എന്നും തിട്ടമില്ല. ഒമിക്രോൺ താണ്ഡവമാടുമ്പോഴും ഇതിനൊരറുതി വരും എന്ന പ്രതീക്ഷയിലാണ് ലോകജനത. ഈ സമയത്ത് പല തെറ്റായ വിവരങ്ങളും അറിഞ്ഞും അറിയാതെയും സോഷ്യൽ മീഡിയയിൽ കൂടി പടരുന്നുണ്ട്. പലതും ഉപദ്രവകരങ്ങളല്ല എങ്കിലും മനുഷ്യർക്ക് തെറ്റായ അറിവ് പകരുന്നവയാണ് അവ. ഈ കോവിഡ് കാലത്ത് ഇത്തരത്തിൽ പടരുന്ന തെറ്റായ ചില വിവരങ്ങളുടെ ശരിയായ വശമാണ് ഇവിടെ പങ്ക് വയ്ക്കുന്നത്.
കോവിഡ് ടെസ്റ്റിൽ നിന്ന് തന്നെ തുടങ്ങാം.
തെറ്റായ ധാരണകൾ:
1 കോവിഡ് ടെസ്റ്റ് ചെയ്യാൻ പോകുന്നതിന് മുൻപ് നന്നായി ആവി പിടിച്ചാൽ ടെസ്റ്റ് നെഗറ്റീവ് ആകാൻ സഹായിക്കും:
വളരെ തെറ്റായ ഒരു ധാരണയാണിത്. അത് വിശദീകരിക്കും മുൻപ്, കോവിഡ് ടെസ്റ്റ് എന്താണ് എന്ന് നോക്കാം.
ശരീരത്തിൽ ഒരു രോഗാണു പ്രവേശിച്ചാൽ , ആ അണുവിന്റെ ശരീരത്തിൽനിന്നും പുറപ്പെടുന്ന ഒരു വസ്തു (ടോക്സിൻ) നമ്മുടെ ശരീരത്തിൽ കലരുന്നു. ശരീരത്തു കടക്കുന്ന രോഗാണുവിനെ 'ഫോറിൻ ബോഡി' എന്ന് വിളിക്കുന്നു. ഫോറിൻ ബോഡിയിൽ നിന്നു പുറപ്പെടുന്ന ആ വസ്തു ആന്റിജൻഎന്ന് അറിയപ്പെടുന്നു. കോവിഡ് ടെസ്റ്റ് ചെയുമ്പോൾ നമ്മുടെ ശരീരത്തിൽ വൈറസ് പുറപ്പെടുവിച്ച ആന്റിജൻ ഉണ്ടോ എന്നാണ് പരിശോധിക്കുന്നത്. ഇത് മനസ്സിലാക്കിയാൽ കാര്യങ്ങൾ എളുപ്പമായി. ടെസ്റ്റ് ചെയ്യാൻ സ്വാബ് ഉപയോഗിച്ച് എടുക്കുന്നത് മൂക്കിന്റെ ഉൾഭിത്തികളിലോ, വായിലോ പറ്റിപ്പിടിച്ചിരിക്കുന്ന വൈറസിനെയല്ല. സ്വാബ് ഉപയോഗിച്ച് നമ്മുടെ ശരീരത്തിലെ സ്രവമാണ് എടുക്കുന്നത് , മൂക്കിൽനിന്ന് അല്ലെങ്കിൽ വായിൽനിന്ന്. എത്ര ആവി പിടിച്ചാലും സ്രവത്തിലടങ്ങിയിരിക്കുന്ന ആന്റിജന് ഒരു മാറ്റവും സംഭവിക്കില്ല. വൈറസ് ശരീരത്തു കടന്നിട്ടുണ്ടെങ്കിൽ, ശരീര സ്രവത്തിൽ ആന്റിജൻറെ സാന്നിധ്യം ഉണ്ടെങ്കിൽ എത്ര ആവി പിടിച്ചാലും ,ടെസ്റ്റിൽ ആന്റിജന്റെ സാന്നിധ്യം കാണിച്ചിരിക്കും.( ഫാൾസ് പോസിറ്റീവ് അല്ലെങ്കിൽ ഫാൾസ് നെഗറ്റീവ് ഉണ്ടാവും എന്നതും ഓർക്കുക).
ഫോറിൻ ബോഡിക്കെതിരെ ശരീരം പ്രതിരോധിക്കുന്നത് ആന്റിബോഡി പുറപ്പെടുവിച്ചുകൊണ്ടാണ്. ചില പ്രത്യേക രോഗങ്ങൾ ബാധിച്ചിട്ടുണ്ടോ എന്നറിയാൻ രക്തത്തിലെ ആന്റിബോഡി പരിശോധിക്കാറുണ്ട്. കോവിഡ് ബാധിച്ചിട്ടുണ്ടോ എന്നറിയാൻ ആന്റിബോഡി ടെസ്റ്റ് ചെയാറുണ്ടല്ലോ. ഓരോ രോഗത്തിനും 'സ്പെസിഫിക്' ആന്റിബോഡി ആണ് പരിശോധിക്കുന്നത്. കോവിഡീന് മാത്രം, വാക്‌സിൻ എടുത്തത് മൂലമുള്ള ആന്റിബോഡിയും രോഗം വന്നത് മൂലമുള്ള ആന്റിബോഡിയും വ്യത്യസ്തമായിരിക്കും.
2 . ടെസ്റ്റ് ചെയ്യാൻ പോകും മുൻപ് ഡോളോ കഴിച്ചാൽ ടെസ്റ്റ് നെഗറ്റീവ് അകാൻ സഹായിക്കും
ഇതും യാതൊരു അടിസ്ഥാനവുമായില്ലാത്ത ഒരു തെറ്റിദ്ധാരണയാണ്. ഡോളോ അല്ലെങ്കിൽ പാരസെറ്റമോൾ ശരീര ഊഷ്മാവ് കുറയ്ക്കാനായി ഉപയോഗിക്കുന്ന മരുന്നാണ്. ഡോളോ,കാൽപോൾ തുടങ്ങി പല പേരുകളിലായി പാരസെറ്റമോൾ വിപണിയിലുണ്ട്. പനി വരുമ്പോൾ, ശരീരത്തിന്റെ താപ നില കുറയ്ക്കുകയാണ് ഡോളോ ചെയുന്നത്. ചില ചെറിയ വേദനകൾക്കും ഇത്ഉപയോഗിക്കാറുണ്ട്. എന്നാൽ കോവിഡ് ടെസ്റ്റ് റിസൾട്ടിനെ ഡോളോ ഒരു തരത്തിലും ബാധിക്കുന്നില്ല.
3 ഇഞ്ചി, മഞ്ഞൾ, വെളുത്തുള്ളി,നാരങ്ങാ തുടങ്ങിയവ കോവിഡ് രോഗത്തിന് ചികിത്സയാണ്
ഏതു രീതിയിൽ അവതരിപ്പിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തി ഈ പ്രസ്താവനയിൽ തെറ്റും ശരിയും ഉണ്ട്. കാരണം, ഈ വസ്തുക്കൾ വൈറസിനെ നശിപ്പിക്കുകയോ കോവിഡിനെതിരെ ചികിത്സ നൽകുകയോ ചെയ്യുന്നില്ല. എന്നാൽ ചെയുന്നത്, ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടി രോഗത്തെ ചെറുക്കൻ സഹായിക്കുന്നു. ആന്റി ഓക്സിഡന്റ്സ് ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വർധിക്കാൻ സഹായകമാകുന്നു. ഈ അർത്ഥത്തിൽ രോഗപ്രതിരോധത്തിന് ഈ വസ്തുക്കൾ സഹായകമാണ്. എന്നാൽ കോവിഡ് ചികിത്സിക്കായി ഈ വസ്തുക്കൾ ഉപയോഗിക്കുന്നില്ല.
ഒമിക്രോൺ
അൽഫയേയും ഡെൽറ്റയേയും പിന്തള്ളിക്കൊണ്ട് ഓമിക്രോൺ മുന്നേറുകയാണ്. പുതിയതായി വരുന്ന കേസുകളിൽ ഒമിക്രോൺ ആണ് കൂടുതലായി കാണുന്നത്. ഒമിക്രോണിന്റെ വ്യാപനശേഷി വളരെ കൂടുതൽ ആണെന്നുള്ളത്, വളരെ വേഗം ആളുകളിലേക്ക് പകരാൻ കാരണമാകുന്നു. ഒമിക്രോൺ ബാധിച്ച ഒരാളുടെ വായിൽനിന്നും തെറിച്ചു വീഴുന്ന ഒരു തുള്ളി സ്രവത്തിൽ മറ്റു വകഭേദങ്ങളെ അപേക്ഷിച്ച്, മൂന്നിരട്ടി വയറസ് അടങ്ങിയിട്ടുണ്ട് എന്നതാണ് പകർച്ച ത്വരിതമാക്കുന്നത്. ഒമിക്രോണിന്റെ 'വയറസ് ലോഡ്'(virus load) കൂടുതലാണ് എന്ന് പറയുന്നത് ഇതുകൊണ്ടാണ്.
ഒമിക്രോണിന് കോവിഡ് 19ന്റെ മറ്റു വകഭേദങ്ങളുമായിട്ടുള്ള ഒരു പ്രധാന വ്യത്യാസം, ഒമിക്രോണിന്റെ **'ഇൻക്യൂബേഷൻ പീരീഡ്'(IP) മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ് എന്നതാണ്. ഡെൽറ്റ,ആൽഫ തുടങ്ങിയവയുടെ IP 6 -7 ദിവസങ്ങളായിരുന്നുവെങ്കിൽ, ഒമിക്രോണിന്റേത് വെറും 3 -4 ദിവസമാണ്. അതായത് രോഗിയുമായി സമ്പർക്കം ഉണ്ടായി, മൂന്ന് ദിസത്തിന് ശേഷം രോഗലക്ഷണം കാണിക്കാം. അതിനാൽ പലരും ലക്ഷണങ്ങൾ കോവിഡിന്റെ അല്ല, സമ്പർക്കം ഉണ്ടായിട്ടു മൂന്ന് ദിവസമേ ആയിട്ടുള്ളു എന്ന് കരുതി, മുൻകരുതൽ എടുക്കാതിരിക്കാറുണ്ട്.
ആന്റിജൻ ടെസ്റ്റും പി സി ആർ ടെസ്റ്റും
ആന്റിജൻ അല്ലെങ്കിൽ റാപിഡ് ടെസ്റ്റ്, ശരീര സ്രവത്തിലെ ആന്റിജൻറെ സാന്നിധ്യം പരിശോധിക്കുന്നു. സാധാരണയായി രോഗലക്ഷണങ്ങൾ ഉള്ളവരിലാണ് ആന്റിജൻ പോസിറ്റീവ് ആകുന്നത്. റാപിഡ്/ആന്റിജൻ റ്റെസ്റ്റ് അത്ര വിശ്വസനീയമല്ല.കാരണം ശരീരത്തിൽ വൈറസിന്റെ സാന്നിധ്യം അറിയിക്കാൻ പൂർണ്ണമായും ഈ റ്റെസ്റ്റീനാവില്ല . എന്നാൽ പി സി ആർ, കൂടുതൽ വിശ്വാസ യോഗ്യമാണ്.കാരണം, രോഗ ലകഷണങ്ങൾ ഇല്ലേങ്കിലും, വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ, നേരിയ സാന്നിധ്യം പോലും പരിശോധനയിൽ തെളിയുന്നു. 'പോളിമെറേസ് ചെയിൻ റിയാക്ഷൻ' (pcr)എന്ന പി സി ആർ ടെസ്റ്റ് ആണ് ഔദ്യോഗികമായി ഇന്ന് അംഗീകരിച്ചിരിക്കുന്നത്.
**ഇൻക്യൂബേഷൻ പീരീഡ്: രോഗാണു ശരീരത്തിൽ കടന്നത് മുതൽ, ആദ്യ രോഗ ലക്ഷണം കണ്ട് തുടങ്ങുന്നത് വരെയുള്ള കാലമാണ് ഇൻക്യൂബേഷൻ പീരീഡ്. പല രോഗാണുക്കളുടെയും ഇൻക്യൂബേഷൻ പീരീഡ് പലതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.