ചൈനയിൽ ചിക്കുൻഗുനിയ വൈറസ് പടരുന്നു; ഓസ്ട്രേലിയയ്ക്കും ജാഗ്രതാ മുന്നറിയിപ്പ്

ചൈനയിൽ ചിക്കുൻഗുനിയ വൈറസ് പടരുന്നു; ഓസ്ട്രേലിയയ്ക്കും ജാഗ്രതാ മുന്നറിയിപ്പ്

മെൽബൺ: ചൈനയില്‍ ചിക്കുന്‍ഗുനിയ പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുവരെ 7000-ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചൈനയിലെ ഗ്വാങ്ഡോംഗ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ ആളുകളില്‍ ചിക്കുന്‍ഗുനിയ പിടിപെട്ടിരിക്കുന്നത്.

ഇതേത്തുടര്‍ന്ന് ഓസ്ട്രേലിയയ്ക്കും ജാഗ്രതാ മുന്നറിയിപ്പ് നൽകി. വടക്കൻ ക്വീൻസ്‌ലാന്റിൽ ചിക്കുന്‍ഗുനിയ വൈറസ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ചൈനയിലേക്ക് പോകുന്ന എല്ലാ ഓസ്ട്രേലിയക്കാര്‍ക്കും ആരോ​ഗ്യ വകുപ്പ് നിർദേശം നൽകി. ചിക്കുന്‍ഗുനിയ ബാധിത പ്രദേശം സന്ദര്‍ശിക്കുന്ന യാത്രക്കാര്‍ വാക്‌സിനേഷന്‍ എടുത്തെന്ന് ഉറപ്പാക്കണമെന്ന് നിർദേശത്തിൽ പറയുന്നു. ചൈനയിൽ നിന്നും തിരികെയെത്തുന്നവർ മുൻകരുതൽ നടപടി സ്വീകരിക്കണമെന്നും അരോ​ഗ്യ വകുപ്പ് നിഷ്കർഷിച്ചു.

രോഗബാധിതരായ ഈഡിസ് ഈജിപ്തി, ഈഡിസ് ആല്‍ബോപിക്റ്റസ് ഇനം കൊതുകുകള്‍ കടിക്കുന്നതിലൂടെയാണ് ചിക്കുന്‍ഗുനിയ മനുഷ്യരിലേക്ക് പകരുന്നത്. അടുത്ത സമ്പര്‍ക്കത്തിലൂടെ വൈറസ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല. ലോകാരോഗ്യസംഘടനയുടെ 2006ലെ റിപ്പോട്ട് പ്രകാരം 1779മുതല്‍ക്കേ ചികുന്‍ഗുനിയ പ്രചാരത്തിലുണ്ട്. ഡെങ്കിപ്പനി, എലിപ്പനി എന്നിവയുമായി ലക്ഷണങ്ങളില്‍ നല്ല സാമ്യമുള്ളതിനാലാവാം ചികുന്‍ഗുനിയയെ മുന്‍കാലങ്ങളില്‍ വേര്‍തിരിക്കാന്‍ പ്രയാസമായിരുന്നു.

ചിക്കുന്‍ഗുനിയയുടെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളില്‍ ചിലത് കടുത്ത പനി, സന്ധി വേദന, തലവേദന, പേശി വേദന, അതുപോലെ സന്ധി വീക്കം, തടിപ്പുകള്‍ എന്നിവയാണ്. രോഗിയെ കൊതുക് കടിച്ചതിന് ഏകദേശം 4-8 ദിവസങ്ങള്‍ക്ക് ശേഷമാണ് സാധാരണയായി ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.