അനുദിന വിശുദ്ധര്‍ - ഫെബ്രുവരി 06
ഇന്ത്യയില്‍ ജനിച്ച ആദ്യത്തെ വിശുദ്ധന്‍ ആണ് ഗോണ്‍സാലോ ഗാര്‍ഷ്യ. ഇന്നത്തെ മുംബൈ നഗരത്തിന്റെ പടിഞ്ഞാറന്‍ തീരപ്രദേശമായ വസായിയില്‍ 1556 ലാണ് ഗുണ്ടി സ്ലാവൂസ് ഗാര്‍ഷ്യാ എന്ന ഗോണ്‍സാലോ ഗാര്‍ഷ്യാ ജനിച്ചത്. അദ്ദേഹത്തിന്റെ ചെറുപ്പ കാലത്ത് ഇന്ത്യ പോര്‍ച്ചുഗീസ് കോളനി ഭരണത്തിന്റെ കീഴില്‍ ആയിരുന്നു.
ഗോണ്‍സലോയുടെ പിതാവ് പോര്‍ച്ചുഗീസുകാരനായ ഒരു പട്ടാളക്കാരനും മാതാവ് വസായിയ്ക്കടുത്ത കൊങ്കണ്‍ തീരദേശ നിവാസിയുമായിരുന്നു. എട്ടു വയസുവരെ ഗാര്‍ഷ്യ വസായിയില്‍ ആയിരുന്നു താമസിച്ചിരുന്നത്. വിദേശിയരും അവരുടെ വേലക്കാരും മാത്രമായിരുന്നു അക്കാലത്ത് ഇവിടുത്തെ താമസക്കാര്‍. ഫോര്‍ട്ട് ബാസെയിനിലുള്ള ഒരു ജെസ്യുട്ട് സ്‌കൂളില്‍ ആണ് ഗാര്‍ഷ്യ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അവിടെ വച്ച് ഒരു ഈശോ സഭാ വൈദികനെ പരിചയപ്പെട്ടത് അവന്റെ ജീവിതം മാറ്റി മറിച്ചു.
ഈശോ സഭാ വൈദികരോടൊപ്പം ജപ്പാനിലേക്ക് മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കായി പോകാന്‍ ഗാര്‍ഷ്യ ആഗ്രഹിച്ചു. പക്ഷെ തീരെ ചെറുപ്പമായതിനാല്‍ ഈ ആഗ്രഹം നിരാകരിക്കപ്പെട്ടു. എന്നാല്‍ പതിനഞ്ചാം വയസില്‍ ഗോണ്‍സാലോയ്ക്ക് ജപ്പാനില്‍ പോകാന്‍ അനുവാദം ലഭിച്ചു. ജപ്പാനില്‍ വച്ച് അദ്ദേഹം ജാപ്പനീസ് ഭാഷയും സ്വന്തമാക്കി.
ഒരു മതാധ്യാപകനായി ജെസ്യുട്ട് വൈദികരോടൊപ്പം ജീവിതം ആരംഭിച്ച ഗാര്‍ഷ്യ ജാപ്പനീസ് ഭാഷയിലെ പ്രാവീണ്യം കൊണ്ട് ആ നാട്ടുകാരുടെ ബഹുമാനവും പ്രശംസയും നേടിയെടുത്തു. എട്ടു വര്‍ഷത്തോളം മതാധ്യാപകന്‍ ആയി സേവനം ചെയ്ത ഗാര്‍ഷ്യ ഒരു വൈദികന്‍ ആകാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷെ ഇന്ത്യന്‍ പാരമ്പര്യം ഉണ്ടായിരുന്ന ഗാര്‍ഷ്യയുടെ ആഗ്രഹത്തെ ജെസ്യുട്ട് സഭ നിരാകരിച്ചു. തുടര്‍ന്ന് അവിടം വിട്ട അദ്ദേഹം മറ്റൊരു പട്ടണം ആയ അലാക്കോവിലെത്തി.
അവിടെ ഒരു വ്യാപാരി ആയി ജീവിതം തുടങ്ങി. ബിസിനസ് വളര്‍ച്ച പ്രാപിക്കാന്‍ തുടങ്ങിയതോടെ അദ്ദേഹത്തിന്റെ സമ്പത്തും വര്‍ധിച്ചു. പക്ഷെ മനസില്‍ ഉണ്ടായിരുന്ന ദൈവ ഭക്തിയും വിശ്വസവും കൈ വിട്ടില്ല. ഒരു ഫ്രാന്‍സിസ്‌കന്‍ മിഷനറി ആയി പുതിയ ജീവിതത്തിലേക്ക് മാറാന്‍ തീരുമാനിച്ചു. അദ്ദേഹത്തിന്റെ അപേക്ഷ ഫ്രാന്‍സിസ്‌കന്‍ സഭ തടഞ്ഞില്ല. അതോടെ ഒരിക്കല്‍ നിന്നുപോയ മിഷനറി ജീവിതത്തിന്റെ രണ്ടാം പകുതി ഗാര്‍ഷ്യ ആരംഭിച്ചു.
ഒരു പ്രഭാഷകനായി സന്യാസ ജീവിതം ആരംഭിച്ച ഗാര്‍ഷ്യയുടെ വലിയൊരു ഗുണം ജാപ്പനീസ് ഭാഷയില്‍ ഉള്ള നൈപുണ്യം തന്നെ ആയിരുന്നു. ജപ്പാനിലെ ജനങ്ങള്‍ അദേഹത്തെ ആദരിച്ചു. ആയിടെയാണ് സ്പാനിഷ് രാജാവ് ജപ്പാന് അധികാരം കൈമാറിയത്. മാനിലയുടെ ഗവര്‍ണര്‍ ഗാര്‍ഷ്യയുടെ പ്രിയ സുഹൃത്തായിരുന്ന പീറ്റര്‍ ബാപ്ടിസ്റിനെ ജപ്പാന്റെ പ്രതിനിധി സംഘത്തിന്റെ തലവനാക്കി.
പക്ഷെ ജാപ്പനീസ് ഭാഷ വശമില്ലാതിരുന്ന പീറ്ററിനെ സഹായിക്കാന്‍ ഗോണ്‍സാലോ നിയുക്തനായി. അദ്ദേഹം ആ ഉത്തരവാദിത്വം സന്തോഷത്തോടെ ഏറ്റെടുത്തു. ആ രണ്ടു മിഷനറിമാര്‍ മെയ് 21 മാനില വിടുകയും ജപ്പാന്റെ തീരദേശമായ ഹിരടോയില്‍ എത്തി ചേരുകയും ചെയ്തു.
ആദ്യം കുറച്ചു ബുദ്ധിമുട്ടുകള്‍ ഇരുവരും നേരിട്ടെങ്കിലും ഗാര്‍ഷ്യയുടെ ഭാഷാ പ്രാവീണ്യം ഇവ എല്ലാം മറികടന്നു. അവര്‍ അവിടെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നിരവധി ജാപ്പനീസുകാര്‍ അങ്ങനെ ക്രിസ്തു മത വിശ്വാസം സ്വീകരിച്ചു.
പതിയെ പതിയെ ജപ്പാന്‍ ഫ്രാന്‍സിസ്‌ക്കന്‍ സഭയുടെ മിഷനറി പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറി. ഇത് അവടെ നിലവില്‍ ഉണ്ടായിരുന്ന മത പ്രമാണികളുടെയും ഇതര മത സമൂഹങ്ങളുടെയും ശത്രുതയ്ക്ക് ഇടയാക്കി. അവര്‍ ജാപ്പനീസ് രാജാവിനെ സ്വാധീനിക്കാന്‍ ശ്രമങ്ങള്‍ നടത്തി കൊണ്ടിരുന്നു. ആയിടെയാണ് ഒരു സ്പാനിഷ് കപ്പല്‍ തുറുമുഖത്ത് വന്നത്. മാനിലയില്‍ നിന്നും ദൂര ദേശത്തേക്ക് പോവുകയായിരുന്ന കപ്പല്‍ കൊടുംകാറ്റിനെ തുടര്‍ന്നാണ് ജപ്പാന്റെ തീരത്തണഞ്ഞത്.
ഈ അവസരം മുതലാക്കി ഗോണ്‍സാലോയ്ക്കും പീറ്ററിനും മറ്റ് വൈദികര്‍ക്കുമെതിരെ രാജാവിന്റെ ഉപദേശകന്‍ ആയിരുന്ന യാകിന്‍ സെന്‍സോ കരുക്കള്‍ നീക്കി. ചാര പ്രവര്‍ത്തനത്തിന് വന്നു എന്ന് തെറ്റിധാരണ ഉണ്ടാക്കി ഇവരെ അറസ്റ്റ് ചെയ്യുവാനും കുരിശില്‍ തൂക്കിലേറ്റുവാനും രാജാവ് കല്‍പ്പിച്ചു.
1597 ജനുവരി മൂന്നിന്് ഗാര്‍ഷ്യ ഉള്‍പ്പെടെ 26 പുരോഹിതന്‍മാരുടെ ഇടതു ചെവി അരിഞ്ഞു വീഴ്ത്തി. പിന്നീട് വിശുദ്ധ ഗാര്‍ഷ്യയെ ആയിരുന്നു ആദ്യം കുരിശില്‍ തറച്ചത്. മറ്റുള്ളവരുടെ നടുവിലായി ഇദ്ദേഹത്തിന്റെ കുരിശ് നാട്ടുകയും ചെയ്തു.
ആദ്യം വന്ന ഗാര്‍ഷ്യ നേരെ ഒരു കുരിശിനടുക്കല്‍ ചെന്ന് 'ഇതാണോ എന്റേത്' എന്ന് ചോദിച്ചു. ഇതല്ല എന്നായിരുന്നു അതിനുള്ള മറുപടി. അദ്ദേഹത്തെ മറ്റൊരു കുരിശിനടുക്കല്‍ കൊണ്ടുപോയി. വിശുദ്ധന്‍ അതിനു മുന്‍പില്‍ മുട്ടുകുത്തുകയും അതിനെ ആശ്ലേഷിക്കുകയും ചെയ്തു.
കുരിശില്‍ ആണികളാല്‍ തറയ്ക്കപ്പെടുമ്പോള്‍ ഫാ. ഗാര്‍ഷ്യ തന്റെ രക്തസാക്ഷിത്വ കിരീടം നേടികൊണ്ട് ദൈവത്തിനു സ്തുതി ഗീതങ്ങള്‍ പാടുകയായിരുന്നു. അങ്ങനെ 1597 ഫെബ്രുവരി അഞ്ചിന് നാഗസാക്കി മലനിരകളില്‍ വെച്ച് 26 സഹചാരികള്‍ക്കൊപ്പം വിശുദ്ധ ഗാര്‍ഷ്യ കുരിശില്‍ രക്തസാക്ഷിത്വം വഹിച്ചു.
1627 ല്‍ ഗാര്‍ഷ്യയേയും അദ്ദേഹത്തിന്റെ സഹചാരികളായ രക്തസാക്ഷികളെയും ഉര്‍ബന്‍ എട്ടാമന്‍ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. ഫെബ്രുവരി അഞ്ചിനാണ് ഈ രക്തസാക്ഷികളുടെ തിരുനാള്‍ ദിനം. 1629 ല്‍ മുഴുവന്‍ കത്തോലിക്കാ സഭയിലും ഇവരെ ആദരിക്കുന്ന പതിവ് അനുവദനീയമാക്കി. 1862 ജൂണ്‍ എട്ടിന്് ഗോണ്‍സാലോ ഗാര്‍ഷ്യായെ പിയൂസ് ഒമ്പതാമന്‍ മാര്‍പാപ്പാ വിശുദ്ധനായി പ്രഖ്യാപിച്ചു.
എന്നാല്‍ 1942 ലാണ് വസായിയിലെ ഗോണ്‍സാലോ ഗാര്‍ഷ്യ ദേവാലയം പണികഴിപ്പിച്ചത്. 1957 ല്‍ ഈ ദേവാലയം നവീകരിക്കുകയും ചെയ്തു. എല്ലാ വര്‍ഷവും ഫെബ്രുവരിയില്‍ വിശുദ്ധന്റെ ആദരണാര്‍ത്ഥം ഈ ദേവാലയത്തില്‍ ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷിക്കാറുണ്ട്.
ഈ ദേവാലയമാണ് വസായിയിലെ ഏറ്റവും ഉയരമുള്ള ദേവാലയം. ഗോവന്‍ പുരോഹിതനായിരുന്ന ലൂയിസ് കൈതാന്‍ ഡിസൂസയാണ് ദേവാലയം പണികഴിപ്പിച്ചത്. വസായിയില്‍ ക്രിസ്തുമസിന് ശേഷമുള്ള വേലിയിറക്കത്തോടടുത്ത ഞായറാഴ്ചയാണ് പരമ്പരാഗതമായി ഇന്ത്യയില്‍ നിന്നുള്ള ആദ്യ വിശുദ്ധനായ ഗോണ്‍സാലോ ഗാര്‍ഷ്യയുടെ തിരുനാള്‍ ആഘോഷിച്ചു വരുന്നത്.
ഇന്നത്തെ ഇതര വിശുദ്ധര്‍
1 ഔവേണിലെ അന്തോലിയന്‍
2 സ്‌പെയിന്‍കാരനായ വേദാസ്ത്
3. സെസെരയായിലെ ഡൊറോത്തി
4 ഓസ്തീയ ബിഷപ്പായ ജെറാള്‍ഡ്
5 മൊയിസ്റ്റാക് ആശ്രമത്തിലെ ആബട്ട് ആയിരുന്ന അമാന്തൂസ്.
'അനുദിന വിശുദ്ധര്‍'എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26