ദിവ്യ മനോജിന്റെ വേര്‍പാടില്‍ കണ്ണീരണിഞ്ഞ് ന്യൂസിലന്‍ഡിലെ മലയാളി സമൂഹം; മൃതദേഹം ഒന്‍പതിന് നാട്ടിലെത്തിക്കും

ദിവ്യ മനോജിന്റെ വേര്‍പാടില്‍ കണ്ണീരണിഞ്ഞ് ന്യൂസിലന്‍ഡിലെ മലയാളി സമൂഹം; മൃതദേഹം ഒന്‍പതിന് നാട്ടിലെത്തിക്കും

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡില്‍ മരിച്ച മലയാളി നഴ്സ് ദിവ്യ മനോജിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ ഹൈക്കമ്മിഷന്റെ സഹായം. നാളെ (തിങ്കളാഴ്ച്ച) വൈകിട്ട് 6.15-ന് ഓക്ലന്‍ഡില്‍ നിന്ന് പുറപ്പെടുന്ന എമിറേറ്റ്സ് വിമാനത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനാണു തീരുമാനം. ദുബായ് വഴിയുള്ള വിമാനം ഒന്‍പതിനു പുലര്‍ച്ചെ 3.05-ന് കൊച്ചിയില്‍ എത്തിച്ചേരും. ജനുവരി 30-ന് ഹാമില്‍ട്ടണിലെ വൈകാറ്റോ ആശുപത്രിയില്‍ വെച്ചാണ് ദിവ്യ മനോജ് (31) ഹൃദയാഘാതം മൂലം മരിച്ചത്.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള സഹായത്തിനായി ഗിവ് എ ലിറ്റില്‍ എന്ന പേജിലൂടെ ന്യൂസിലന്‍ഡിലെ മലയാളി സമൂഹം 107,000-ലധികം ഡോളര്‍ സമാഹരിച്ചിരുന്നു. എന്നാല്‍ നടപടിക്രമങ്ങളിലെ കാലതാമസം മൂലം ഒരു മാസത്തിന് ശേഷമേ കുടുംബത്തിന് ഫണ്ട് ലഭിക്കൂ. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ സഹായഹസ്തവുമായി എത്തിയത്.

മനോജ് ജോസിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഹാമില്‍ട്ടണ്‍ കേരള സമാജം, ഓക്‌ലന്‍ഡ് മലയാളി സമാജം, ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് ന്യൂസിലന്‍ഡ്, സേക്രഡ് ഹാര്‍ട്ട് സിറോ മലബാര്‍ കാത്തലിക് മിഷന്‍ എന്നിവരുടെ ഇടപെടലില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ മുക്തേഷ് പര്‍ദേശി മൃതദേഹം കുടുംബത്തില്‍നിന്നു പണം ഈടാക്കാതെ കൊണ്ടുപോകുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി.

ദിവ്യയുടെ അപ്രതീക്ഷിത വിയോഗത്തില്‍ തളര്‍ന്ന ഭര്‍ത്താവ് മനോജ് ജോസിനും കുഞ്ഞുമക്കളായ ജോഹാന്‍ ജോസഫ് (3), കാതറിന്‍ ആന്‍ (2) എന്നിവര്‍ക്ക് ഹാമില്‍ട്ടണിലെ സേക്രഡ് ഹാര്‍ട്ട് സീറോ മലബാര്‍ കാത്തലിക് മിഷന്‍ എല്ലാ പിന്തുണയും നല്‍കിയിരുന്നു. ഇവര്‍ നാട്ടിലേക്കു പോയി. കഴിഞ്ഞ വ്യാഴാഴ്ച ഹാമില്‍ട്ടണിലെ സെന്റ് പയസ് എക്സ് കാത്തലിക് ചര്‍ച്ചില്‍ പൊതുദര്‍ശനവും അനുസ്മരണ ശുശ്രൂഷയും ക്രമീകരിച്ചിരുന്നു. അതേ ദിവസം, ഓക്‌ലന്‍ഡിലെ ഒട്ടഹുഹുവിലുള്ള SAFS ഫ്യൂണറല്‍ സര്‍വീസസും അനുസ്മരണച്ചടങ്ങ് നടത്തി. രണ്ട് നഗരങ്ങളിലായി നടന്ന ശുശ്രൂഷകളില്‍ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്.

പരിമിതമായ ജീവിത സാഹചര്യങ്ങളില്‍നിന്ന് ജീവിത സ്വപ്‌നങ്ങളുമായി ന്യൂസിലന്‍ഡില്‍ എത്തിയ ദിവ്യയുടെ അപ്രതീക്ഷിത വേര്‍പാടിന്റെ ദുഃഖത്തിലാണ് ഇവിടുത്തെ മലയാളി സമൂഹം.

അടിമാലി പൂതാളി ഇടവകാംഗമാണ് ദിവ്യയും കുടുംബവും. മൂന്ന് വര്‍ഷത്തെ ക്രിട്ടിക്കല്‍ പര്‍പ്പസ് വര്‍ക്ക് വിസയില്‍ നഴ്‌സ് ആയിരുന്നു ദിവ്യ. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ദിവ്യ ന്യൂസിലന്‍ഡില്‍ എത്തിയത്. കഴിഞ്ഞ നവംബറിലാണ് ഭര്‍ത്താവും കുട്ടികളും എത്തിയത്. തമാഹെരെ ഇവന്റൈഡ് ഹോം ആന്‍ഡ് വില്ലേജില്‍ ജോലി ചെയ്തുവരികയായിരുന്നു. ഡല്‍ഹിയിലെ ഫോര്‍ട്ടിസ് ആശുപത്രിയിലും ഗുഡ്ഗാവ് ആര്‍ട്ടിമിഡിസ് ആശുപത്രിയിലും സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തിട്ടുണ്ട്. പിറവം രാമമംഗലം സ്വദേശിനിയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.