മനുഷ്യ കഥകളുടെ മഹാ ഗാഥകൾ

മനുഷ്യ കഥകളുടെ മഹാ ഗാഥകൾ

തേംസ് നദിയുടെ കുഞ്ഞോളങ്ങൾ തന്റെ കൽപടവുകൾക്കരികിലിരുന്ന് ഷൂസ് പോളീഷ് ചെയ്യുന്ന ഒരു മെലിഞ്ഞ ബാലനെ കണ്ട് കളിപറഞ്ഞൊഴുകിക്കൊണ്ടിരുന്നു. എങ്കിലും അവന്റെ മനസ്സിൽ വിശ്വസാഹിത്യ സാഗരത്തെ ഇളക്കി മറിക്കാനുള്ള സർഗ ശേഷിയുടെ തിരയിളക്കം അവർ കണ്ടില്ല. ഷൂ പൊളീഷിന്റെ കറ പുരണ്ട വിരലുകളിലെ പട്ടിണിയുടെ വിളർച്ചയിൽ നിന്ന് ചാൾസ് ഡിക്കൻസ് എന്ന വിശ്വസാഹിത്യകാരനായുള്ള ആ ബാലന്റെ വളർച്ച, പ്രതിബന്ധങ്ങളെ തരണം ചെയ്യാനുള്ള അതിജീവനശക്തിയുടെ ഉത്തമ ഉദാഹരണം തന്നെ .

ലോകം കൊതിയോടെ വായിച്ചനുഭവിച്ച ക്രിസ്മസ് കരോൾ, ഒലിവർ ട്വിസ്റ്റ്, ഡേവിഡ് കോപ്പർഫീൽഡ്, പിക്ക് വിക്ക് പേപ്പേഴ്സ്, മഹത്തായ പ്രതീക്ഷകൾ, എഴുതി തീരാത്ത എഡ്വിൻ ഡ്രൂസിന്റെ രഹസ്യങ്ങൾവരെ. മനുഷ്യ കഥകളുടെ മഹാ ഗാഥകൾ പാടി, 58-) മത്തെ വയസ്സിൽ ലോകത്തോട് വിടപറഞ്ഞ മഹാ സാഹിത്യകാരനാണ് 1812 ഫെബ്രുവരി 7 ന് ലണ്ടനിലെ പോർട്സ് മൗത്തിൽ ജനിച്ച ചാൾസ് ഡിക്കൻസ്.

ബിസിനസ് തകർന്ന് കടക്കെണിയിലായ പിതാവ് ജയിലിലേയ്ക്ക് യാത്രയാകുമ്പോൾ കൊച്ചു ചാൾസിന് വയസ്സ് 12 മാത്രം. അന്നിറങ്ങിയതാണ് വിദ്യാലയത്തിന്റെ അക്ഷര സുരക്ഷയിൽനിന്ന്! പിന്നീട് മറ്റു സഹോദരങ്ങളോടൊപ്പം ചെറിയ ജോലികൾ ചെയ്തു വളർന്നു. ഇരുളടഞ്ഞ ബാല്യത്തിന്റെ കയ്പ്പും കാലുഷ്യവും ജീവിതത്തോടുള്ള തീരാത്ത ആവേശവും മനസ്സിൽ ചിന്തകളുടെ തീവ്രനൊമ്പരം നൽകിയപ്പോൾ, മെലിഞ്ഞ വിരലുകളിൽ ഒരു കുഞ്ഞുപേന തിരുകി വച്ചതാണ്. രണ്ടു പത്രങ്ങളുടെ വാർത്താ കുറിപ്പുകാരനായി തുടങ്ങിയ എഴുത്ത്, ബോസ് എന്ന തൂലികാ നാമത്തിന് പ്രസിദ്ധിനൽകി. തനിച്ചു തുടങ്ങിയ ബെൻലി മിസലേനി എന്ന മാസികയുടെ പ്രചാരത്തിനായി ഓരോ ലക്കമായി പ്രസിദ്ധീകരിച്ച ആദ്യ നോവലാണ് ലോകം മതിമറന്നു വായിച്ച ഒലിവർ ട്വിസ്റ്റ്! അമേരിക്കയിലേയും ഇംഗ്ലണ്ടിലേയും ജന ലക്ഷങ്ങൾ ഒലിവർ ട്വിസ്റ്റിനേയും ബിൽസൈക്കിനേയും ബാംബിളിനേയും ഡഫിനേയും ആഗ്നസ് ഫ്ലെമിങ്ങിനേയും കാത്ത്, മുൻകൂട്ടി പണം നൽകി ബെൻസി മിസലേനി എന്ന മാസികയ്ക്കുവേണ്ടി കാത്തിരുന്ന ഒരു കാലം. ലോക പ്രശസ്തമായ ക്രിസ്മസ് കരോളിലെ ജേക്കബ് മാർലേയും ഫ്രെഡ്ഡും ഫെഡ്വിഗും ഡേവിഡ് കോപ്പർഫീൽഡിലെ ഡാനിയേൽ പൊറോട്ടിയും പിക് വിക് പേപ്പേഴ്സിലെ ജോബ് സ്വയറും ഡോക്ടർ സ്ളാമറും തടിയൻ ജോയും എല്ലാം ജീവിതത്തിന്റെ വിവിധ മുഖഭാഷകളുള്ള സ്വന്തക്കാരായി വായനക്കാരുടെ മനസ്സിൽ ചേക്കേറിയതാണ് . ഇതുവരെ ഇറങ്ങിപ്പോയിട്ടില്ല!

പാശ്ചാത്യ സാഹിത്യത്തിലെ ഗ്രിഗോറിയൻ കാലഘട്ടത്തിന്റെ മുടിചൂടാമന്നനായി ചാൾസ് ഡിക്കൻസ് മാറിയത് അദ്ദേഹത്തിന്റെ യഥാതഥമായ രചനാ ശൈലിയിലൂടെയാണ്. സാധാരണക്കാരന്റെ ജീവിതത്തിൽ സംഭവിക്കുന്ന കർമ്മവും നർമ്മവും ഇഴചേർത്തുള്ള എഴുത്തിലെ ഡിക്കൻസ് സ്റ്റൈൽ വിശ്വസാഹിത്യം വായിച്ചു വളർത്തിയതാണ്.

ചുരുങ്ങിയ കാലംകൊണ്ട് ലോക പ്രശസ്തനായ ചാൾസ് ഡിക്കൻസിന്റെ അമേരിക്കൻ സന്ദർശനങ്ങളിൽ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ കേൾക്കാൻ ജനലക്ഷങ്ങളാണ് തടിച്ചുകൂടിയത്. 1870 ജൂൺ 9 ന് ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ ആബിയിൽ അന്തരിക്കുമ്പോഴും, ലോകം അതിശയിക്കുന്ന സർഗവൈവിധ്യത്തിന്റെ ചക്രവാളത്തിലേക്ക് അക്ഷരസ്നേഹികളെ ആനയിച്ചിരുന്നു ഡിക്കൻസ്! അനുപമശേഷിയുടെ ആകസ്മിക വിയോഗം എന്നാണ് ഡിക്കൻസിന്റെ മരണത്തെപ്പറ്റി തോമസ് കാർലി കുറിച്ചത്.

ഫാ. റോയി കണ്ണൻചിറ സിഎംഐ എഴുതിയ പ്രപഞ്ച മാനസം  എന്ന ഗ്രന്ഥത്തിൽനിന്ന്

ഫാ റോയ് കണ്ണൻചിറയുടെ ഇതുവരെയുള്ള കൃതികൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.