ഡാളസ്: ക്രിസ്തീയ വിശ്വാസം മുറുകെപ്പിടിച്ചുകൊണ്ട് ഭൂണഹത്യക്കെതിരായി നിലപാടെടുക്കുകയും ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ക്കു കൂട്ടുനില്‍ക്കാതിരിക്കുകയും ചെയ്തതിന്റെ പേരില്‍ 'മതപരമായ വിവേചനത്തോടെ' തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട സിവിഎസ് ഫാര്‍മസിക്കെതിരെ നിയമ നടപടിയുമായി നഴ്സ് പ്രാക്ടീഷണര്‍. തന്റെ വിശ്വാസങ്ങള്‍ മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന പരാതിയും ഉന്നയിക്കുന്നു 72 കാരിയായ റോബിന്‍ സ്ട്രാഡര്‍.
ടെക്സാസിലെ കെല്ലറിന്റെ പ്രാന്തപ്രദേശമായ ഡാളസ്-ഫോര്‍ട്ട് വര്‍ത്തിലെ സിവിഎസ് ഫാര്‍മസി മിനിറ്റ് ക്ലിനിക്കിലെ നഴ്സ് പ്രാക്ടീഷണറായിരുന്നു റോബിന്‍ സ്ട്രാഡര്‍. 2015ല്‍ ജോലിക്കെത്തിയപ്പോള്‍ തന്നെ കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗങ്ങളുമായി ബന്ധപ്പെട്ട ക്ലിനിക്കിലെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കില്ലെന്ന് മനേജ്‌മെന്റിനെ താന്‍ അറിയിച്ചിരുന്നു.ഇക്കാര്യത്തിലുള്ള നിര്‍ദേശങ്ങള്‍ മുകളില്‍ നിന്നു ലഭിക്കാതിരിക്കുന്നതിന് മത സംരക്ഷണ നിയമ പ്രകാരമുള്ള 'റിലിജിയസ് അക്കമഡേഷന്‍' വ്യവസ്ഥയും ഉറപ്പാക്കിയിരുന്നെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ഈ വ്യവസ്ഥ അവസാനിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചതിനെത്തുടര്‍ന്നാണ്് 2021-ന്റെ അവസാനത്തില്‍ തന്നെ പുറത്താക്കിയത്.
മൂല്യങ്ങളെ മുറുകെപ്പിടിച്ചു എന്ന കാരണത്താല്‍ റോബിനെപ്പോലെ മത വിശ്വാസികളായ അമേരിക്കക്കാര്‍ക്കെതിരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന കോര്‍പ്പറേറ്റ് ദുര്‍ നടപടികള്‍ അവസാനിപ്പിക്കേണ്ടതാവശ്യമാണെന്ന് ടെക്‌സാസ് ആസ്ഥാനമായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന നിയമ സഹായ സ്ഥാപനമായ പ്ലാനോയുടെ ഉപദേശകന്‍ ക്രിസ്റ്റിന്‍ പ്രാറ്റ് പറഞ്ഞു.
'സിവിഎസ് ഫാര്‍മസി ആറ് വര്‍ഷത്തിലേറെ കാലം റോബിനെ ഒരു പ്രശ്‌നവുമില്ലാതെ ജോലി ചെയ്യിപ്പിച്ചു,'നിയമ നടപടിയില്‍ സ്ട്രാഡറിനെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍ക്കു നേതൃത്വം നല്‍കുന്ന പ്രാറ്റ് പറഞ്ഞു. 'മതപരമായ ജീവിതം നയിക്കുന്ന ആരോഗ്യ പരിപാലന പ്രൊഫഷണലുകളെ അവരുടെ വിശ്വാസത്തിനും ജോലിക്കും ഇടയില്‍ തിരഞ്ഞെടുപ്പു നടത്താന്‍ നിര്‍ബന്ധിക്കുന്നത് മോശം കാര്യമാണ്. പ്രത്യേകിച്ചും നമുക്ക് ആരോഗ്യ പരിപാലന വിദഗ്ധരെ ഏറ്റവും ആവശ്യമുള്ള സമയത്ത്.'
മതപരമായ വിവേചനം സംബന്ധിച്ച് തുല്യ തൊഴില്‍ അവസര കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ സ്ട്രാഡര്‍ തന്റെ വിശ്വാസങ്ങളെക്കുറിച്ച് വിശദമാക്കിയിട്ടുണ്ട്.'ഞാന്‍ ഒരു ക്രിസ്ത്യാനിയാണ്, ദീര്‍ഘകാലമായി ബാപ്റ്റിസ്റ്റ് സഭാംഗം' അവര്‍ പറഞ്ഞു. 'എല്ലാ മനുഷ്യജീവനും ദൈവത്തിന്റെ പ്രതിച്ഛായയില്‍ സൃഷ്ടിക്കപ്പെട്ടതാണെന്നും അത് സംരക്ഷിക്കപ്പെടേണ്ടതാണെന്നും ഞാന്‍ വിശ്വസിക്കുന്നു. ഇക്കാരണത്താല്‍, ഗര്‍ഭച്ഛിദ്രം സുഗമമാക്കുന്നതിനോ ഗര്‍ഭധാരണം കൃത്രിമമായി തടയുന്നതിനോ കൂട്ടുനില്‍ക്കില്ല. വന്ധ്യതയ്ക്ക് കാരണമാകുന്ന ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലും എനിക്ക് പങ്കെടുക്കാന്‍ കഴിയില്ല. .'
ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിലുള്ള ഗര്‍ഭനിരോധന ആവശ്യം തന്റെ മുന്നില്‍ വന്നുപെട്ടപ്പോള്‍, അവരെ അടുത്തുള്ള മറ്റൊരു നഴ്സ് പ്രാക്ടീഷണറുടെയടുത്തേക്കോ രണ്ട് മൈല്‍ അകലെയുള്ള സിവിഎസ് മിനിറ്റ് ക്ലിനിക്കിലേക്കോ റഫര്‍ ചെയ്തു സ്ട്രാഡര്‍ എന്ന് പ്രാറ്റ് പറഞ്ഞു.
മതസ്വാതന്ത്ര്യ സംരക്ഷണം തുടരാന്‍
'എല്ലാ നഴ്സുമാരും ഗര്‍ഭധാരണ പ്രതിരോധവുമായി ബന്ധപ്പെട്ട അവശ്യ സേവനങ്ങള്‍ നിര്‍വഹിക്കണം' എന്ന് 2021 ഓഗസ്റ്റ് 26-ന് കമ്പനി പറഞ്ഞപ്പോഴാണ് കാര്യങ്ങള്‍ മാറിയത്. കമ്പനി മേലില്‍ 'റിലിജിയസ് അക്കമഡേഷന്‍' നിബന്ധന മാനിക്കില്ലെന്നു സ്ട്രാഡറെ മാനേജര്‍ അറിയിച്ചെന്ന് ഇഇഒസിയുടെ (തുല്യ തൊഴില്‍ അവസര കമ്മീഷന്‍ )ഡാളസ് ജില്ലാ ഓഫീസിന് അയച്ച കത്തില്‍ പ്രാറ്റ് പറഞ്ഞു.
സ്ട്രാഡര്‍ തന്റെ വിശ്വാസങ്ങളില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ഒക്ടോബര്‍ 31-ന് അവളെ പുറത്താക്കുമെന്നും സ്ട്രാഡറോട് മാനേജര്‍ സെപ്റ്റംബര്‍ 23-ന് പറഞ്ഞു. അവരുടെ വിശ്വാസങ്ങള്‍ മാറ്റാന്‍ മാനേജര്‍ സ്ട്രാഡറെ ആവര്‍ത്തിച്ച് നിര്‍ബന്ധിച്ചു.ഇതുമായി ബന്ധപ്പെട്ട സ്ട്രാഡറില്‍ നിന്നുള്ള മൂന്ന് കത്തുകളോട് കൃത്യസമയത്ത് പ്രതികരിക്കുന്നതില്‍ സിവിഎസ് പരാജയപ്പെട്ടുവെന്നും പ്രാറ്റ് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് അവരെ പുറത്താക്കി്.
ഹൈസ്‌കൂളിലും പ്രീ-പ്രൊഫഷണല്‍ തലത്തിലും സയന്‍സ് പഠിപ്പിച്ചിരുന്നയാളാണ് സ്ട്രാഡര്‍. യൂണിവേഴ്‌സിറ്റി ഓഫ് ടോളിഡോ മെഡിക്കല്‍ സെന്ററില്‍ നിന്ന് പിഎച്ച്.ഡി ഉള്ളയാള്‍. ടെക്‌സസ് വുമണ്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ആരോഗ്യ വിദ്യാഭ്യാസത്തിലും നഴ്‌സിങ്ങിലും ബിരുദാനന്തര ബിരുദ ധാരിയാണ്. തുടര്‍ന്നാണ് നഴ്‌സ് പ്രാക്ടീഷണര്‍ യോഗ്യത നേടിയത്.ഗര്‍ഭച്ഛിദ്രത്തെ എതിര്‍ക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ലഭിച്ചുവരുന്ന മതസ്വാതന്ത്ര്യ സംരക്ഷണം പരിമിതപ്പെടുത്താനും ഇല്ലാതാക്കാനുമുള്ള ശ്രമങ്ങള്‍ക്കെതിരെയാണ് സ്ട്രാഡര്‍ കരുതലോടെ ചുവടുവയ്ക്കുന്നത്.
ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്നുകളെയും ഉള്‍പ്പെടുത്തി, ഗര്‍ഭനിരോധനത്തിനുള്ള ആരോഗ്യ പദ്ധതി കവറേജ് തൊഴിലുടമകള്‍ നല്‍കണമെന്ന ഫെഡറല്‍ ഉത്തരവിനെ കത്തോലിക്കാ സ്ഥാപനങ്ങള്‍ വര്‍ഷങ്ങളായി എതിര്‍ത്തുകൊണ്ടിരിക്കുന്നു.നിര്‍ബന്ധിത കോവിഡ് -19 വാക്‌സിനേഷനും പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട മറ്റ് നടപടികളും സമീപകാലത്തു വിവാദത്തില്‍ പെട്ടത് ഇതിനിടെ മതസ്വാതന്ത്ര്യ സംരക്ഷണത്തെയും ഒഴിവാക്കലുകളെയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.