ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിംങ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പോളിംങ് നടക്കുക. ആദ്യഘട്ടത്തില്‍ 2.27 കോടി വോട്ടര്‍മാരാണുള്ളത്. പടിഞ്ഞാറന്‍ യുപിയിലെ11 ജില്ലകളിലെ അന്‍പത്തിയെട്ട് മണ്ഡലങ്ങളാണ് ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത്. മത്സരരംഗത്തുള്ളത് ഒമ്പത് മന്ത്രിമാരടക്കം 623 സ്ഥാനാര്‍ത്ഥികളാണ്.
2017ല്‍ നടന്ന തെരഞ്ഞെടുപ്പില് ബിജെപി 53 സീറ്റുകളും സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും രണ്ട് വീതവും, ആര്‍എല്‍ഡി ഒരു സീറ്റും നേടിയിരുന്നു. കര്‍ഷക സമരത്തെ തുടര്‍ന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ യുപിയിലെ ജനവികാരം അനുകൂലമാകുമെന്ന പ്രതീക്ഷയാണ് എസ്പി- ആര്‍എല്‍ഡി സഖ്യത്തിനുള്ളത്.
ജാട്ടുകള്‍ നിര്‍ണായക ശക്തിയാകുന്ന ഈ ഘട്ടത്തില്‍ ഈ വിഭാഗത്തില്‍ നിന്ന് ബിജെപി പതിനേഴ് സ്ഥാനാര്‍ത്ഥികളേയും സമാജ്‌വാദി പാര്‍ട്ടി - ആര്‍എല്‍ഡി സഖ്യം 18 സ്ഥാനാര്‍ത്ഥികളെയും രംഗത്തിറക്കിയിട്ടുണ്ട്. കര്‍ഷകരെ തൃപ്തിപ്പെടുത്താനുള്ള പ്രഖ്യാപനങ്ങളില്‍ മത്സരിച്ചാണ് സമാജ്‌വാദി പാര്‍ട്ടിയും ആര്‍എല്‍ഡിയും പ്രകടന പത്രികകള്‍ പുറത്തിറക്കിയത്.
കര്‍ഷക രോഷം തിരിച്ചടിയായേക്കുമെന്ന കണക്കുകൂട്ടലില്‍ യോഗിയെ മാറ്റി നിര്‍ത്തി അമിത്ഷായാണ് ബിജെപിയുടെ പ്രചാരണത്തില്‍ നിറഞ്ഞു നിന്നത്. അതേസമയം കര്‍ഷകരുടെ പിന്തുണ ഉറപ്പിക്കുമ്പോഴും ജാട്ട് സമുദായം പൂര്‍ണ്ണമായും സമാജ്‌വാദി പാര്‍ട്ടി ആര്‍എല്‍ഡി സഖ്യത്തെ പിന്തുണക്കുമോയെന്നതും ചോദ്യമാണ്. ചൗധരി ചരണ്‍ സിംങിന്റെ ചെറുമകന്‍ ജയന്ത് ചൗധരിയോടുള്ളത്ര താല്‍പര്യം ജാട്ടുകള്‍ക്ക് അഖിലേഷ് യാദവിനോടില്ല.
ഉത്തര്‍പ്രദേശില്‍ വലിയ പ്രതീക്ഷ വച്ച് പുലര്‍ത്തുന്നില്ലെന്നത് വ്യക്തമാക്കുന്നതായിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണം. അമേത്തിയില്‍ ഒരു ദിവസം പ്രചാരണം നടത്തിയതൊഴിച്ചാല്‍ രാഹുല്‍ ഗാന്ധിയെ ഉത്തര്‍ പ്രദേശില്‍ കണ്ടില്ല. താരപ്രചാരകരുടെ നീണ്ട പട്ടിക പുറത്തിറക്കിയെങ്കിലും പ്രിയങ്കാഗാന്ധി മാത്രമാണ് പ്രചാരണത്തിലുണ്ടായിരുന്നത്. പ്രചാരണരംഗത്ത് ഒടുവിലെത്തിയ ബിഎസ്പി ക്യാമ്പിലും ആത്മവിശ്വാസം പ്രകടമല്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.