പുറത്തു നിന്നുള്ള അഭിപ്രായ പ്രകടനം വേണ്ട; ഹിജാബ് വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യം: വിദേശകാര്യ മന്ത്രാലയം

പുറത്തു നിന്നുള്ള അഭിപ്രായ പ്രകടനം വേണ്ട; ഹിജാബ് വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യം: വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ ഇന്ത്യയ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ച പാകിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങളെ തള്ളി വിദേശകാര്യ മന്ത്രാലയം. ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ സ്ഥാപിത ലക്ഷ്യത്തോടെയുള്ള അഭിപ്രായ പ്രകടനത്തെ അംഗീകരിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

'കര്‍ണാടകയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡ്രസ് കോഡ് സംബന്ധിച്ച വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇത്തരം കാര്യങ്ങള്‍ പരിഗണിക്കുന്നതിന് രാജ്യത്തിന് കൃത്യമായ ഭരണഘടനാ ചട്ടക്കൂടും സംവിധാനങ്ങളുമുണ്ട്. ജനാധിപത്യ ക്രമത്തില്‍ ഇവിടെ രാഷ്ട്രീയ നേതൃത്വം ഇക്കാര്യങ്ങള്‍ പരിശോധിക്കുകയും പരിഹരിക്കുകയും ചെയ്യും. ഇന്ത്യയെ നന്നായി അറിയാവുന്നവര്‍ക്ക് ഇക്കാര്യങ്ങളില്‍ നല്ല ബോധ്യമുണ്ട്'.

ഹിജാബ് വിവാദത്തില്‍ ചില രാജ്യങ്ങള്‍ അഭിപ്രായം പറഞ്ഞത് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു വിദേശകാര്യ മന്ത്രാലയ വക്താവിന്റെ പ്രതികരണം.

അതിനിടെ ക്ലാസ് മുറികളില്‍ ഹിജാബോ കാവി ഷാളോ മതത്തിന്റെ പതാകയോ വേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കി. ഹിജാബ് വിലക്കിയതിന് എതിരായ ഹര്‍ജിയിലെ ഇടക്കാല ഉത്തരവിലാണ് ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നിര്‍ദേശം. സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി.

വിദ്യാഭ്യാസ സ്ഥപാനങ്ങളില്‍ മത വസ്ത്രങ്ങള്‍ വേണ്ടെന്ന് ബെഞ്ച് ഇന്നലെ വാക്കാല്‍ വ്യക്തമാക്കിയിരുന്നു. ഹര്‍ജികളില്‍ തീരുമാനമാവുന്നതുവരെ മത വസ്ത്രങ്ങളും മറ്റും ക്ലാസ് മുറികളില്‍ വേണ്ടെന്നാണ് ഉത്തരവ്. യൂണിഫോമും ഡ്രസ് കോഡും ഉള്ള സ്ഥാപനങ്ങള്‍ക്കാണ് ഉത്തരവ് ബാധകമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ കേസ് നിലവില്‍ കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് എന്‍.വി രമണ ഉചിത സമയത്ത് ഹര്‍ജി കേള്‍ക്കുമെന്ന് അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മത വസ്ത്രങ്ങള്‍ വിലക്കിക്കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരായ അപ്പീല്‍ അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യത്തോടായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

ഹര്‍ജികളില്‍ തീര്‍പ്പ് ആവുന്നതു വരെ ഹിജാബ് ധരിക്കരുതെന്ന് നിര്‍ദേശിക്കുന്ന ഹൈക്കോടതി ഉത്തരവ് മുസ്ലീം വിദ്യാര്‍ഥികളുടെ മൗലിക അവകാശം ഹനിക്കുന്നതാണെന്ന് കാണിച്ചായിരുന്നു അപ്പീല്‍.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഹര്‍ജികളില്‍ തുടര്‍വാദം കേള്‍ക്കുമെന്നും അതുവരെ മത വസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ നിര്‍ബന്ധം പിടിക്കരുതെന്നുമാണ് ഇന്നലെ കര്‍ണാടക ഹൈക്കോടതിയുടെ ഫുള്‍ ബെഞ്ച് നിര്‍ദേശിച്ചത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.