കൊച്ചി: മകളുടെ കാഴ്ചശക്തി വീണ്ടെടുത്ത കേരളത്തിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രിക്ക് നന്ദി പറഞ്ഞ് കെനിയന്‍ മുന്‍ പ്രധാനമന്ത്രി റെയ്ല ഒഡിംഗ. മകള്‍ റോസ്‌മേരി ഒഡിംഗയുടെ ചികിത്സയ്ക്കായി ഫെബ്രുവരി ഏഴിനാണ് ഇന്ത്യയിലേക്ക് മുന്‍ കെനിയന്‍ പ്രധാനമന്ത്രി വീണ്ടും എത്തിയത്.
ചികിത്സയില്‍ തൃപ്തനാണെന്ന് അറിയിച്ച അദ്ദേഹം ആയുര്‍വേദ തെറാപ്പി ആഫ്രിക്കയിലേക്ക് എത്തിക്കുന്നതിനുള്ള സാധ്യതകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ആരാഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
പരമ്പരാഗത ചികിത്സ മാര്‍ഗങ്ങള്‍ സ്വീകരിച്ച് മകള്‍ ഇപ്പോള്‍ കാഴ്ചശക്തി വീണ്ടെടുത്തത് തങ്ങള്‍ക്ക് വളരെ ആത്മവിശ്വാസം നല്‍കുന്നുണ്ട്. ആഫ്രിക്കയിലേക്ക് ഈ ആയുര്‍വേദ തെറാപ്പി കൊണ്ടുവരാനും നമ്മുടെ തദ്ദേശീയ സസ്യജാലങ്ങളെ ചികിത്സകള്‍ക്കായി ഉപയോഗിക്കാനുമുള്ള സാധ്യതയെക്കുറിച്ച് താന്‍ പ്രധാനമന്ത്രി മോഡിയുമായി സംസാരിച്ചുവെന്നും ഒഡിംഗ പറഞ്ഞു.
കെനിയന്‍ മുന്‍ പ്രധാനമന്ത്രിയുടെ മകള്‍ റോസ്‌മേരി ഒഡിംഗയ്ക്ക് 2017 ല്‍ ഒപ്റ്റിക് നാഡി സംബന്ധമായ രോഗം മൂലം കാഴ്ച നഷ്ടപ്പെടുകയായിരുന്നു. കാഴ്ച വൈകല്യത്തെ തുടര്‍ന്ന് ദക്ഷിണാഫ്രിക്ക, ഇസ്രായേല്‍, ചൈന എന്നിവിടങ്ങളില്‍ അവര്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ ഇതൊന്നും വിജയം കണ്ടില്ല.
ഒരു സുഹൃത്ത് വഴിയാണ് റെയ്ല ഒഡിംഗ പിന്നീട് കേരളത്തിന്റെ ആയുര്‍വേദ സംസ്‌കാരത്തെക്കുറിച്ച് അറിഞ്ഞത്. 2019 ല്‍ കൂത്താട്ടുകുളത്തെ ശ്രീധരീയം ആയുര്‍വേദിക് ഐ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ റോസ്‌മേരി ഒഡിംഗ ചികിത്സ ആരംഭിച്ചു. നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് ഒരു മാസത്തോളം കേരളത്തില്‍ ചികിത്സയിലായിരുന്നു.
നിര്‍ദ്ദിഷ്ട മരുന്നും തെറാപ്പിയും പിന്നീട് വീട്ടില്‍ നിന്ന് ചെയ്തു. തുടര്‍ച്ചയായ തെറാപ്പിക്കും പരിശോധനകള്‍ക്കും ശേഷം റോസ്‌മേരി ഒഡിംഗയ്ക്ക് കാഴ്ച തിരിച്ചു കിട്ടുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.