തിരുവനന്തപുരം: ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറിന്റെ ദേശീയ ധീരതാ അവാര്‍ഡിന് കേരളത്തില്‍ നിന്നുള്ള അഞ്ചു കുട്ടികള്‍ അര്‍ഹരായി. ഏയ്ഞ്ചല്‍ മരിയ ജോണ്‍ (ഏകലവ്യ അവാര്‍ഡ് 75000 രൂപ), ടി.എന്‍.ഷാനിസ് അബ്ദുള്ള (അഭിമന്യു അവാര്‍ഡ് 75000 രൂപ), കെ.എന്‍.ശിവകൃഷ്ണന്‍, കെ.ശീതള്‍ ശശി, എന്‍. ഋതുജിത് (ജനറല്‍ അവാര്‍ഡ് 40,000 രൂപ) എന്നിവര്‍ക്കാണ് അവാര്‍ഡ്. ഇവരുടെ മുഴുവന്‍ വിദ്യാഭ്യാസ ചെലവുകളും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ വഹിക്കും.
കനാലില്‍ വീണ മൂന്നു വയസുകാരനെ രക്ഷപ്പെടുത്തിയതിനാണ് തൃശൂര്‍ രാമവര്‍മപുരം മണ്ണത്ത് ജോയി ഏബ്രഹാമിന്റെയും നിഥിയയുടെയും മകള്‍ ഏയ്ഞ്ചല്‍ മരിയ ജോണിന് അവാര്‍ഡ്. തൃശൂര്‍ ദേവമാതാ സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിയ. വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തില്‍ നിന്നു പിഞ്ചു ബാലികയെ രക്ഷപ്പെടുത്തിയതിനാണു കോഴിക്കോട് താഴെനുപ്പറ്റ കടമേരി അബ്ദുള്‍ അസീസിന്റെയും സുഹ്‌റയുടെയും മകന്‍ ഷാനിസ് അബ്ദുള്ളയുടെ ധീരത അംഗീകരിക്കപ്പെട്ടത്. കടമേരി മാപ്പിള യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്.
വയനാട് മാനന്തവാടി തലപ്പുഴ കരുണാലയത്തില്‍ ലതയുടെയും പരേതനായ പ്രേംകുമാറിന്റെയും മകനാണ് ശിവകൃഷ്ണന്‍. പുഴയിലെ കയത്തില്‍ മൂന്നു പേര്‍ മുങ്ങിത്താണപ്പോള്‍ എടുത്തു ചാടിയ ശിവകൃഷ്ണന്‍ ഇതില്‍ ഒരു കുട്ടിയുടെ തലമുടിയില്‍ ചുറ്റിപ്പിടിച്ചു കരയ്‌ക്കെത്തിക്കുകയായിരുന്നു. തലപ്പുഴ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്.
കുളിക്കുന്നതിനിടെ കുളത്തില്‍ അപകടത്തില്‍പെട്ട മൂന്നുപേരുടെ ജീവന്‍ രക്ഷിച്ചതിനാണു കണ്ണൂര്‍ കടന്നപ്പള്ളി പുതൂര്‍ക്കുന്നിലെ പാറയില്‍ ഹൗസില്‍ ശശിഷീജ ദമ്പതികളുടെ മകള്‍ ശീതള്‍ ശശി അവാര്‍ഡിന് അര്‍ഹയായത്. കുളത്തിന്റെ കരയിലുണ്ടായിരുന്ന ഫ്‌ളോട്ടിങ് കന്നാസുകള്‍ ഉപയോഗിച്ചാണു മൂന്നു പേരെയും രക്ഷപ്പെടുത്തിയത്. കടന്നപ്പള്ളി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
തെങ്ങിന്‍ മുകളില്‍ കുടുങ്ങിയ തൊഴിലാളിയെ സമയോചിത ഇടപെടലിലൂടെ താഴെ എത്തിച്ചതിനാണ് മലപ്പുറം അരിയല്ലൂര്‍ നമ്പാല സുനില്‍കുമാര്‍-ഷിജില ദമ്പതികളുടെ മകന്‍ ഋതു ജിത്തിന് അവാര്‍ഡ്. അരിയല്ലൂര്‍ എംവിഎച്ച്എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്നു സംസ്ഥാന ശിശുക്ഷേമ സമിതി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.