ചൈനയിലെ എം.ബി.ബി.എസ് പഠനം അനിശ്ചിതത്വത്തില്‍; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഡല്‍ഹി ഹൈക്കോടതിയില്‍

 ചൈനയിലെ എം.ബി.ബി.എസ് പഠനം അനിശ്ചിതത്വത്തില്‍; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഡല്‍ഹി ഹൈക്കോടതിയില്‍

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ ചൈന വിസ നല്‍കാത്തതിനാല്‍ ഇന്ത്യയില്‍ പ്രാക്ടിക്കല്‍ പരിശീലനത്തിന് സൗകര്യം തേടി അവിടത്തെ മെഡിക്കല്‍ കോളേജുകളില്‍ ചേര്‍ന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. ഡല്‍ഹി ഹൈക്കോടതിയില്‍ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് നിര്‍ണായകം.

വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടു വര്‍ഷമായി ഓണ്‍ലൈന്‍ ക്‌ളാസാണ്. ഈ സാഹചര്യത്തില്‍ എം.ബി.ബി.എസ് ഓണ്‍ലൈന്‍ ക്‌ളാസിന് അംഗീകാരമില്ലെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ സെക്രട്ടറി സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതിനിടെയാണ് വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചത്. കേന്ദ്ര സര്‍ക്കാരിനും മെഡിക്കല്‍ കൗണ്‍സലിനും നോട്ടീസ് അയച്ച ഹൈക്കോടതി കേസ് മാര്‍ച്ച് 21ന് കേള്‍ക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

വിദേശകാര്യ മന്ത്രാലയം വഴി ചൈനയുമായി ചര്‍ച്ച നടത്തി യാത്രാ തടസം നീക്കുക ചൈനീസ് സര്‍വകലാശാലയില്‍ നിന്ന് അനുമതി വാങ്ങി പ്രാക്ടിക്കല്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ് എന്നിവയ്ക്ക് ഇന്ത്യയില്‍ അവസരമൊരുക്കുക എന്നീ ആവശ്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അനുഭാവപൂര്‍ണമായ നിലപാടെടുക്കുമെന്നാണ് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രതീക്ഷ.

വിദ്യാര്‍ത്ഥികളുടെ ഭാവി പരിഗണിക്കണമെന്ന് കോടതി വാക്കാല്‍ നിര്‍ദ്ദേശിച്ചിരുന്നു. 2020 നവംബറിന് ശേഷം ചൈന പുതിയ വിസ അനുവദിച്ചിട്ടില്ല. ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്ക് അംഗീകാരമില്ലാത്തതിനാല്‍ ചൈനയില്‍ പുതുതായി ചേരുന്നവരുള്‍പ്പെടെ ജാഗ്രത പാലിക്കണമെന്ന സര്‍ക്കുലര്‍ പുതിയ കോഴ്‌സുകളില്‍ ചേരുന്നവര്‍ക്ക് മാത്രമാണ് ബാധകമെന്ന് മെഡിക്കല്‍ കമ്മിഷനില്‍ നിന്ന് ഉറപ്പുലഭിച്ചതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു.

നിലവിലെ വിദ്യാര്‍ത്ഥികള്‍ക്ക് ചൈനയില്‍ തിരിച്ചു പോയി പ്രാക്ടിക്കലും ഇന്റേണ്‍ഷിപ്പും ചെയ്യുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.