കാന്‍ബറ: പലസ്തീന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഹമാസിന്റെ രാഷ്ട്രീയ വിഭാഗം ഉള്‍പ്പെടെ പൂര്‍ണമായും തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനൊരുങ്ങി ഓസ്ട്രേലിയന്‍ ഫെഡറല്‍ സര്‍ക്കാര്‍.
ഹമാസിന്റെ സൈനിക വിഭാഗത്തെ നേരത്തെ തന്നെ ഓസ്ട്രേലിയ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ യു.കെ, യു.എസ്., ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളുടെ പാത പിന്തുടര്‍ന്നാണ് ഇസ്ലാമിക സംഘടനയായ ഹമാസിന്റെ പൊളിറ്റിക്കല്‍ ശാഖ ഉള്‍പ്പെടെ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പലസ്തീന്‍ പാര്‍ലമെന്റില്‍ വ്യക്തമായ ഭൂരിപക്ഷമുള്ള സംഘടനയാണ് ഹമാസ്.
ഹമാസിന്റെ വീക്ഷണങ്ങള്‍ വളരെയധികം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ഓസ്‌ട്രേലിയന്‍ ആഭ്യന്തര മന്ത്രി കാരെന്‍ ആന്‍ഡ്രൂസ് പറഞ്ഞു. അവരുടെ വെറുപ്പുളവാക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍ക്ക് ഓസ്ട്രേലിയയില്‍ സ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു.
'നമ്മുടെ രാജ്യത്തെ നിയമങ്ങള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെയും തീവ്രവാദികളെയും മാത്രമല്ല ലക്ഷ്യമിടുന്നത്. നിരപരാധികളായ മനുഷ്യരെ കൊല്ലുന്ന ഇത്തരം പ്രവൃത്തികള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ധനസഹായം നല്‍കുകയും ചെയ്യുന്ന സംഘടനകളെ കൂടിയാണ് ലക്ഷ്യമിടുന്നത്-കാരെന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കി.
ഒരു തീവ്രവാദ സംഘടനയില്‍ അംഗമാകുക, പരിശീലനം നേടുക അതിനു വേണ്ടി റിക്രൂട്ട് ചെയ്യുക, ധനസമാഹരണം നടത്തുന്ന എന്നീ കുറ്റങ്ങള്‍ക്ക് ഓസ്‌ട്രേലിയയില്‍ 25 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.
ഇസ്ലാമിക ചെറുത്തുനില്‍പു പ്രസ്ഥാനം എന്ന പൂര്‍ണനാമമുള്ള ഹമാസ് 1987-ലാണു സ്ഥാപിച്ചത്. ഇസ്രായേലിന്റെ നിലനില്‍പ്പിനും സമാധാന ചര്‍ച്ചകള്‍ക്കും എപ്പോഴും ഭീഷണി ഉയര്‍ത്തുന്നതാണ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍. ഇസ്രായേലിന്റെ അധിനിവേശ ശ്രമങ്ങളോട് പക്ഷപാതം പുലര്‍ത്തുന്നതിന്റെ ഭാഗമായാണ് യു.എസും യൂറോപ്യന്‍ രാജ്യങ്ങളും അടക്കം സംഘടനയെ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് ഹമാസ് നേതാക്കള്‍ മുന്‍പ് പ്രതികരിച്ചിട്ടുള്ളത്.
ഹമാസിനെക്കൂടാതെ മറ്റ് മൂന്ന് സംഘടനകളെക്കൂടി തീവ്രവാദ പട്ടികപ്പെടുത്തിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുന്നി ഇസ്ലാമിസ്റ്റ് തീവ്രവാദ സംഘടനയായ ഹയാത്ത് തഹ്രീര്‍ അല്‍-ഷാം, അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള ഹുറാസ് അല്‍-ദിന്‍, യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്ര വലതുപക്ഷ ഗ്രൂപ്പായ നാഷണല്‍ സോഷ്യലിസ്റ്റ് ഓര്‍ഡര്‍ എന്നിവയെയാണ് ഉള്‍പ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷം അവസാനം, സവര്‍ണ ഫാസിസ്റ്റ് മനോഭാവം വച്ചുപുലര്‍ത്തുന്ന ദി ബേസിനെ ഓസ്ട്രേലിയ ഒരു തീവ്രവാദ സംഘടനയായി പട്ടികപ്പെടുത്തി. വര്‍ണവെറി പിന്തുടരുന്ന സംഘടനയില്‍ അംഗമാകുന്നത് ക്രിമിനല്‍ കുറ്റമാണ്.
ലെബനന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഷിയ ഇസ്ലാമിസ്റ്റ് ഭീകര സംഘടനയായ ഹിസ്ബുള്ളയെയും പൂര്‍ണമായും തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ സംഘടനയ്ക്ക് ശക്തമായ വേരുകളുണ്ട്.
നേരത്തെ 2021-ല്‍, സോനെന്‍ക്രീഗ് ഡിവിഷന്‍ എന്ന യുകെ ആസ്ഥാനമായുള്ള നിയോ-നാസി ഗ്രൂപ്പിനെ ഓസ്ട്രേലിയ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഈ പട്ടികപ്പെടുത്തുന്ന ആദ്യത്തെ വലതുപക്ഷ തീവ്രവാദ ഗ്രൂപ്പായി സോനെന്‍ക്രീഗ് ഡിവിഷന്‍ മാറി.
കൂടുതല്‍ വായനയ്ക്ക്:
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.