അഹമ്മദാബാദ്: രാജ്യത്തെ ഞെട്ടിച്ച 2008ലെ ഗുജറാത്ത് സ്‌ഫോടന പരമ്പരകളില്‍ 38 പേര്‍ക്ക് വധശിക്ഷ. 11 പേര്‍ക്ക് മരണം വരെ ജീവപര്യന്തം ശിക്ഷയും വിധിച്ചു.
വധശിക്ഷ ലഭിച്ചവരില്‍ ഷാദുലി, ഷിബിലി, ഷറഫുദീന്‍ എന്നീ മലയാളികളും ഉള്‍പ്പെടും. അഹമ്മദാബാദ് പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. നിരോധിത സംഘടനയായ സിമിയുടെ ഉപവിഭാഗമായ ഇന്ത്യന്‍ മുജാഹിദീന്റെ പ്രവര്‍ത്തകരായ 78 പേരായിരുന്നു പ്രതികള്‍.
56 പേര്‍ കൊല്ലപ്പെട്ട കേസില്‍ 28 പേരെ സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയയ്ക്കുന്നതായി പ്രത്യേക കോടതി ജഡ്ജി എ.ആര്‍ പട്ടേല്‍ ഈ മാസം എട്ടിന് അറിയിച്ചിരുന്നു. 49 പേര്‍ക്കാണ് ഇന്നു ശിക്ഷ വിധിച്ചത്. യുഎപിഎ അനുസരിച്ച് ഭീകര പ്രവര്‍ത്തനത്തിന്റെ വകുപ്പുകളും കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളുമാണ് 49 പ്രതികള്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
2009 ഡിസംബറില്‍ തുടങ്ങിയ വിചാരണ കഴിഞ്ഞ സെപ്റ്റംബറിലാണ് അവസാനിച്ചത്. 1163 സാക്ഷികളെ വിസ്തരിച്ചു. 2008 ജൂലൈ 26ന് വൈകിട്ട് 6.32നും 7.45നും ഇടയ്ക്കാണ് അഹമ്മദാബാദില്‍ 21 ഇടങ്ങളില്‍ സ്‌ഫോടനമുണ്ടായത്. 246 പേര്‍ക്കു പരുക്കേറ്റു. സൂറത്ത് അടക്കം സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ നിന്ന് പിന്നീട് 29 സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തിരുന്നു.
സിമിയുടെ ഉപവിഭാഗമായ ഇന്ത്യന്‍ മുജാഹിദ്ദീന്റെ പേരില്‍ 14 പേജുള്ള ഒരു ഇ-മെയില്‍ സന്ദേശം ഗുജറാത്തിലെ ടിവി ചാനലുകളുടെ ഓഫീസുകളിലെത്തി. ''ജിഹാദിന്റെ ഉദയം, ഗുജറാത്തിനോടുള്ള പ്രതികാരം'' എന്ന് തലക്കെട്ടുണ്ടായിരുന്ന ആ ഇ-മെയിലിലെ ഏഴാം പേജില്‍ ഇങ്ങനെ പറയുന്നു. ''അഹമ്മദാബാദില്‍ സ്‌ഫോടനം നടക്കാന്‍ പോവുന്നു..തടയാമെങ്കില്‍ തടയൂ..'' ഇ-മെയില്‍ കിട്ടി മിനിറ്റുകള്‍ക്കകം ആദ്യ സ്‌ഫോടനം നടന്നു. അന്നു മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിയുടെ മണ്ഡലമായ മണിനഗറിലായിരുന്നു ആദ്യ സ്‌ഫോടനം നടന്നത്.
2002ലെ ഗുജറാത്ത് കലാപത്തിനു പ്രതികാരം ചെയ്യാനാണ് സ്‌ഫോടനങ്ങള്‍ നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അഹമ്മദാബാദിലെ ജനത്തിരക്കേറിയ ഓള്‍ഡ് സിറ്റി അടക്കമുള്ള സ്ഥലങ്ങളിലായിരുന്നു സ്‌ഫോടനങ്ങള്‍ നടന്നത്. പരുക്കേറ്റവരെ എത്തിച്ച എല്‍ജി, വിഎസ്, സിവില്‍ ആശുപത്രികളിലും സ്ഫോടനം നടന്നതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്.
വാഗമണ്‍, പാനായിക്കുളം തീവ്രവാദ പരിശീലന ക്യാമ്പുകളില്‍ പങ്കെടുത്തതിന് ശിക്ഷിക്കപ്പെട്ടവരാണ് ഈരാറ്റുപേട്ട പീടിക്കല്‍ ഷാദുലി, സഹോദരന്‍ ഷിബിലി എന്നിവര്‍. ആലുവാ കുഞ്ഞനിക്കര മുഹമ്മദ് അന്‍സാരി, കൊണ്ടോട്ടി സ്വദേശി ഷറഫുദ്ദീന്‍ എന്നിവര്‍ക്കൊപ്പം മംഗലാപുരത്ത് നിന്നുള്ള നൗഷാദുമാണ് കുറ്റക്കാരുടെ പട്ടികയിലെ മലയാളികള്‍.
പാനായിക്കുളം കേസിലും പ്രതിയാണ് അന്‍സാര്‍. ബോംബുകള്‍ക്കുള്ള ചിപ്പുകള്‍ തയ്യാറാക്കി നല്‍കിയതാണ് ഷറഫുദ്ദീനെതിരായ കുറ്റം. കൂട്ടു പ്രതിയും ഇയാളുടെ ബന്ധുവുമായ അബ്ദുള്‍ റഹ്മാന്‍ കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഷറഫുദ്ദീന്റെ പിതാവ് ഇടി സൈനുദ്ദീന്‍, അബ്ദുള്‍ സത്താര്‍, സുഹൈബ് പൊട്ടുമണിക്കല്‍ എന്നീ മൂന്ന് മലയാളികള്‍ കൂടി പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും കോടതി കുറ്റ വിമുക്തരാക്കുകയായിരുന്നു.
പ്രതികളെല്ലാം രാജ്യത്തെ വിവിധ ജയിലുകളിലാണ് ഇപ്പോള്‍. വിചാരണക്കിടെ പ്രതികള്‍ സബര്‍മതി ജയിലില്‍ നിന്ന് തുരങ്കമുണ്ടാക്കി ജയില്‍ ചാടാന്‍ ശ്രമിച്ച സംഭവവും ഉണ്ടായി. എന്നാല്‍ തുരങ്കം ജയില്‍ അധികൃതര്‍ കണ്ടെത്തിയതോടെ ആ ശ്രമം പരാജയപ്പെടുകയായിരുന്നു.
2013-ല്‍ നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് പിടിയിലായ യാസിന്‍ ഭട്കല്‍ അടക്കം പിന്നീട് അറസ്റ്റിലായ നാല് പ്രതികളുടെ വിചാരണ ഇനിയും പൂര്‍ത്തിയാകാനുണ്ട്. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ശക്തമായി വാദിച്ചു. അതില്‍ കുറഞ്ഞൊരു ശിക്ഷയും ഇവര്‍ക്ക് നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.