മുംബൈ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ്, ട്വന്റി-20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ട്വന്റി-20 ടീമില്‍ തിരിച്ചെത്തി. ട്വന്റി-20 ടീമിനേയും ടെസ്റ്റ് ടീമിനേയും രോഹിത് ശര്‍മ നയിക്കും. ജസ്പ്രീത് ബൂംറയാണ് വൈസ് ക്യാപ്റ്റന്‍.
ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി മുംബൈയിലാണ് 18 അംഗ ടീമുകളെ പ്രഖ്യാപിച്ചത്. മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കും വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനും ട്വന്റി-20യില്‍ വിശ്രമം അനുവദിച്ചു. ഋഷഭിന് പകരം ഇഷാന്‍ കിഷനാണ് ട്വന്റി-20യില്‍ വിക്കറ്റ് കീപ്പറാകുക. പരിക്കേറ്റ് പുറത്തായിരുന്ന ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ ട്വന്റി-20 ടീമില്‍ തിരിച്ചെത്തി.
പരിക്കേറ്റ കെ.എല്‍. രാഹുലും വാഷിങ്ടണ്‍ സുന്ദറും പരമ്പരക്കുണ്ടാകില്ല. മുതിര്‍ന്ന താരങ്ങളായ ചേതേശ്വര്‍ പുജാരയെയും അജിന്‍ക്യ രഹാനെയെയും ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കി. നാളുകളായി ഫോമില്ലാത്ത താരങ്ങളെ ഏറെ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് സെലക്ടര്‍മാര്‍ പുറത്തിരുത്തിയത്. മറ്റ് രണ്ട് സീനിയര്‍ താരങ്ങളായ വൃദ്ധിമാന്‍ സാഹക്കും ഇശാന്ത് ശര്‍മക്കും ടീമില്‍ സ്ഥാനം നിലനിര്‍ത്താനായില്ല.
ടെസ്റ്റ് ടീമില്‍ പുതുമുഖമായ സൗരഭ് കുമാറും സ്ഥാനം കണ്ടെത്തി. 2019-2020 രഞ്ജി ട്രോഫി സീസണില്‍ ഈ 28കാരന്‍ 44 വിക്കറ്റ് വീഴ്ത്തിയിരുന്നു. ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ എ ടീമിലും അംഗമായിരുന്നു സൗരഭ്. സ്പിന്‍ ബൗളര്‍ കുല്‍ദീപ് യാദവ് ഇരുടീമിലും ഇടം കണ്ടെത്തി. ആന്ധ്രാ പ്രദേശില്‍ നിന്നുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ കെ.എസ് ഭരത് ടെസ്റ്റ് ടീമിലുണ്ട്.
ട്വന്റി20 ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, വെങ്കിടേഷ് അയ്യര്‍, ദീപക് ഹൂഡ, ജസ്പ്രീത് ബൂംറ, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, സഞ്ജു സാംസണ്‍, രവീന്ദ്ര ജദേജ, യൂസ്വേന്ദ്ര ചഹല്‍, രവി ബിഷ്‌നോയ്, കുല്‍ദീപ് യാദവ്, ആവേഷ് ഖാന്‍.
ടെസ്റ്റ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, പ്രിയങ്ക് പഞ്ചാല്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, കെ.എസ്. ഭരത്, ആര്‍. അശ്വിന്‍, രവീന്ദ്ര ജദേജ, ജയന്ത് യാദവ്, കുല്‍ദീപ്, ജസ്പ്രീത് ബൂംറ (വൈസ് ക്യാപ്റ്റന്‍), മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, സൗരഭ് കുമാര്‍.
ഫെബ്രുവരി 24 നാണ് പരമ്പര ആരംഭിക്കുന്നത്. മൂന്നു മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ട്വന്റി-20 പരമ്പരയാണ് ആദ്യം നടക്കുക. അതിശേഷം രണ്ട് ടെസ്റ്റ് മത്സരങ്ങളും കളിക്കും. ഫെബ്രുവരി 24, 26, 27 തിയതികളിലാണ് ട്വന്റി-20 മത്സരങ്ങള്‍. ആദ്യ ടെസ്റ്റ് മാര്‍ച്ച് നാലിനും രണ്ടാം ടെസ്റ്റ് മാര്‍ച്ച് 12നും ആരംഭിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.