എറണാകുളം- അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബ്ബാനയ്ക്കായി അനിശ്ചിതകാല നിരാഹാര സമരം

എറണാകുളം- അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബ്ബാനയ്ക്കായി അനിശ്ചിതകാല നിരാഹാര സമരം

കൊച്ചി : എറണാകുളം - അങ്കമാലി അതിരൂപത സഭാ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച കൊച്ചിയിലെ സിറോ മലബാർ ആർച്ച് ബിഷപ്പ് ഹൗസിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. സീറോ മലബാർ സഭയിൽ ഏകീകൃത കുർബ്ബാനക്കായുള്ള ഫ്രാൻസിസ് മാർപ്പാപ്പയുടെ ആഹ്വാനത്തെ തള്ളികളഞ്ഞ എറണാകുളം - അങ്കമാലി അതിരൂപതയുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് വിവിധ സംഘടനകൾ പ്രതിഷേധത്തിനെത്തുന്നത്.

സീറോ മലബാർ സഭയിൽ ഔദ്യോഗികമായി ഏകീകൃത കുർബാന അർപ്പണ രീതി 2021 നവംബർ 28 മുതൽ നിലവിൽ വന്നു. അന്തിമമായി നടപ്പിൽ വരുത്തുവാൻ ഈ വർഷം ഈസ്റ്റർ വരെ സാവകാശം നൽകിയിട്ടുണ്ട്. എന്നാൽ എറണാകുളം -അങ്കമാലി അതിരൂപതയ്ക്ക്  ഇതിൽ നിന്നും ഇളവ് നൽകിയിട്ടുണ്ട് എന്ന തെറ്റിദ്ധാരണ പരത്തിയാണ് മാർപ്പാപ്പയുടെ ആഹ്വാനം നടപ്പിലാക്കാത്തത്.

ഏകീകൃത കുർബ്ബാനയ്ക്കായുള്ള സീറോ മലബാർ സഭ സിനഡിന്റെ തീരുമാനം പാലിക്കാൻ വിശാസികളും മെത്രാന്മാരും ബാധ്യസ്ഥരാണെന്ന് ചൊവ്വാഴ്ച ഉച്ചയോടെ ഉപവാസം ആരംഭിച്ച ശേഷം സഭാ സംരക്ഷണ സമിതി നേതാവ് അഡ്വ. മാത്യു മുതിരേന്തി പറഞ്ഞു. ഏകീകൃത കുർബാന അർപ്പണം എന്ന തീരുമാനത്തിനെതിരെ വലിയൊരു വിഭാഗം ജനങ്ങളുണ്ടെന്ന പ്രതീതി കൃത്രിമമായി സൃഷ്ടിക്കപ്പെടുകയാണെന്നും  സഭാ സിനഡ് എടുക്കുന്ന തീരുമാനങ്ങൾ അനുസരിക്കുക എന്നത് അല്മായരും വൈദികരുമായ എല്ലാ സഭാംഗങ്ങളുടെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.

സീറോ മലബാർ സഭാ സിനഡ് അംഗീകരിച്ച്, മാർപ്പാപ്പാ നിർദ്ദേശിച്ച ഏകീകൃത ബലി അർപ്പണം അനുവദിക്കപ്പെടേണ്ടതിലേക്കു ആവശ്യമെങ്കിൽ ജീവൻ നൽകാൻ കൂടി തയ്യാറാണെന്ന് 86 വയസ്സുകാരനായ സന്യാസി ബ്രദർ മാവുരൂസ് ഉപവാസ സത്യാഗ്രഹം ഉത്ഘാടനം ചെയ്ത് പ്രസ്താവിച്ചു.

സിനഡൽ തീരുമാനത്തെ അനുകൂലിക്കാൻ കഴിയുന്നില്ലെങ്കിൽ മെത്രാപ്പോലീത്തൻ വികാരി ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ മാറി നിൽക്കണമെന്നാണ് സംഘടനകളുടെ അഭിപ്രായം. അഡ്വ. മത്തായി മുതിരേന്തി, കൂനമ്മാവ് ഇവാഞ്ചൽ ആശ്രമത്തിലെ
ബ്രദർ അമൽ എന്നിവർ നിരാഹാര സമരത്തിന് തുടക്കം കുറിച്ചു. അഡ്വ. ഷേർലി സിറിയക്ക്‌, ബ്രദർ.മാവുരൂസ്, ബേബി പൊട്ടനാനി, മാർക്കോസ് എബ്രഹാം, ചെറിയാൻ കവലക്കൽ, ജോസ് മാവേലി, സിലിയ ആന്റണി, എലിസബത്ത് വാച്ചാപറമ്പിൽ എന്നിവർ നിരാഹാര സമരത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.

ഏകീകൃത കുർബ്ബാന അർപ്പണം എന്ന സിനഡ് നിർദ്ദേശത്തെ എതിർക്കുന്ന ചിലർ ജനുവരിയിൽ നടത്തിയ നിരാഹാര സമരം ചൂണ്ടിക്കാണിച്ചാണ് മാർ ആന്റണി കരിയിൽ സിനഡിന്റെ തീരുമാനം അനുസരിക്കില്ല എന്ന് തീരുമാനിച്ചത്. സീറോ മലബാർ സിനഡിന് മാർ കരിയിൽ നൽകിയ ഉറപ്പ് ലംഘിച്ചാണ് ഈ തീരുമാനമെടുത്തത് എന്ന് വിവിധ സംഘടനകൾ ചൂണ്ടികാണിക്കുന്നു. സംയുക്ത സഭാ സംരക്ഷണ സമിതിയുടെ നിരാഹാരത്തോട് അദ്ദേഹം എപ്രകാരമാണ് പ്രതികരിക്കുന്നത് എന്നറിയാൻ വിശ്വാസികൾ കാത്തിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.