തിരുവനന്തപുരം : കേരളത്തിലെ 23 വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റും ബഫര്‍സോണ്‍ എന്ന ഓമനപ്പേരില്‍ പരിസ്ഥിതി ലോലപ്രദേശങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് അപ്രഖ്യാപിത കുടിയിറക്ക് നടത്തുന്നതിന്‍റെ ആദ്യഘട്ടത്തിന് തുടക്കം കുറിച്ചിരിക്കുന്നു. കോഴിക്കോട് ജില്ലയിലെ മലബാര്‍, കണ്ണൂര്‍ ജില്ലയിലെ ആറളം, ഇടുക്കി ജില്ലയിലെ ഇടുക്കി എന്നീ വന്യജീവി സങ്കേതങ്ങള്‍ക്കു ചുറ്റുമുള്ള ബഫര്‍സോണ്‍ സംബന്ധിച്ച നോട്ടിഫിക്കേഷന്‍ ഇറങ്ങിക്കഴിഞ്ഞിരിക്കുന്നു. വളരെ ലളിതമായി പറഞ്ഞാല്‍ ഈ ബഫര്‍സോണിനുള്ളില്‍ വരുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ മരണമണിയാണ് ഈ വിജ്ഞാപനങ്ങള്‍. മലബാര്‍ വന്യജീവി സങ്കേതത്തിനു ചുറ്റുമുള്ള 13 വില്ലേജുകളില്‍ 55000 ജനങ്ങള്‍ മാത്രമേ ഈയൊരു പരിസ്ഥിതിലോല പ്രദേശത്ത് വരുന്നുള്ളൂ എന്ന് കല്ലുവെച്ച നുണയുടെ അടിസ്ഥാനത്തിലാണ് മലബാര്‍ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഉണ്ടായിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഈ പറഞ്ഞിരിക്കുന്നതില്‍നിന്നും പതിനായിരക്കണക്കിന് കുടുംബങ്ങള്‍ ഇപ്പോള്‍ പ്രഖ്യാപിച്ച ബഫര്‍ സോണില്‍ വരും എന്നാണ് ഇതിന്‍റെ അതിരുകള്‍ പരിശോധിച്ചപ്പോള്‍ നമുക്ക് മനസ്സിലാകുന്നത്.
എന്തൊക്കെയാണ് ഈ ബഫര്‍ പ്രദേശത്ത് വരാന്‍ പോകുന്ന നിയന്ത്രണങ്ങള്‍ എന്ന് നോക്കാം. ബഫര്‍സോണ്‍ പരിധിയിലുള്ള ജനങ്ങള്‍ക്ക് അവിടെ താമസിക്കുന്നതിന് നിയമപരമായി തടസ്സങ്ങളില്ല. പക്ഷെ, സാധാരണ നിലയിലുള്ള ജനജീവിതം അസാധ്യമാക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങളാണ് ബഫര്‍ സോണ്‍ മേഖലയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
കൃഷിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍
1. കൃഷിക്കാര്‍ക്ക് നിലവിലുള്ള കൃഷികള്‍ തുടര്‍ന്ന് പോകുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ വരും. മീന്‍കൃഷി, കന്നുകാലി വളര്‍ത്തല്‍, തോട്ടകൃഷി (റബ്ബര്‍ ഉള്‍പ്പടെ) പുറമ്പോക്ക് കൃഷി എന്നിവ നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യും. ഏതൊക്കെ കൃഷികള്‍ എങ്ങനെയൊക്കെ നിയന്ത്രിക്കണം അല്ലെങ്കില്‍ നിരോധിക്കണം എന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മുഖ്യ അധികാരിയായ മോണിറ്ററിംഗ് കമ്മറ്റി തീരുമാനിക്കും. കര്‍ഷകന്‍റെ മൗലികാവകാശത്തിേډലുള്ള കയ്യേറ്റമാണ് ഈ തീരുമാനം.
2. കര്‍ഷകര്‍ക്ക് സ്വന്തം സ്ഥലത്തെ മരങ്ങള്‍ മുറിക്കുന്നതിനും ഈ പറഞ്ഞ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ മുഖ്യഅധികാരിയായ മോണിറ്ററിംഗ് കമ്മറ്റിയുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്.
3. കൃഷിക്കാര്‍ക്ക് നിലവിലുള്ള വനംനിയമങ്ങള്‍ ബാധകമായിരിക്കും. കേരള വനംവകുപ്പ് അഡ്മിനിസ്ട്രേറ്റീവ് റിപ്പോര്‍ട്ട് 2018 പ്രകാരം 36 നിയമങ്ങളും ചട്ടങ്ങളുമാണ് കേരള വനംവുപ്പ് നടപ്പിലാക്കുന്നത്. ഈ നിയമങ്ങളില്‍ ഏതുവേണമെങ്കിലും അവിടുത്തെ ജനങ്ങള്‍ക്കെതിരെ എടുത്ത് പ്രയോഗിക്കാന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് കഴിയും. ചുരുക്കിപ്പറഞ്ഞാല്‍ പ്രസ്തുത ബഫര്‍ സോണ്‍ പ്രദേശത്ത് പ്രയോഗികമായി വനത്തിന് സമാനമായ നിയന്ത്രണങ്ങള്‍ എല്ലാ കാര്യങ്ങള്‍ക്കും വരും.
4. റബ്ബര്‍ ഷീറ്റ് തയ്യാറാക്കുമ്പോള്‍ ഉണ്ടാകുന്ന വെള്ളം മലിനീകരണം സൃഷ്ടിക്കുന്നു എന്ന് റിപ്പോര്‍ട്ടില്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ റബ്ബര്‍ കൃഷിക്കും റബ്ബര്‍ ഷീറ്റ് സംസ്കരണത്തിനും നിരോധനം വരാനുള്ള സാധ്യതയുണ്ട്.
5. മലഞ്ചെരുവുകളില്‍ ഉള്ള കാര്‍ഷിക പ്രവൃത്തികള്‍ നിയന്ത്രണവിധേയമാണ്. എന്താണ് നിയന്ത്രണങ്ങള്‍ എന്ന് വ്യക്തമായി പറയുന്നില്ല. പക്ഷെ കപ്പയും ചേനയും ഇഞ്ചിയും അടക്കമുള്ള എല്ലാവിധ തന്നാണ്ടു കൃഷികളും നിരോധിക്കപ്പെടാം.
6. കാര്‍ഷിക ആവശ്യത്തിനുള്ള കിണറുകളും കുളങ്ങളും കുഴിക്കുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ വരും. പുതിയ കിണറുകളും കുളങ്ങളും ബോര്‍വെല്ലുകളും കുഴിക്കുന്നതിന് ഈ പറഞ്ഞ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ മുഖ്യ അധികാരിയായ മോണിറ്ററിംഗ് കമ്മറ്റിയുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്.
7. കാര്‍ഷിക പോളിത്തീന്‍ ബാഗുകളുടെ ഉപയോഗം നിയന്ത്രണവിധേയമാണ്. ഏതുതരം നിയന്ത്രണങ്ങള്‍ എന്നു വ്യക്തമല്ല.
8. കൃഷിചെയ്യാത്ത ഭൂമികളെയും അതിന്‍റെ ആവാസ വ്യവസ്ഥകളെയും വീണ്ടെടുക്കും. എന്നു വച്ചാല്‍ കൃഷിചെയ്യാത്ത കൃഷിസ്ഥലങ്ങളും, കാടുകയറിക്കിടക്കുന്ന കൃഷിഭൂമികളും 2003 ലെ .......... ആക്ട് പ്രകാരം ഒരുരൂപപോലും നഷ്ടപരിഹാരം നല്‍കാതെ സര്‍ക്കാരിലേക്ക് പിടിച്ചെടുക്കുകയോ അവയെല്ലാം വനമായി മാറുകയോ ചെയ്യാം.
അടിസ്ഥാന വികസനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍
1. അടിസ്ഥാന സൗകര്യ വികസനം പൂര്‍ണ്ണമായി നിയന്ത്രിക്കപ്പെട്ടിരിക്കുന്നു.
2. തദ്ദേശവാസികള്‍ക്ക് താമസത്തിനായുള്ള വീട് പണിയുന്നതിനുപോലും ഈ പറഞ്ഞ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ മുഖ്യ അധികാരിയായ മോണിറ്ററിംഗ് കമ്മറ്റിയുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്.
3. ഈ പ്രദേശത്ത് താമസിക്കുന്ന ആദിവാസി വിഭാഗങ്ങള്‍പോലും ഈ നിയന്ത്രണങ്ങളെല്ലാം പാലിക്കേണ്ടതുണ്ട്. ഇത് 2007 ലെ വനാവകാശ നിയമത്തിന്‍റെ പൂര്‍ണ്ണമായ ലംഘനമാണ്.
4. വാണിജ്യ ആവസ്യങ്ങള്‍ക്കുള്ള ഒരുതരം കെട്ടിടങ്ങളും ഈ പരിധിയില്‍ അനുവദിക്കുന്നതല്ല.
5. സിഎന്‍ജി അല്ലെങ്കില്‍ എല്‍പിജി ഗ്യാസ് ഉപയോഗിച്ച് ഓടുന്ന വാഹനങ്ങള്‍ മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളു.
6. പുതിയ റോഡു നിര്‍മ്മാണവും നിലവില്‍ ഉള്ളവയുടെ വീതികൂട്ടലും ബലപ്പെടുത്തലും നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. അതായത് പുതിയ റോഡുകള്‍ പണിയാന്‍ സാധ്യമല്ല എന്നുമാത്രമല്ല നിലവില്‍ ഉള്ളത് റീടാറിംങ് ചെയ്യണമെങ്കില്‍പോലും ഇവര്‍ കനിയണം എന്നര്‍ത്ഥം.
7. മുകളിലെ നിയന്ത്രണത്തിന്‍റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിലൂടെ കടന്നുപോകുന്ന നിര്‍ദ്ദിഷ്ട മലയോര ഹൈവേ അടക്കം തടയപ്പെടും.
8. വൈദ്യുതി, ടെലികമ്മ്യൂണിക്കേഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കപ്പെടും. പുതിയ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതും, നിരോധിക്കപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്യാം.
9. എല്ലാ തരത്തിലുമുള്ള ഉച്ചഭാഷിണി ഉപയോഗവും നിരോധിക്കപ്പെടും.
10. പുതിയതായിട്ട് വ്യവസായ യൂണിറ്റുകള്‍ ഒന്നുംതന്നെ (ചെറുതായാലും വലുതായാലും) അനുവദിക്കുന്നതല്ല. എന്തൊക്കെയാണ് വ്യവസായങ്ങളുടെ ലിസ്റ്റില്‍ വരുന്നത് എന്ന് വ്യക്തമല്ല.
11. വാണിജ്യാടിസ്ഥാനത്തിലുള്ള വാഹനഗതാഗതം നിയന്ത്രണവിധേയമാണ് (ബസ്, ഓട്ടോ, ലോറി, ടാക്സി, ജീപ്പ് തുടങ്ങിയവ).
12. പരിസ്ഥിതിസംരക്ഷണ നിയമം അനുസരിച്ച് മുകളില്‍ പറഞ്ഞിരിക്കുന്ന നിബന്ധനകള്‍ ലംഘിക്കുന്ന ആളുകള്‍ക്കെതിരെ കേസ് എടുക്കുന്നതിനും നിയമ നടപടികള്‍ സ്വീകരിക്കുന്നതിനും വനംവകുപ്പിന് അധികാരം ഉണ്ടായിരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.