'ഭരണകൂടങ്ങളുടെ നിഷ്ക്രിയത്വം കാരണം കുട്ടനാട് വികസനത്തിൽ നിന്ന് പിന്നോട്ട് പോകുന്നത് കണ്ടില്ലെന്നു നടിക്കാനാകില്ല': ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ

'ഭരണകൂടങ്ങളുടെ നിഷ്ക്രിയത്വം കാരണം കുട്ടനാട് വികസനത്തിൽ നിന്ന് പിന്നോട്ട് പോകുന്നത് കണ്ടില്ലെന്നു നടിക്കാനാകില്ല': ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ

ആലപ്പുഴ: ഭരണകൂടങ്ങളുടെ നിഷ്ക്രിയത്വം കാരണം കുട്ടനാട് വികസനത്തിൽ നിന്ന് പിന്നോട്ട് പോകുന്നത് കണ്ടില്ലെന്നു നടിക്കാനാകില്ലെന്ന് ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ. കർഷക ദിനാഘോഷത്തിന്റെ ഭാ​ഗമായി ആലപ്പുഴ മങ്കൊമ്പിൽ നടന്ന കുട്ടനാട് സംരക്ഷണ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. കത്തോലിക്കാ കോൺ​ഗ്രസിന്റെ നേതൃത്വത്തിൽ നടന്ന ധർണയിൽ ചങ്ങനാശേരി അതിരൂപതയിലെ വിവിധ സംഘടനകൾ പങ്കെടുത്തു.

'നാല് മാസമായി മാറാത്ത വെള്ളകെട്ടും കാർഷിക മേഖലയിലെ പ്രശ്നങ്ങളും മൂലം നിത്യ ദുരിതത്തിൽ ആകുന്ന ഒരു ജനതയുടെ പ്രശ്നങ്ങളിൽ നിസംഗത പാലിക്കുന്ന ഭരണകൂടങ്ങൾ ഒരു ജനാധിപത്യ രാജ്യത്തു തന്നെയാണോ നിലനിൽക്കുന്നതെന്ന് മനസിലാക്കുവാൻ കഴിയുന്നില്ല'- ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ പറഞ്ഞു.



'അനന്ത സാധ്യതകളാൽ ഐക്യരാഷ്ട്ര സഭയുടെ ശ്രദ്ധയിൽപോലും പെട്ട കുട്ടനാട്ടിൽ ഒരു ജനത ഭരണകൂടങ്ങളുടെ നിഷ്കയത്വവും കാരണം വികസനത്തിൽ പിന്നോട്ട് പോകുന്നത് കണ്ടില്ലെന്നു നടിക്കാനാകില്ല. കുട്ടനാടിൻ്റ മുഴുവൻ പ്രശ്നങ്ങളിലും സത്വര നടപടി ഉണ്ടാകണം. വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ പാർട്ടികൾ കുട്ടനാട് പരീക്ഷണശാലയാക്കരുത്. തിരഞ്ഞെടുപ്പിൽ കുട്ടനാടിനെ ഗൗരവമായി കാണുവാൻ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തയ്യാറാകണം'- മാർ തോമസ് തറയിൽ പറഞ്ഞു.



സർക്കാർ എത്തി നോക്കാത്ത തുരുത്തുകളിൽ പോലും സ്കൂളുകളും ആശുപതികളും ഡിസ്പെൻസറികളും ആരംഭിച്ച് കുട്ടനാടൻ ജനതയുടെ വളർച്ചയിൽ എന്നും കരുതലുള്ള സമൂഹമായി ചങ്ങനാശേരി അതിരൂപത നിലകൊണ്ടിട്ടുണ്ടെന്നും അത് തുടരുമെന്നും ആർച്ച് ബിഷപ്പ് കുട്ടിച്ചേർത്തു.



അതിരൂപത വികാരി ജനറൽ മോൺസിഞ്ഞോർ ആന്റണി ഏത്തയ്ക്കാട് അധ്യക്ഷത വഹിച്ചു. ഷംഷാബാദ് രൂപതാ സഹായ മെത്രാൻ മാർ തോമസ് പാടിയത്ത്, ഉജ്ജയ്ൻ രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വടക്കേൽ, വികാരി ജനറാൾമാരായ മോൺ. മാത്യു ചങ്ങങ്കരി, മോൺ. സ്കറിയ കന്യാകോണിൽ തുടങ്ങിയവരും കത്തോലിക്കാ കോൺ​ഗ്രസ് ഭാരവാഹികളും ധർണയിൽ പങ്കെടുത്ത് സംസാരിച്ചു.

കർഷക രക്ഷ നസ്രാണി മുന്നേറ്റത്തിൻ്റെ തുടർച്ചയായി കുട്ടനാടിന്റെ മുന്നേറ്റത്തിനും സാംസ്‌കാരിക തനിമയുടെ വീണ്ടെടുപ്പിനുമായി നടത്തിയ ധർണയിൽ കത്തോലിക്ക കോൺഗ്രസിനൊപ്പം പിതൃവേദി, മാതൃവേദി, യുവദീപ്‌തി എസ്.എം.വൈ.എം, കെ.എൽ.എം, ഡി.സി.എം.എസ്, സി.എച്ച്.എ.എസ്.എസ്, ക്രിസ്-ഇൻഫാം, മിഷൻലീഗ് കെ.സി.എസ്.എൽ, പ്രവാസി അപ്പോസ്തോലേറ്റ്, ഡിഎഫ്സി തുടങ്ങിയ സംഘടനകളും പൊതുസമൂഹവും പങ്കെടുത്തു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.