'ഒരല്‍പം ആത്മാഭിമാനം ബാക്കിയുണ്ടെങ്കില്‍ സന്ദര്‍ശനം മതിയാക്കി ഇമ്രാന്‍ മടങ്ങണം'; ശശി തരൂര്‍

'ഒരല്‍പം ആത്മാഭിമാനം ബാക്കിയുണ്ടെങ്കില്‍ സന്ദര്‍ശനം മതിയാക്കി ഇമ്രാന്‍ മടങ്ങണം'; ശശി തരൂര്‍

ന്യൂഡല്‍ഹി: അടിസ്ഥാന സൗകര്യ വികസനത്തിനും വാതക പൈപ്പ് ലൈന്‍ പദ്ധതിയിലും സഹായം ചോദിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ റഷ്യയിലെത്തിയത് ഇന്നലെയാണ്. അതേസമയം തന്നെ ഉക്രെയ്‌നില്‍ റഷ്യ ആക്രമണം ആരംഭിക്കുകയും ചെയ്തു. ഇമ്രാന്‍ എത്തിയപ്പോള്‍ സ്വീകരിക്കാന്‍ പ്രസിഡന്റായ പുടിനോ, പ്രധാനമന്ത്രിയോ എത്തിയില്ല. ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിയായ ഇഗോര്‍ മോര്‍ഗുലോവും സംഘവുമാണ് സ്വീകരിച്ചത്. ഇത് പാകിസ്ഥാന് വലിയ നാണക്കേടായിരിക്കുകയാണ്. എന്നിട്ടും സന്ദര്‍ശനം തുടരുകയാണ് ഇമ്രാന്‍.

റഷ്യ ആക്രമണം നടത്തുന്ന ഈ സാഹചര്യത്തിലും സാമ്പത്തിക സഹായം ചോദിച്ച് ചെല്ലാതെ അല്‍പമെങ്കിലും ആത്മാഭിമാനം ബാക്കിയുണ്ടെങ്കില്‍ തിരികെ പോകണമെന്നാണ് ഇമ്രാന്‍ ഖാനെ വിമര്‍ശിച്ചുകൊണ്ട് ശശി തരൂര്‍ എം.പി ഫെയ്‌സ് ബുക്കില്‍ കുറിച്ചത്. ഇക്കാര്യത്തില്‍ 1979ല്‍ അന്ന് വിദേശകാര്യ മന്ത്രിയായിരുന്ന എ.ബി വാജ്പേയി സ്വീകരിച്ച മാര്‍ഗം പിന്തുടരണമെന്ന് തരൂര്‍ ഇമ്രാനെ ഉപദേശിക്കുന്നു.

വിയറ്റ്നാമിനെ ചൈന ആക്രമിക്കുന്ന സാഹചര്യം അന്ന് ഉണ്ടായപ്പോള്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുകയായിരുന്ന വാജ്പേയി അത് റദ്ദാക്കി മടങ്ങിയെത്തി എന്നായിരുന്നു കുറിപ്പ്.

ശശി തരൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം ചുവടെ:

1979ല്‍ അന്നത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എ ബി വാജ്പേയി ചൈന സന്ദര്‍ശനം നടത്തികൊണ്ടിരുന്ന സമയത്താണ് ചൈന വിയറ്റ്‌നാമിനെ ആക്രമിച്ചത്. ഉടനെ തന്നെ അദ്ദേഹം സന്ദര്‍ശനം നിര്‍ത്തി ഇന്ത്യയിലേക്ക് മടങ്ങി.

ഇതൊരു മാതൃകയാക്കി എടുത്ത് ഇപ്പോള്‍ റഷ്യന്‍ സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കുന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഒരല്‍പം ആത്മാഭിമാനം ബാക്കിയുണ്ടെങ്കില്‍ സന്ദര്‍ശനം മതിയാക്കി മടങ്ങിപ്പോകേണ്ടതാണ്. അല്ലെങ്കില്‍ ഈ അധാര്‍മികമായ കടന്നു കയറ്റത്തിന് അദ്ദേഹവും ഭാഗഭാക്കാവുകയാണെന്ന് പറയേണ്ടി വരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.