'നയതന്ത്രത്തിന്റെ പാത കൈവിട്ടു പോയത് ഖേദകരം'; യുഎന്‍ പ്രമേയത്തെ പിന്തുണയ്ക്കാത്തതില്‍ വിശദീകരണവുമായി ഇന്ത്യ

'നയതന്ത്രത്തിന്റെ പാത കൈവിട്ടു പോയത് ഖേദകരം'; യുഎന്‍ പ്രമേയത്തെ പിന്തുണയ്ക്കാത്തതില്‍ വിശദീകരണവുമായി ഇന്ത്യ

ന്യൂഡല്‍ഹി: ഉക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തിനെതിരെ യുഎന്‍ രക്ഷാ സമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തെ പിന്തുണയ്ക്കാത്തതില്‍ വിശദീകരണവുമായി ഇന്ത്യ. നയതന്ത്രത്തിന്റെ പാത കൈ വിട്ടുപോയത് തീര്‍ത്തും ഖേദകരമാണെന്ന് ഇന്ത്യ വ്യക്തമാക്കി. നയതന്ത്ര പാതയിലേക്ക് ഉടന്‍ മടങ്ങേണ്ടത് അനിവാര്യമാണെന്നും കൂടുതല്‍ ചര്‍ച്ചകളിലേക്കും അനുരഞ്ജനത്തിലേക്കും വഴി തുറക്കേണ്ടതിനാലാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതെന്നാണ് ഇന്ത്യയുടെ വിശദീകരണം.

ഉക്രെയ്‌നില്‍ നിന്ന് സൈനിക പിന്‍മാറ്റം ആവശ്യപ്പെടുന്ന പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടു നിന്നത് രാജ്യാന്തര വേദികളില്‍ ചര്‍ച്ചയായിരുന്നു. യുഎന്‍ രക്ഷാ സമിതിയില്‍ യുഎസും അല്‍ബേനിയയും ചേര്‍ന്നാണ് പ്രമേയം അവതരിപ്പിച്ചത്. 15 അംഗ സുരക്ഷാ കൗണ്‍സിലില്‍ 11 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. ഇന്ത്യയും ചൈനയും യുഎഇയും വോട്ടെടുപ്പില്‍ നിന്നു വിട്ടു നിന്നു.

പ്രമേയം സ്ഥിരാംഗമായ റഷ്യ വീറ്റോ ചെയ്തതോടെ പാസാക്കാനായിരുന്നില്ല. നയതന്ത്ര ചര്‍ച്ചകളിലൂടെ സംഘര്‍ഷം രമ്യമായി പരിഹരിക്കണമെന്നാണ് ഇന്ത്യന്‍ നിലപാടെന്നും അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും പരിഹരിക്കാനുള്ള ഏക വഴി നയതന്ത്ര സംഭാഷണം മാത്രമാണെന്നും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂര്‍ത്തി പറഞ്ഞു.

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ ഇരു രാജ്യങ്ങളേയും പിണക്കാതെ സന്തുലിതമായ നയതന്ത്ര സമീപനം സ്വീകരിച്ച ഇന്ത്യ വോട്ടെടുപ്പിലും സമാനമായ സമീപനമാണ് സ്വീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.