'ക്രിസ്ത്യാനികള്‍ ഇറാഖി സമൂഹത്തിന്റെ അനിവാര്യ ഘടകം': അപ്പസ്‌തോലിക യാത്രാ വാര്‍ഷികത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ

 'ക്രിസ്ത്യാനികള്‍ ഇറാഖി സമൂഹത്തിന്റെ അനിവാര്യ ഘടകം': അപ്പസ്‌തോലിക യാത്രാ വാര്‍ഷികത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: സമാനതകളില്ലാത്ത വിയോജിപ്പും ഭിന്നതയും അനുഭവിച്ച ഇറാഖി ജനതയുടെ നടുവില്‍ വിശ്വാസം സംരക്ഷിച്ച് ജീവിക്കുന്ന ക്രിസ്ത്യാനികള്‍ നാനാത്വത്തിലെ ഏകത്വത്തിന്റെ പ്രവചന അടയാളമായി തിളങ്ങുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.ക്രിസ്ത്യാനികള്‍ അവിടത്തെ പൊതു സമൂഹത്തിന്റെ അനിവാര്യ ഘടകമാണെന്നും ഇറാഖിലേക്ക് താന്‍ നടത്തിയ അപ്പസ്‌തോലിക യാത്രയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചു റോമിലെത്തിയ ഇറാഖിലെ ക്രിസ്ത്യന്‍ സഭാ പ്രതിനിധികളോട് മാര്‍പാപ്പ പറഞ്ഞു.

'ക്രിസ്ത്യാനികളില്ലാത്ത ഇറാഖ് ഇനി ഇറാഖ് ആയിരിക്കില്ല. കാരണം ക്രിസ്ത്യാനികളും മറ്റ് വിശ്വാസികളും, സഹവര്‍ത്തിത്വവും സഹിഷ്ണുതയും പരസ്പര സ്വീകാര്യതയും ആദ്യ നൂറ്റാണ്ടുകള്‍ മുതല്‍ അഭിവൃദ്ധി പ്രാപിച്ച ഒരു സ്ഥലമെന്ന നിലയില്‍ രാജ്യത്തിന്റെ പ്രത്യേക വ്യക്തിത്വത്തിന് ശക്തമായി സംഭാവന ചെയ്യുന്നു. ഇറാഖ് തങ്ങളുടെ വീടാണെന്നും തങ്ങള്‍ സ്വന്തം പൗരന്മാരാണെന്നും ക്രിസ്ത്യാനികള്‍ക്ക് തുടര്‍ന്നും ഉറപ്പാക്കാന്‍ എല്ലാ ശ്രമവും തുടരണം'- ഫ്രാന്‍സിസ് മാര്‍പാപ്പ അഭിപ്രായപ്പെട്ടു.

നാഗരികതയുടെയും ക്രിസ്തീയതയുടെയും കളിത്തൊട്ടിലാണ് ഇറാഖ് . ബൈബിള്‍ കാലഘട്ടം മുതല്‍ ഇത് പ്രവാസികളുടെ നാടായിരുന്നു. ഈ സമീപ വര്‍ഷങ്ങളിലെ ദാരുണമായ സംഭവങ്ങളെ പരാമര്‍ശിച്ചുകൊണ്ട്, പീഡനങ്ങള്‍ക്കിടയിലും സുവിശേഷത്തോടുള്ള വിശ്വസ്തതയുടെ ധൈര്യശാലികളായ സാക്ഷികള്‍ ആയി ഇറാഖിലെ ക്രിസ്ത്യന്‍ സമൂഹമെന്ന് മാര്‍പാപ്പ പറഞ്ഞു. സഭയ്ക്ക് ആ ജനത്തോട് നന്ദിയുണ്ട്.

'ജീവിതം പോലും പണയം വെച്ചും വിശ്വാസം കാത്തുസൂക്ഷിച്ചവരുടെ കഷ്ടപ്പാടുകള്‍ക്കും രക്തസാക്ഷിത്വത്തിനും മുന്നില്‍ ഞാന്‍ നമിക്കുന്നു. സ്നേഹത്താല്‍ ചൊരിയപ്പെട്ട ക്രിസ്തുവിന്റെ രക്തം അനുരഞ്ജനം കൊണ്ടുവന്ന് സഭയെ അഭിവൃദ്ധിപ്പെടുത്തിയതുപോലെ, വ്യത്യസ്ത പാരമ്പര്യങ്ങളില്‍ പെട്ടവരും എന്നാല്‍ ഒരേ ത്യാഗത്തില്‍ ഐക്യപ്പെട്ടവരുമായ നമ്മുടെ കാലത്തെ ഈ അനേകം രക്തസാക്ഷികളുടെ രക്തം മുഴുവന്‍ ക്രിസ്ത്യാനികള്‍ക്കിടയിലും ഐക്യത്തിന്റെ ബീജമാകട്ടെ. വിശ്വാസത്തിന്റെ പുതിയ വസന്തകാലത്തിന്റെ അടയാളം.'

അജപാലനം, വൈദിക പരിശീലനം, ദരിദ്ര സേവനം എന്നീ മേഖലകളില്‍ സഹകരണത്തിന്റെ നിരവധി കണ്ണികള്‍ സ്ഥാപിക്കാന്‍ അനുവദിച്ച ഇറാഖിലെ വിവിധ സഭകളുടെ സാഹോദര്യ ബന്ധത്തെ മാര്‍പാപ്പ അഭിനന്ദിച്ചു.ഈ പാതയില്‍ തുടരാന്‍ അവരോട് ആഹ്വാനം ചെയ്തു. നിരന്തരമായ സംവാദവും, സാഹോദര്യ സ്‌നേഹവും വഴി പൂര്‍ണ്ണമായ ഐക്യത്തിലേക്ക് മുന്നേറാന്‍ കഴിയണം. സംഭാഷണം തീവ്രവാദത്തിനെതിരായ ഏറ്റവും മികച്ച മറുമരുന്നാണ്. തീവ്രവാദമാകട്ടെ, ഏത് മതത്തിന്റെയും അനുയായികള്‍ക്ക് അപകടകരവും സമാധാനത്തിന് ഗുരുതരമായ ഭീഷണിയുമാണ്.

'മതാന്തര ബന്ധം ദൃഢമാക്കി
അപ്പസ്‌തോലിക സന്ദര്‍ശനം'

ഭൗതികവും സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ ദാരിദ്ര്യവും അനീതിയുടെയും ദുര്‍ബലതയുടെയും സാഹചര്യങ്ങളും ഉള്‍പ്പെടുന്ന അതിന്റെ മൂലകാരണങ്ങളെ അഭിസംബോധന ചെയ്യുന്നതിലൂടെ മാത്രമേ മൗലികവാദത്തെ ഉന്മൂലനം ചെയ്യാന്‍ കഴിയൂ എന്നും മാര്‍പാപ്പ അഭിപ്രായപ്പെട്ടു.

മൊസൂളിലെ സുറിയാനി ഓര്‍ത്തഡോക്‌സ് ആര്‍ച്ച്ബിഷപ്പ് നിക്കോദെമസ് ദാവൂദ്, കിര്‍കുക്കിലെയും ഡയാനയിലെയും ഈസ്റ്റ് അസീറിയന്‍ ബിഷപ്പ് അബ്രിസ് യൂഖന്ന എന്നിവര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തിലുള്ള അഗാധമായ നന്ദി പ്രതിനിധി സംഘത്തിനു വേണ്ടി രേഖപ്പെടുത്തി.

ആ സന്ദര്‍ശനം രാജ്യത്തെ മതാന്തര ബന്ധങ്ങളില്‍, പ്രത്യേകിച്ച് ക്രിസ്ത്യാനികളോടുള്ള മുസ്ലീങ്ങളുടെ മനോഭാവത്തില്‍ നല്ല സ്വാധീനം ചെലുത്തിയെന്ന് ആര്‍ച്ച്ബിഷപ്പ് ദാവൂദ് ചൂണ്ടിക്കാട്ടി. മാര്‍പാപ്പയുടെ സന്ദര്‍ശനം ഇറാഖിലെ എക്യുമെനിക്കല്‍ സംഭാഷണത്തിന് 'പുതിയ പ്രചോദനവും വെളിച്ചവും' പകര്‍ന്നതായി ബിഷപ്പ് യൂഖാന്ന അഭിപ്രായപ്പെട്ടു. 'നാമെല്ലാം ദൈവത്തിന്റെ മക്കളാണെന്നും അതിനാല്‍ സഹോദരങ്ങളാണെന്നും നിരന്തരം ഓര്‍മ്മിപ്പിക്കുന്ന മാനുഷിക ബന്ധങ്ങളില്‍ അധിഷ്ഠിതമാണ് ഈ സംഭാഷണം'- അദ്ദേഹം പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.