തൊഴിലാളികള്‍ക്ക് അവകാശ ബോധം മാത്രം പോരാ; ഉത്തരവാദിത്വ ബോധം കൂടി വേണം: ട്രേഡ് യൂണിയനുകള്‍ക്കെതിരെ മുഖ്യമന്ത്രി

തൊഴിലാളികള്‍ക്ക് അവകാശ ബോധം മാത്രം പോരാ; ഉത്തരവാദിത്വ ബോധം കൂടി വേണം: ട്രേഡ് യൂണിയനുകള്‍ക്കെതിരെ മുഖ്യമന്ത്രി

കൊച്ചി: നോക്കുകൂലി വാങ്ങുന്നത് ശരിയല്ലെന്നറിഞ്ഞിട്ടും ട്രേഡ് യൂണിയനുകള്‍ അതിപ്പോഴും തുടരുകയാണെന്നും തൊഴിലാളി സംഘടനകളുടെ പ്രവര്‍ത്തനത്തില്‍ തിരുത്തല്‍ വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ രീതി തുടര്‍ന്നാല്‍ പല മേഖലകളെയും അത് ബാധിക്കും. കൊച്ചിയില്‍ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളത്തില്‍ നയരേഖ അവതരണത്തിനിടെയായിരുന്നു മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

സിപിഎമ്മിന്റെ ട്രേഡ് യൂണിയന്‍ സംഘടനയായ സിഐടിയുവിനെതിരെ രൂക്ഷ വിമര്‍ശനമാണ് നയരേഖയ്‌ക്കൊപ്പം അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലുളളത്. തൊഴിലാളികളെ സംഘടന അവകാശ ബോധം മാത്രം പഠിപ്പിക്കുന്നു. അതുപോരാ, തൊഴിലാളികളില്‍ ഉത്തരവാദിത്വ ബോധം കൂടി ഉണ്ടാക്കണം. അതാണ് പുതിയ കാലം ആവശ്യപ്പെടുന്നത്. ഡിഐടിയുവിനെ രൂക്ഷമായി വിമര്‍ശിക്കുപ്പോള്‍ തന്നെ ഡിവൈഎഫ്‌ഐക്ക് പ്രശംസയുമുണ്ട്. കോവിഡ് കാലത്ത് ഡിവൈഎഫ്‌ഐ അടക്കം മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

സിപിഎം സംസ്ഥാന കമ്മറ്റിയില്‍ മുഖ്യമന്ത്രി അവതരിപ്പിക്കുന്ന നയ രേഖയില്‍ അടിമുടി മാറ്റങ്ങളാണ് നിര്‍ദേശിക്കുന്നത്. പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയില്‍ സംസ്ഥാനത്ത് വന്‍കിട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേണമെന്ന് സിപിഎം നയരേഖ പറയുന്നു. സഹകരണ മേഖലയിലും സ്വകാര്യ മേഖലയിലും വന്‍കിട വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങള്‍ വേണം. ഉന്നത വിദ്യാഭ്യാസ മേഖലയെ ഉല്‍പാദന മേഖലയുമായി ബന്ധിപ്പിക്കണം. വ്യവസായ സൗഹൃദ അന്തരീക്ഷം ഒരുക്കണമെന്നും നയ രേഖയില്‍ പറയുന്നു.

വരുന്ന കാല്‍ നൂറ്റാണ്ട് കാലത്തേക്കുള്ള കേരളത്തിന്റെ വികസനം സംബന്ധിച്ച പാര്‍ട്ടി നയമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചത്. വിദ്യാഭ്യാസ മേഖലയിലുള്‍പ്പടെ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ ഉദാര സമീപനമാണ് ലക്ഷ്യമെന്ന് കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലന്‍ നേരത്തെ പറഞ്ഞിരുന്നു. അടിസ്ഥാന നയങ്ങളില്‍ വെള്ളം ചേര്‍ക്കാതെയാകും നയ രേഖയെന്നും സിപിഎം നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

പ്രവര്‍ത്തന റിപ്പോര്‍ട്ടിലും സംഘടനാ റിപ്പോര്‍ട്ടിലുമുള്ള ചര്‍ച്ചയാണ് ഇന്നത്തെ സംസ്ഥാന സമ്മേളന അജണ്ട. നാളെ നവ കേരള നയരേഖയില്‍ ചര്‍ച്ച നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.