ലോകത്തിന്‍റെ മനഃസാക്ഷി സൂക്ഷിപ്പുകാരായ മാര്‍പാപ്പാമാര്‍, കത്തോലിക്കാ സഭയിലെ വിശ്വാസികള്‍ക്കുവേണ്ടി മാത്രം എഴുതുന്നത് എന്ന് ലോകം വിലയിരുത്തുമ്പോഴും, ചാക്രിക ലേഖനങ്ങള്‍ക്ക് എന്നും ഒരു സാര്‍വ്വജനീന സ്വഭാവം ഉണ്ടായിരുന്നു എന്നതാണ് വാസ്തവം! ഫ്രാന്‍സിസ് പാപ്പായുടെ മൂന്നാമത്തെ ചാക്രികലേഖനമായ "ഫ്രത്തേല്ലി തൂത്തി"യുടെ അഞ്ചാം അദ്ധ്യായം "മെച്ചപ്പെട്ട ഒരു രാഷ്ട്രീയവ്യവസ്ഥിതി"യെ വിഭാവനം ചെയ്യുന്നു. ഇതിനെ അധികരിച്ച് സഭയുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളെക്കുറിച്ചുള്ള ഒരു എളിയ പഠനമാണ് ഈ കുറിപ്പിനാധാരം.
കഴിഞ്ഞ നൂറ്റാണ്ടിനെ ഒന്ന് അവലോകനം ചെയ്താല്‍ നാം കാണുന്നത്, ഈ ഭൂമിയെ നവീകരിക്കുവാന്‍/സമഗ്രമാറ്റം കൊണ്ടുവരുവാന്‍/ഇവിടെ സ്വര്‍ഗ്ഗം കെട്ടിപ്പടുക്കുവാന്‍ തുടങ്ങിയുള്ള നിലപാടുകളുമായി വന്ന പ്രസ്ഥാനങ്ങളൊക്കെ തന്നെ പലതരത്തില്‍ പരാജയപ്പെട്ടുപോയി എന്നതാണ്. 90-കളില്‍ കമ്മ്യൂണിസം തകര്‍ന്നു. പ്രത്യയശാസ്ത്രങ്ങള്‍ നടപ്പില്‍ വരുത്തുവാന്‍ സ്ഥാപിക്കപ്പെട്ട രാഷ്ട്രങ്ങള്‍ തന്നെ തകര്‍ന്നു. അഭിനവ ലോകചിത്രം ഒന്നു വിലയിരുത്തിയാല്‍ കാണാന്‍ സാധിക്കുന്നത് അക്കാദമിക തര്‍ക്കങ്ങളുടെ തലത്തില്‍ മാത്രമേ ഇപ്പോള്‍ കമ്മ്യൂണിസവും സോഷ്യലിസവും നിലനില്‍ക്കുന്നുള്ളു എന്നതാണ്. ഈ പശ്ചാത്തലത്തില്‍ ഉയര്‍ന്നു വന്ന സംസ്കാരങ്ങള്‍ പരിശോധിക്കുമ്പോള്‍ നാം മനസ്സിലാക്കുന്നത്, 21-ാം നൂറ്റാണ്ട് പിറന്നു വീണതുതന്നെ സാംസ്കാരിക സംഘര്‍ഷങ്ങളുടെ നിഴലിലാണ് എന്നതാണ്. "The Clash of Civilizations and the Remaking of the World Order" എന്ന ഗ്രന്ഥത്തില്‍ സാമുവല്‍ ഹണ്ടിംഗ്ടന്‍ ഇത് വിശദമായി പ്രതിപാദിക്കുന്നു. കഴിഞ്ഞ 20 വര്‍ഷം കൊണ്ട് വളര്‍ന്ന് ലോകത്തെ മുഴുവന്‍ ഭയപ്പെടുത്തുന്ന അവസ്ഥാവിശേഷമായി മാറിയ വിശ്വാസസംഹിതകളും ചിന്താധാരകളും. പുതിയ ആപല്‍ക്കരമായ പ്രവണതകള്‍ ഉയര്‍ത്തിവിട്ട അനുരണനങ്ങള്‍, പ്രത്യാഘാതങ്ങള്‍ എന്നിവ, വംശീയവും മതപരവുമായ ധ്രുവീകരണം... ഇവയൊക്കെ ഇന്നിന്‍റെ അസ്വസ്ഥത പടര്‍ത്തുന്ന യാഥാര്‍ത്ഥ്യങ്ങളാണ്. വിഭാഗീയ ചിന്തകള്‍ ഇല്ലാത്ത ഒരു യുഗപ്പിറവി സ്വപ്നം കണ്ടവര്‍ ഇന്നു ഭഗ്നാശരാണ്.
ജനാധിപത്യം ലോകത്ത് എല്ലായിടത്തും സ്ഥാപിക്കപ്പെടും എന്ന വിശ്വാസം ഇന്ന് ആരുംതന്നെ വച്ചുപുലര്‍ത്തുന്നില്ല. എന്നു തന്നെയല്ല പാശ്ചാത്യസംസ്കാരം ലോകത്തിന് സംഭാവന ചെയ്ത മതേതരത്വവും ജനായത്തവും മനുഷ്യാവകാശ സങ്കല്പങ്ങളും ആവിഷ്ക്കാര സ്വാതന്ത്ര്യം തുടങ്ങിയ മൂല്യങ്ങളുമൊക്കെ വെല്ലുവിളിക്കപ്പെടുന്നു എന്നതാണ് നാം നിരന്തരം കാണുന്നത്. പഴയ ഗോത്ര സംസ്കാരത്തിന്‍റെ പ്രാകൃതമൂല്യങ്ങള്‍ ഉത്തരാധുനിക സമൂഹത്തെ ഗ്രസിക്കുന്നു എന്നുവേണം പറയാന്‍.
ജനാധിപത്യവ്യവസ്ഥയില്‍ രാഷ്ട്രീയ പാര്‍ട്ടികളും അവ പ്രതിനിധീകരിക്കുന്ന പ്രത്യക്ഷമായ പ്രത്യയശാസ്ത്ര നിലപാടുകളും കഴിഞ്ഞ നൂറ്റാണ്ടില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നെങ്കില്‍, ഉത്തരാധുനികലോകത്ത് ഇവയുടെയൊക്കെ തിരസ്കാരമാണ് നാം കാണുന്നത്. ലോകമെമ്പാടും നേതൃത്വത്തിന്‍റെ പ്രതിസന്ധി പ്രകടമാണ്. വിശ്വസനീയതയുള്ള നേതാക്കള്‍ അപൂര്‍വ്വതയാകുന്നു. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയിരിക്കുന്ന ഒരു ലോകത്താണ് നാം ഇപ്പോള്‍ ജീവിക്കുന്നത്. ഒരു ജനാധിപത്യ സംവിധാനത്തില്‍ രാഷ്ട്രീയാധികാരം തന്നെ എന്തിന് എന്ന ചോദ്യം ഉയര്‍ന്നു കേള്‍ക്കുന്നു. "Manipulative politics'' കൊണ്ടു പൊറുതി മുട്ടിയ ജനം മറ്റു മാര്‍ഗ്ഗങ്ങള്‍ തേടിത്തുടങ്ങുന്നതില്‍ അതിശയമില്ല.
ഇവിടെയാണ് ഫ്രാന്‍സിസ് പാപ്പായുടെ പുതിയ ചാക്രിക ലേഖനമായ 'Fratelli Tutti' യുടെ പ്രസക്തി. നുണപ്രചരണങ്ങളുടെയും സ്വാര്‍ത്ഥലക്ഷ്യങ്ങളുടെയും കെണികളില്‍ നിന്ന് മോചിപ്പിച്ച്, രാഷ്ട്രീയത്തെ, പൊതുനന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഉപവി പ്രവര്‍ത്തനമാക്കാന്‍ പാപ്പാ ആഹ്വാനം ചെയ്യുന്നു. 'Fratelli Tutti' യില്‍ പാപ്പായെ സ്വാധീനിച്ച ചിന്താധാരകളില്‍ ഗാന്ധിജിയെക്കുറിച്ചുള്ള പരാമര്‍ശം ഒരുപക്ഷേ ചേര്‍ത്തിരിക്കുന്നതു തന്നെ ഭാരതത്തിന്‍റെ രാഷ്ട്രപിതാവിന്‍റെ, ആദ്ധ്യാത്മികതയില്‍ വേരൂന്നിയ രാഷ്ട്രീയ നിലപാടുകള്‍ കാരണമാവാം. രാഷ്ട്രീയം ദൈവാരാധന പോലെ പവിത്രമായി നോക്കിക്കണ്ട ഗാന്ധിജി ജീവിതത്തിലുടനീളം സത്യാന്വേഷിയായിരുന്നു എന്നതും പാപ്പായെ സ്വാധീനിച്ചിരിക്കാം. ലോകത്തെ മുഴുവന്‍ സത്യത്തിലൂന്നിയ സ്നേഹസംവാദത്തിന് ക്ഷണിക്കുന്ന പാപ്പാ നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാത്ത സത്യസന്ധത പൊതുപ്രവര്‍ത്തകരുടെ മുഖമുദ്രയാകണം എന്നാഗ്രഹിക്കുന്നു.
കേരളത്തില്‍ കത്തോലിക്കാസഭയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ നാം കാണുന്നത്, പോര്‍ച്ചുഗീസ് അധിനിവേശത്തിന് മുന്‍പ് പൗരസ്ത്യപാരമ്പര്യത്തില്‍ വളര്‍ന്നു പോഷിച്ച ഒരു സഭയെയാണ്. കോളനിവാഴ്ചക്കാലത്ത് മാറ്റങ്ങള്‍ക്ക് വിധേയപ്പെട്ട കേരളസഭ ജാതിവ്യവസ്ഥയുടെ ഭാഗമായാണ് നിലനിന്നിരുന്നത്. ഈ പശ്ചാത്തലത്തില്‍ വേണം രാഷ്ട്രീയ നിലപാടുകളെക്കാണാനും വിലയിരുത്താനും. കേരളത്തിന്‍റെ പൊതുബോധത്തില്‍ ഉറച്ചുപോയ ഇത്തരം കാഴ്ചപ്പാടുകള്‍ പരോക്ഷമായി എല്ലാത്തിനെയും സ്വാധീനിക്കുന്നു. ഭാരതത്തിന്‍റെ പ്രത്യേക ചരിത്ര പശ്ചാത്തലത്തില്‍ പൗരാവകാശങ്ങള്‍, രാഷ്ട്രം നല്‍കുന്ന ആനുകൂല്യങ്ങള്‍ എന്നിവയൊക്കെ ഈ രീതിയിലാണ് വിന്യസിക്കപ്പെടുന്നതും. അതുകൊണ്ടുതന്നെ ഇത്തരം വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ സഭ തെറ്റിദ്ധരിക്കപ്പെടാനുള്ള വലിയ സാധ്യതയുമുണ്ട്. സഭയുടെ നിശ്ശബ്ദത മുതലെടുക്കപ്പെടാറുമുണ്ട്. മതപരവും ജാതീയവുമായ വിഭാഗീയചിന്തകളുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് നമ്മള്‍ വളരെ സങ്കുചിതമായി ചിന്തിക്കുന്ന ഒരു വിഭാഗമാണ്, അന്യായമായി അവകാശങ്ങള്‍ ചോദിക്കുന്നവരാണ് എന്നൊക്കെ ആരോപിക്കപ്പെടുന്നു.
സാമ്പത്തികസംവരണത്തെക്കുറിച്ച് ഉയര്‍ന്നുവന്ന പ്രശ്നങ്ങള്‍ ഇത്തരം കാഴ്ചപ്പാടുകളില്‍ നിന്ന് ഉയിര്‍കൊണ്ടവയാണ്. "മുന്നോക്കക്കാര്‍" എന്ന തെറ്റിദ്ധാരണാജനകമായ പദപ്രയോഗത്തിന്‍റെ നിര്‍വചനത്തിലും പിഴവുകളുണ്ട്. സഭയുടെ നിലപാടുകള്‍ വിവാദമായിത്തീരുന്നത് എന്തുകൊണ്ട് എന്നു നമുക്കറിയാം! ബോധപൂര്‍വ്വമായ പ്രചാരണത്തിന്‍റെ ഫലം തന്നെ. സ്ഥാപിത താല്പര്യമുള്ള പ്രസ്ഥാനമായി സഭയെ മുദ്രകുത്തി ബഹുജനമദ്ധ്യത്തില്‍ തെറ്റിദ്ധരിപ്പിക്കുകയും യഥാര്‍ത്ഥ നിലപാടുകളെ തമസ്ക്കരിക്കുകയും ചെയ്യുക എന്നതാണ് പലരും സ്വീകരിക്കുന്ന അടവ്. ഭരണഘടന ഉറപ്പു നല്‍കുന്ന ന്യൂനപക്ഷ അവകാശം തന്നെയും ഇപ്രകാരം വെല്ലുവിളിക്കപ്പെടുന്നു. ഈ സംരക്ഷണത്തിനു പിന്നിലെ ദര്‍ശനം എന്തെന്നുപോലും അറിയാത്തവര്‍ നമ്മുടെ സമൂഹത്തില്‍ തന്നെ ഇന്നും ധാരാളം. സംവരണം ഭരണഘടനയുടെ ഭാഗമല്ല, പക്ഷേ ന്യൂനപക്ഷാവകാശം ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തത്, ഭാരതത്തിന്‍റെ ബഹുസ്വരത എന്ന അടിസ്ഥാന സ്വഭാവം നിലനിര്‍ത്താനും പരിപോഷിപ്പിക്കാനുംതന്നെ.
സഭയുടെ നിലപാടുകള്‍ ഉയര്‍ന്ന പൊതുബോധവും രാഷ്ട്രീയ അവബോധവും നിറഞ്ഞു നില്‍ക്കുന്നതാണെന്ന് കാലം സാക്ഷ്യപ്പെടുത്തുന്നു. രാഷ്ട്രീയപ്രക്രിയയില്‍ ഓരോ പൗരനും ഓരോ സമൂഹത്തിനും അവരുടെ പ്രത്യേകതകള്‍ക്കനുസൃതം, രാഷ്ട്രഗാത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട ഇടമുണ്ടെന്നും, അതിനാല്‍ തന്നെ രാഷ്ട്രീയത്തിലും ജനാധിപത്യവ്യവസ്ഥയിലും സഭയ്ക്കും നിയതമായ ദൗത്യം നിര്‍വഹിക്കാനുണ്ട് എന്നതാണ് വാസ്തവം. പക്ഷേ, സഭയ്ക്ക് പ്രതികാര രാഷ്ട്രീയത്തിലോ, തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലോ ഇടപെടേണ്ട കാര്യമില്ല. അതു പാര്‍ട്ടികളുടെയും അവരെ പിന്താങ്ങുന്നവരുടെയും കാര്യമാണ്. സഭ എന്നത് ഒരു രാഷ്ട്രീയ പ്രസ്ഥാനമോ, ഏതെങ്കിലും പ്രസ്ഥാനത്തിന്‍റെ പിന്തുണ സമൂഹമോ അല്ല.
ഭരണകൂടങ്ങള്‍ക്ക് ശാശ്വതസ്വഭാവമില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ശാശ്വതമായ വിശ്വാസ പ്രമാണങ്ങളില്ല. സഭയ്ക്ക് ധാര്‍മ്മികതയിലും ക്രിസ്തുവില്‍ ഉറപ്പിച്ചിട്ടുള്ളതുമായ ഒരു വലിയ വിശ്വാസ സംഹിതയെ സംരക്ഷിക്കേണ്ടതുണ്ട്. ആ വിശ്വാസ സംഹിതയുടെ തുടര്‍ച്ചയാണ് സഭയുടെ ചരിത്രത്തിലെ സമസ്ത ഇടപെടലുകളും നിര്‍ണ്ണയിക്കുന്നത്. സഭയുടെ ഇടപെടലുകളുടെ പിന്നിലുള്ള ആശയസംഹിതകളെല്ലാം ക്രിസ്തീയവിശ്വാസത്തിന്‍റേത് മാത്രമാണ്. ചരിത്രത്തെ സുവിശേഷവത്ക്കരിക്കുക സഭയുടെ അടിസ്ഥാന ദൗത്യമാണ്. സുവിശേഷവല്‍ക്കരണം മത പരിവര്‍ത്തനമല്ല.
ജനാധിപത്യത്തില്‍ രാഷ്ട്രീയപാര്‍ട്ടികളും അവരുടെ താല്പര്യങ്ങളും എപ്പോഴും നിര്‍ണ്ണായകമാണ്. ഇക്കൂട്ടര്‍ ഇല്ലാത്ത ജനാധിപത്യസംവിധാനത്തെപ്പറ്റി നമുക്ക് ചിന്തിക്കാനുമാവില്ല! അതേ സമയം ജനനന്മയ്ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ടു വയ്ക്കാറുള്ള വാഗ്ദാനങ്ങള്‍ പലപ്പോഴും വെറും അലങ്കാരപ്രയോഗം മാത്രമാണ് എന്നതാണ് സാധാരണ അനുഭവം. ഇവര്‍ക്കിടയില്‍ ഐക്യം ഇല്ലാത്തത് എന്തുകൊണ്ട് എന്നന്വേഷിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാകുന്നു. ഐക്യപ്പെടുത്തുന്ന പ്രത്യയശാസ്ത്രങ്ങളോ ജനനന്മയ്ക്കുവേണ്ടിയുള്ള നിസ്വാര്‍ത്ഥ പ്രവര്‍ത്തനമോ അല്ല അവയുടെ അടിസ്ഥാനം, അധികാരമോഹം/ഭോഗം മാത്രമാണ് എന്നതാണ്. അങ്ങനെയുള്ള ഒരു വ്യവസ്ഥിതി സഭയ്ക്ക് അംഗീകരിക്കാനാവാത്തതാണ്. ഒത്തുതീര്‍പ്പിന്‍റെയും കുതിരക്കച്ചവടത്തിന്‍റെയും ഒരു ലോകത്തില്‍ ശാശ്വതമൂല്യങ്ങളെ ഉയര്‍ത്തിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. പക്ഷേ സഭയ്ക്ക് പരമവും പ്രധാനവുമായ ഈ ദൗത്യത്തില്‍ നിന്ന് ഒഴിയാനുമാവില്ല.
രാഷ്ട്രീയബോധം സഭയ്ക്ക് ഉണ്ടായിരിക്കേണ്ടതാണ്; ഉണ്ടുതാനും. അതൊരിക്കലും കക്ഷി രാഷ്ട്രീയമാവുക സാധ്യമല്ല. രാഷ്ട്രീയകക്ഷിതാത്പര്യങ്ങള്‍ക്കനുസൃതം നിലപാടുകള്‍ എടുക്കുകയല്ല സഭ ചെയ്യുന്നത്. മനുഷ്യന്‍റെ അന്തസ്സ്, സകല മനുഷ്യരുടെയും നന്മ ഇവ മുന്‍നിര്‍ത്തി മാത്രമേ സഭയ്ക്ക് രാഷ്ട്രീയ ഇടപെടലുകള്‍ സാധിക്കുകയുള്ളു. രാഷ്ട്രീയത്തില്‍ ഇപ്പോഴുള്ള വ്യവസ്ഥിതിക്കെതിരായി ഒരു ബദല്‍ സംസ്കാരം രൂപപ്പെടുത്തുക എന്നുള്ളതാണ് ഏറ്റവും ആശാസ്യമായത്.
ഇതുതന്നെയാണ് പാപ്പാ "ഫ്രത്തേല്ലിതൂത്തി"യുടെ അഞ്ചാം അദ്ധ്യായത്തില്‍ മുന്നോട്ടു വയ്ക്കുന്ന ആശയവും. ഭാരതത്തിന്‍റെ പ്രത്യേക മത-സാംസ്കാരിക-സാമുദായിക പശ്ചാത്തലത്തില്‍ നമുക്കേറ്റവും കരണീയമായ മാതൃക ഗാന്ധിയന്‍ മാതൃക തന്നെയാണ്. പക്ഷേ സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഗാന്ധിയന്‍ രാഷ്ട്രീയശൈലി ക്രമേണ തിരസ്ക്കരിക്കപ്പെട്ടു. ഇന്ന് പക്ഷേ വീണ്ടും ഗാന്ധിയെപ്പറ്റി ലോകം സംസാരിച്ചു തുടങ്ങിയിരിക്കുന്നു. ഗാന്ധിജിയുടെ നേതൃത്വമാതൃകയായ "സെര്‍വന്‍റ് ലീഡര്‍ഷിപ്പ്", രാഷ്ട്രീയ ഇടപെടലുകള്‍ തുടങ്ങി എല്ലാത്തിലും പ്രചോദനം ക്രിസ്തുവായിരുന്നു.
മാര്‍പാപ്പായുടെ പല പരാമര്‍ശങ്ങളും ചേര്‍ത്തു വായിക്കുമ്പോള്‍ നാം കാണുന്നത് സഭയുടെ രാഷ്ട്രീയ ദര്‍ശനം ഗാന്ധിയന്‍ ദര്‍ശനമായിരിക്കണമെന്നതാണ്. ആത്മാര്‍ത്ഥതയോടെ പൊതുനന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരെയാണ് ലോകത്തിനാവശ്യം എന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പാപ്പാ പ്രഖ്യാപിക്കുന്നുമുണ്ട്. സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങള്‍ക്ക് സ്വീകാര്യത കല്പിക്കാത്ത, അപരനെ ബഹുമാനത്തോടെ കാണാന്‍ ശ്രമിക്കാത്ത, സഭയെ ആസൂത്രിതമായി ആക്രമിക്കുന്ന, മുദ്രകുത്തുന്ന പൊതുനിലപാടുകള്‍ നമ്മെ പലപ്പോഴും നിശ്ശബ്ദരാകാന്‍ പ്രേരിപ്പിക്കുന്നു. രാഷ്ട്രീയ വ്യവഹാരത്തില്‍ നടക്കുന്ന അര്‍ത്ഥശൂന്യവും ഉപരിപ്ലവുമായ കുറ്റാരോപണങ്ങള്‍, വിവാദങ്ങളുയര്‍ത്തല്‍ തുടങ്ങിയ പരിപാടികള്‍ സഭയുടെ ശൈലിയല്ല എന്നു മാത്രമല്ല ഇതില്‍ നിന്ന് സഭ ധ്രുവങ്ങളുടെ അകലം പാലിക്കുന്നു താനും.
ഓരോ കാലഘട്ടത്തിലും സഭ എടുക്കുന്ന ശക്തമായ നിലപാടുകള്‍, തെറ്റിദ്ധരിക്കപ്പെടുന്നതിനും, ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്നതിനും കാരണമാകുന്നു. എതിരാളികളും, മിത്രങ്ങള്‍ എന്നു ഭാവിക്കുന്നവരും, സഭയെ ആക്രമണത്തിന് വിധേയപ്പെടുത്തുന്നത് നിത്യസംഭവമാകുന്നു. മാന്യതയില്ലാത്ത പ്രതികരണങ്ങള്‍ ക്രൈസ്തവ ശൈലി അല്ലാത്തതുകൊണ്ട് "സഭ പ്രതികരിക്കില്ല" എന്ന ആക്ഷേപം നാം നിരന്തരം നേരിടുന്നു. സാമ്പത്തികസംവരണം അനുവദിച്ച സര്‍ക്കാര്‍ നിലപാടിനെ അഭിനന്ദിച്ചാല്‍ സഭയുടെ ബിജെപി ചായ്വ് അനാവൃതമായി എന്ന് ആരോപണം! ആദിവാസിക്ഷേമത്തെക്കുറിച്ചോ ആനുകൂല്യങ്ങളെക്കുറിച്ചോ സംസാരിച്ചാല്‍ സഭ മാവോയിസ്റ്റാകുന്നു! പാവങ്ങള്‍ക്ക് വേണ്ടി സംസാരിച്ചാല്‍ സഭ കമ്മ്യൂണിസ്റ്റായി! പണ്ടുമുതലേ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോട് മാറ്റമില്ലാത്ത പക്ഷംചേരല്‍ എന്നും നടത്തിയത് സഭ മാത്രമല്ലേ? എല്ലാവര്‍ക്കും ഇടം കൊടുക്കുക എന്നതാണല്ലോ എല്ലാക്കാലവും സഭ പിന്തുടര്‍ന്ന നിലപാട്. സഭയുടെ സ്ഥിരതയുള്ള കാഴ്ചപ്പാടുകളും നിലപാടുകളും ഏതൊരു മാറുന്ന കാലഘട്ടത്തെയും അതിന്‍റെ സമഗ്രതയില്‍ ഉള്‍ക്കൊള്ളുവാന്‍ അവളെ പ്രാപ്തയാക്കി. ശരിയായ മൂല്യങ്ങളെ മുറുകെപ്പിടിക്കുന്ന കാര്യത്തില്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനവും സഭയോടു കിടപിടിക്കില്ല എന്നത് തെളിയിക്കപ്പെട്ട ചരിത്രസത്യം. അഴിമതിയോടും കാപട്യത്തോടും സന്ധിയില്ലാത്ത നിലപാടുകള്‍ സ്വീകരിച്ചാണ് സഭ ലോകത്തില്‍ തീര്‍ത്ഥാടനം ചെയ്യുന്നത്. പ്രബലശക്തികളും സ്ഥാപിത താല്പര്യക്കാരും സഭാവിരുദ്ധത പ്രഘോഷിക്കുന്നത് കേട്ടില്ല എന്ന് വയ്ക്കാനാവുന്നില്ല.
"ഫ്രത്തേല്ലിതൂത്തി"യില്‍ പാപ്പാ പറയുന്ന കാര്യങ്ങളൊക്കെ ചരിത്രാതീതകാലം മുതല്‍ സഭ പുലര്‍ത്തിപ്പോന്ന മാറ്റമില്ലാത്ത നിലപാടുകള്‍ തന്നെയാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ മുന്‍പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത പ്രതിസന്ധികളിലൂടെ ലോകം കടന്നുപോകുന്ന അവസരത്തില്‍ പാപ്പാ വിമര്‍ശനബുദ്ധിയോടെ ഭാവാത്മകമായി കാര്യങ്ങള്‍ വിലയിരുത്തുന്നു. അപരനിലേക്ക് തിരിഞ്ഞിരിക്കുന്ന ഒരു ഹൃദയവുമായി, ദീര്‍ഘവീക്ഷണമുള്ള, ആരോഗ്യകരവും മൂല്യാധിഷ്ഠിതവുമായ, സത്യത്തോട് പ്രതിബദ്ധതയുള്ള ഒരു രാഷ്ട്രീയ പ്രവര്‍ത്തനശൈലി ഉടലെടുക്കണം. കരിമേഘങ്ങള്‍ നിഴല്‍ വീഴ്ത്തുന്ന ഈ അടഞ്ഞലോകത്തില്‍ പ്രകാശം പരത്താന്‍ ഇതാവശ്യമാണെന്നും, പുതിയ രാഷ്ട്രീയ അവബോധങ്ങളിലേയ്ക്ക് വളരാനും ഉണരാനും പാപ്പാ ആഹ്വാനം ചെയ്യുന്നു. ഒരു നിരന്തര പഠന പ്രക്രിയയുടെ ഭാഗമായി പക്വതയുള്ള പ്രതികരണശൈലി സഭ രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. ചരിത്രം തന്നെ വികലമായി തിരുത്തപ്പെടുന്ന ഇക്കാലത്ത് നമ്മുടെ ജാഗ്രതക്കുറവിന് വലിയ വില കൊടുക്കേണ്ടി വരും. പ്രവാചകതുല്യമായ ഓര്‍മ്മപ്പെടുത്തലുകള്‍ യഥാകാലം ദൈവാത്മാവ് നല്കുമ്പോള്‍ സ്വീകരിക്കാന്‍ നാം വൈമുഖ്യം കാണിച്ചാല്‍ നമ്മിലെ ക്രൈസ്തവസ്വത്വം തന്നെ ദുര്‍ബ്ബലമാകും!
ഡോ. രേഖാ മാത്യൂസ് (സീറോ മലബാര്‍ സഭാ വക്താവ്)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26