കീവ്: ഉക്രേനിയന്‍ നഗരങ്ങളെ വലയം ചെയ്താക്രമിക്കുന്ന റഷ്യന്‍ അധിനിവേശ സേനയില്‍ നിന്ന് പൗരന്മാരെ രക്ഷപ്പെടുത്തി ഒഴിപ്പിക്കാന്‍ മാനുഷിക ഇടനാഴിക്ക് ഉക്രെയ്‌നും റഷ്യയും സമ്മതം നല്‍കി. യുദ്ധത്തിനു വിരാമം കുറിക്കാന്‍ നടന്ന രണ്ടാം വട്ട ചര്‍ച്ചയിലാണ് ഇതിനു പരസ്പര ധാരണയായത്.യുദ്ധ ഭൂമിയില്‍ കുരുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പ്രതീക്ഷ പകരുന്നതാണ് മാനുഷിക ഇടനാഴി.
'രണ്ടാം റൗണ്ട് ചര്‍ച്ചകള്‍ അവസാനിച്ചു. നിര്‍ഭാഗ്യവശാല്‍, ഉക്രെയ്നിന് ഗുണകരമായ ഫലങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല,' ഉക്രേനിയന്‍ പ്രസിഡന്‍ഷ്യല്‍ ഉപദേഷ്ടാവ് മൈഖൈലോ പൊഡോലിയാക് ട്വിറ്ററില്‍ പറഞ്ഞു. വെടിനിര്‍ത്തലും മാനുഷിക ഇടനാഴിയും വേണമെന്ന് റഷ്യന്‍ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ ഉക്രെയ്ന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും വെടിനിര്‍ത്തല്‍ തീരുമാനമുണ്ടായില്ല.മാനുഷിക ഇടനാഴി യാഥാര്‍ത്ഥ്യമാക്കാന്‍ ഇരുപക്ഷവും സമ്മതിച്ചതായി റഷ്യ സ്ഥിരീകരിച്ചു.'സൈനിക ഏറ്റുമുട്ടലുകളുടെ മേഖലയിലുള്ള ആളുകളെയും സാധാരണക്കാരെയും രക്ഷിക്കുക എന്നതായിരുന്നു ഞങ്ങള്‍ ഇന്ന് തീരുമാനിച്ച പ്രധാന കാര്യം,' റഷ്യയുടെ ഭാഗത്തുനിന്ന ചര്‍ച്ച നയിച്ച മുന്‍ സാംസ്‌കാരിക മന്ത്രിയുമായ വ്ളാഡിമിര്‍ മെഡിന്‍സ്‌കി പറഞ്ഞു.
'സൈനിക നടപടികള്‍ തുടരുകയാണെങ്കില്‍, ഈ മനുഷ്യത്വപരമായ ഇടനാഴികള്‍ ഉപയോഗിക്കാന്‍ സാധാരണക്കാരോട് റഷ്യ ആഹ്വാനം ചെയ്യുന്നു,'- മെഡിന്‍സ്‌കി പറഞ്ഞു. ഇതിനുള്ള കരാറുകള്‍ ഉടന്‍ നടപ്പിലാക്കുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത റഷ്യന്‍ ദേശീയ നിയമ നിര്‍മ്മാതാവ് ലിയോനിഡ് സ്ലട്ട്‌സ്‌കി പറഞ്ഞു.റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തിന്റെ എട്ടാം ദിവസമാണ് പോളണ്ട്-ബെലാറസ് അതിര്‍ത്തിയില്‍ റഷ്യന്‍-ഉക്രേനിയന്‍ പ്രതിനിധി ചര്‍ച്ച നടന്നത്.ആദ്യ ചര്‍ച്ച വിഫലമായിരുന്നു.
ആക്രമണം അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ക്കു തയാറാണെന്നും എന്നാല്‍ ഉക്രെയ്‌ന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കാനുള്ള ശ്രമം തുടരുമെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് നേരത്തെ അറിയിച്ചിരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ റഷ്യന്‍ പ്രതിനിധി സംഘം ഈ ആഴ്ച ആദ്യം ഉക്രെയ്ന്‍ സംഘത്തിനു സമര്‍പ്പിച്ചുവെന്നും ചര്‍ച്ചകളില്‍ പ്രതികരണത്തിനായി കാക്കുകയാണെന്നും ലാവ്‌റോവ് പറഞ്ഞിരുന്നു.പാശ്ചാത്യ രാജ്യങ്ങള്‍ ഉക്രെയ്‌നു തുടര്‍ച്ചയായി ആയുധം നല്‍കുകയും സൈനികരെ പരിശീലിപ്പിക്കുകയും റഷ്യയ്‌ക്കെതിരായ ഒരു കോട്ടയായി മാറ്റാന്‍ അവിടെ താവളങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.